Friday, September 21, 2012

ഞാറ്റു പാട്ട്

Farmer working on his water wheel

ഞാറ്റു പാട്ട് 

ചിങ്ങത്തില്‍ കൊയ്യേണം

പത്തായം നിറയേണം 

പൊന്നോണസദ്യയൊരുക്കാന്‍ 

പുന്നെല്ലിന്നരിവേണം.    


  കന്നിയിലെ പൊന്‍വെയിലില്‍

വിത്തിന്നായലയേണം

വിത്തുഗുണം പത്തുഗുണം

നന്നായിട്ടോര്‍ക്കേണം  .


തുലാമായാല്‍ തുലോം നന്ന്

വിത്തിടാനൊരു കാലം.

വിത്തിട്ടൂ, ഞാറ്റടിതന്നില്‍

വിത്തെന്താ?തവളക്കണ്ണന്‍.


തവള കരഞ്ഞു, മഴപെയ്തു

തവളക്കണ്ണന്‍ ഞാറായി.

     ഞാറു പറിച്ചു നടുന്നതിനായ് 

 കന്നുപൂട്ടി,നിലമൊരുക്കി.  


            കാര്‍ത്തികനാളെത്തും മുന്നേ            

വൃശ്ചികക്കാറ്റും വന്നു.  

ചേറില്‍പൂകി തളിരിടാന്‍   

ഞാറിന്‍തൈകള്‍ക്കാവേശം.  


ഞാറ്റുപാട്ടിന്‍ താളവുമായ്

കാറ്റ് വന്നു വിളിച്ചപ്പോള്‍

ഏറ്റുപാടി ചെറുമികളും

കൂട്ടിനെത്തി,കൊറ്റികളും. 


ധനുമാസക്കുളിരും ചൂടി 

തിരുവാതിര നാളിങ്ങെത്തി

നെല്‍ചെടികള്‍പുളകിതരായ്

കൈകൊട്ടി കളിയാടീടും.


മകരത്തില്‍ നെല്‍ചെടികള്‍

പുഷ്പിതരായ്, കന്യകളും.

കുംഭത്തില്‍ കതിരെല്ലാം

കനിയായിത്തീര്‍ന്നല്ലോ .


മീനത്തില്‍ കൊയ്യാനായ്

പാകത്തില്‍ വിളവായല്ലോ.

പൊലിയെ,പൊലി നെല്ല് 

കളത്തില്‍,കൂമ്പാരം കൂട്ടീടുന്നു.


മേടത്തില്‍ വിഷുവന്നാല്‍

കണികാണാന്‍ കൊന്നപ്പൂ 

കൊന്നപ്പൂ തേടിയിറങ്ങും

കന്യകളെ കാണുന്നില്ലേ ? 


വിത്തെറിയാന്‍ കാലംനന്ന്,

വിഷുപ്പക്ഷി പാടുന്നല്ലോ?

വിത്തിട്ടു,വിളകൊയ്തീടാന്‍

      എത്തീടാം വയലുകള്‍ തേടി.


 ഇടവപ്പാതി-മിഥുനം ചേര്‍ന്നാല്‍   

ഇടിവെട്ടി മഴ പെയ്തീടും  

കര്‍ക്കിടകം പെരുമഴയോടെ

പിന്നാലെ പാഞ്ഞെത്തീടും . 


കർക്കിടകം പെയ്തൊഴിയുമ്പോൾ 

നെൽക്കതിരും കൊയ്യാറാകും 

നന്മതൻ നെന്മണികൾ   

നല്ലോണം കൊയ്തീടാമേ... 


വീണ്ടും നല്ലോണക്കാലം

തേടുന്നൊരു മലയാളിക്ക്

നേരുന്നു നന്മകള്‍ മാത്രം

                    ഞാനിനിയും വിട,പറയട്ടെ. ...          


   

 

   

No comments: