Monday, October 22, 2012

പച്ച മനുഷ്യരും പച്ച പരമാര്‍ത്ഥങ്ങളും


 പച്ച മനുഷ്യരും പച്ച പരമാര്‍ത്ഥങ്ങളും
ഈയിടെയായി വലിയ കോലാഹലം
ഒരു ടീച്ചറിനോട് പച്ച സാരിയുടുത്തു വരാന്‍ പറഞ്ഞത്രേ ,അവരതനുസരിചില്ലത്രേ ,അതിനു സസ്പെന്‍ഷന്‍ നല്‍കിയത്രെ ,
പത്ര മാധ്യമങ്ങള്‍ ഫോട്ടോ സെഷനോടുകൂടി വാര്‍ത്തകള്‍ക്ക് നിറം പിടിപ്പിച്ചു. ചാനലുകള്‍ അഭിപ്രായ വോട്ടെടുപ്പ്   നടത്തി .എന്ന് വേണ്ട സര്‍വത്ര പുകില് തന്നെ .       
വിഷയം പച്ച .പച്ചയെന്നാല്‍ പച്ചയായ മനുഷ്യനെ കുറിച്ചോ അവന്‍റെ മെച്ചമല്ലാത്ത ജീവിത  സാഹചര്യത്തെ കുറിച്ചോ അല്ല. മറിച്ച്‌  "പച്ചവല്‍കരണം"  എന്ന പുതിയ സിദ്ധാന്തത്തെ കുറിച്ചാണ് പറഞ്ഞു വരുന്നത്.
 "പച്ചയാം വിരിപ്പിട്ട സഹ്യന്‍റെ "മാഹാത്മ്യം, മലയാളിക്ക് മറക്കാനാവുമോ?എന്തിനു പച്ച പനംതത്തയെയും,  പച്ച മാങ്ങാ ,പച്ച മാങ്ങാ, നാട്ടുമാവിലെ മാങ്ങായെയും,പച്ചൈ നിറമേ ,പച്ചൈ നിറമേ എന്നിത്യാദി പാട്ടുകളേയും മലയാളിക്ക് മറക്കാന്‍ പറ്റുമോ ?
ഒരു ട്രാഫിക് സിഗ്നല്‍ ജങ്ക്ഷനില്‍ പച്ച ലൈറ്റ് തെളിയുമ്പോള്‍ നമുക്കുണ്ടാകുന്ന   സന്തോഷം എത്ര വലുതാണ്‌.
പച്ചരി വങ്ങാനല്ലേ സാധാരണ മലയാളി പെടാപ്പാടു പെടുന്നത്. പണ്ട്‌, ഇത്  പച്ചക്കപ്പക്ക് വേണ്ടിയായിരുന്നെന്നും മറക്കരുത് .
ചങ്ങാതീ പച്ച വെള്ളം കുടിക്കാമോ? 
ഓ സോറി,പച്ചരി,പച്ചക്കപ്പ , പച്ച വെള്ളം എന്നിവയില്‍ നമ്മള്‍ ഉദ്ദേശിക്കുന്ന "പച്ചയില്ലല്ലോ?"
ഇപ്പോഴുള്ള പ്രശ്നം പച്ച സാരിയുടുക്കണോ എന്നുള്ളതാണ്? കാരണം പച്ച ഒരു രാഷ്ട്രീയ  പാര്‍ട്ടിയുടെ നിറമാണ് ഹേ?
എങ്കില്‍ പച്ച വേണ്ട ചുവപ്പായിക്കോട്ടേ? ശിവ ശിവ ,നാം എന്താ ഈ കേക്കണേ?ചുവപ്പോ അത് പറ്റില്ല ചുവപ്പ് കണ്ടു  കാളകള്‍ (കൊട്ടേഷന്‍  ഗുണ്ടകള്‍)   ടീച്ചറമ്മയുടെ ,(വീണ്ടും സോറി) ടീച്ചറു കുട്ടിയുടെ, പിന്നാലെ കൂടിയാലോ?
എന്നാപിന്നെ മഞ്ഞയായിക്കോട്ടെന്നു വച്ചാലോ? ഹേ അതും പാടില്ല, കാരണം വെള്ളാപള്ളിയില്‍  ഒന്ന് ചോദിക്കണം, തന്നെയുമല്ല റോമായിലെ പോപ്പ് തിരുമേനിയുടെ കൊടിയിലും മഞ്ഞയുണ്ടെന്നു തോന്നുന്നു    
അത് ശരി, ഇപ്പൊ നിങ്ങടെ മനസിലിരിപ്പ്,പിടി കിട്ടി ഇത് സോണിയാ ഗാന്ധിയുടെ വിദേശ ഹിഡന്‍ അജണ്ടയാ.. ഇത് ഞങ്ങള്‍ സ്വദേശികള്‍ സമ്മതിക്കൂല്ല. ബോലോ .... ,അതുകൊണ്ട് ടീച്ചറു പോയി കാവിയുട്ത്തു വന്നാട്ടെ
 ചുരുക്കി   പറഞ്ഞാല്‍ പച്ച സാരി മാറ്റി വിവസ്ത്രയായി നമ്മുടെ ടീച്ചര്‍ നില്‍ക്കാന്‍ തുടങ്ങിയിട്ട് ശി നേരമായി. ജനങ്ങളുടെ ഏകാഭിപ്രായം ഉരുത്തിരിഞ്ഞു വരാന്‍ ഇനിയും സമയം വേണമെന്നതിനാല്‍ ടീച്ചറുടെ കാര്യം പരമ ദയനീയമെന്നല്ലാതെന്തു  പറയാന്‍ .
ഇല്ലത്തു നിന്നിറങ്ങി ,പക്ഷെ അമ്മാത്ത് ഒട്ടു എത്തിയുമില്ല ,എന്ന അവസ്ഥയില്‍ നിന്ന് പാവം ടീച്ചറെ ഒന്ന് രക്ഷിക്കൂ പ്ളീസ്. 
 ഒടുവില്‍ കിട്ടിയത്
  (അ)ന്യായ  വിധി   
ഇനി മേല്‍ കേരളത്തിന്‍റെ സ്വന്തം കലാരൂപമായ കഥകളിയില്‍ പച്ച വേഷം പാടില്ല ,പച്ചക്ക് പകരം   കത്തി വേഷം മാത്രം മതി.                                    

No comments: