Saturday, July 11, 2009

പുത്രശോകം

 പുത്രശോകം

മാവേലിനാടിനു കീര്‍ത്തനംപാടുവാന്‍
മാലോകരാകെയുണര്‍ന്നു.
മാബലിമന്നന് മംഗളമോതുവാന്‍
മലയാളിമങ്കമാരണിചേര്‍ന്നു.

തിരുവോണപ്പാട്ടിന്റെ താളത്തില്‍തന്വിമാര്‍
നര്‍ത്തനമാടിത്തളര്‍ന്നു.
ഒത്തൊരുമിച്ചവരോണമുണ്ണാനായി-
ട്ടത്തംനാള്‍ തൊട്ടേയൊരുങ്ങി.

പുത്തരിച്ചോറു വിളമ്പിവച്ചാരമ്മ
പുത്രനെത്തേടി നടന്നു
അത്തറവാടിന്റെയേകനാമാണ്‍തരി
യെത്രെയോ കാതമകലെ
(മന്നിലെത്തുമോയിങ്ങിനി മേലില്‍ ?)

കോലത്തുനാടിന്റെ വീര കഥയിലെ
പുള്ളുവന്‍ തന്‍ തേങ്ങലായോ ?
മലനാട്ടിലങ്കം നയിച്ചൊരു കക്ഷികള്‍-
ക്കുന്മാദമേകും കഥയോ ‌?

രക്തസാക്ഷികള്‍ക്കായിപ്പരതുന്ന
രക്തപിപാസുക്കള്‍ തേടും
വ്യര്‍ത്ഥ‍രാമോരോ രണധീരരായവര്‍
നിത്യവും വാര്‍ത്തയായ്‌ തീരും.

ഓര്‍ക്കുകിലെത്ര കഠോരമീയമ്മ തന്‍
പുത്രശോകത്തിന്‍ തമസ്സ് !
എത്ര നാള്‍ ഗംഗയില്‍ മുങ്ങിക്കുളിച്ചാലീ
      ദുഷ്ടര്‍ തന്‍ പാപങ്ങള്‍ തീരും !

No comments: