Thursday, October 11, 2012

ഉപദേശികള്‍

      
ഒരൊറ്റ മരവും സ്വന്തം തൊടിയില്‍
നട്ടു,നന്യ്ക്കാത്തോര്‍,
മുറയ്ക്ക് നമ്മോടുപദേശിക്കും
മരങ്ങള്‍ നട്ടീടാന്‍.

മൂക്കിന്നറ്റം മദ്യം കേറ്റി
അറുമാദിപ്പോരും
മദ്യനിരോധന സംഘത്തിന്റെ 
സഹയാത്രികരാകും.

തെരുവുകള്‍ തോറും "ശുചിത്വകേരള
സന്ദേശം" നല്‍കും.
വിചിത്ര ജീവികള്‍ മലയാളികള്‍
ചെയ്യുവതെന്തെന്നോ?           

സ്വന്തം വീട്ടിലെ  മാലിന്യങ്ങള്‍
ചാക്കില്‍ കെട്ടീടും
ഇരുട്ട് വീണാല്‍ മാലിന്യങ്ങള്‍
നിരത്തിലേക്കെറിയും .

കടുത്ത വേനല്‍,കുടിവെള്ളത്തിനു
നിവൃത്തിയില്ലെന്നായ്
അടിച്ചുമാറ്റും വെള്ളം മുഴുവന്‍
"സ്വിമ്മിംഗ് പൂള"തിനായ്

"കറണ്ടുകട്ടായ്"വീടുകളാകെ
ഇരുട്ടില്‍ മുങ്ങുമ്പോള്‍
വെളിച്ചമാലകള്‍, ഉത്സവമേളകള്‍
തകര്‍ത്തു കൊണ്ടാടും.

ഇടയ്ക്കിടയ്ക്ക് കേള്‍ക്കുന്നിവിടെ
നല്ലൊരു സന്ദേശം.
വളപ്പില്‍ വീഴും മഴവെള്ളത്തെ
പിടിച്ചു നിര്‍ത്തീടാന്‍...     
"മഴക്കുഴികള്‍ തീര്‍ക്കുക നിങ്ങള്‍
മടിച്ചിടാതിവിടെ".

എനിക്കുമുണ്ടൊരു നല്ല സുഹൃത്ത്‌
ആളൊരു ശാസ്ത്രജ്ഞൻ 
പരിസ്ഥിതിക്കൊരു സമിതിയതുണ്ടേ
അതിന്‍ തലപ്പത്തായ്....

ദുഷിക്കയല്ലാ, നോക്കൂ നിങ്ങള്‍
അവരുടെ ഭവനത്തില്‍
ടെറാക്കോട്ട ടൈലുകള്‍" പാകിയ
നടുമുറ്റം കാണാം.
             
"വളപ്പില്‍ വീഴും മഴവെള്ളത്തെ
പിടിച്ചു നിര്‍ത്തീടാന്‍      
മഴക്കുഴികള്‍ തീര്‍ക്കുക" നിങ്ങള്‍
മടിച്ചിടാതിവിടെ.
മടുത്തു,നമ്മള്‍ "ഉപദേശികളുടെ"  
മാതൃക കണ്ടിട്ട്,

ഉദാത്തമാശയം,ഉള്ളൂർ,കവിതയിൽ,
ഉരച്ചതോര്മ്മിക്കൂ... 
''നമുക്ക് നാമേ പണിവതു നാകം
നരകവുമതുപോലെ "" 


No comments: