Sunday, November 18, 2012

ലോകനീതി

               
മൂവന്തിനേരത്ത്, മുന്നാഴിപ്പൂകൊണ്ടു
ചേമന്തിപെണ്‍കൊടി മാല കോര്‍ത്തു.
പൂമാലയേന്തി തന്‍ മാരനേയും തേടി
കാവിലെ കോവിലില്‍ കാത്തു നിന്നു.

മാരനണഞ്ഞില്ല,കാത്തു മുഷിഞ്ഞവള്‍ 
കോപ പരവശയായ് മടങ്ങി .  


താന്‍കോര്‍ത്ത മാല്യം ചേമന്തിപെണ്ണിതാ 
താരാപഥത്തിലേക്കാഞ്ഞെറിഞ്ഞു. 
താരാപഥം തന്നില്‍ മിന്നുന്ന മാണിക്യം
താരമോ, ചേമന്തി പെണ്ണിന്‍ പൂവോ ? 
ആകാശ ഗംഗയില്‍ നീരാടാനെത്തിയ
ആതിര ചന്ദിരന്‍ സംശയിപ്പൂ . 

പൂമാല ചൂടുവാനാവേശ,മോഹിതന്‍
പൂന്തിങ്കള്‍ തോണി തുഴഞ്ഞു വന്നു.
താരാപഥത്തിലെ ചേമന്തി പൂക്കളെ
താലോലിച്ചിട്ടു തന്‍ മാറിലേന്തി .
ചന്ദ്രന്‍റെ മാറില്‍കളങ്കമെന്നോതി 

നാംചേമന്തി തന്‍ ദൈന്യമാരറിവൂ..
ചേമന്തി പൂവു കളങ്കമായ് കാണുമീ
ലോകനീതി,ന്യായ,മന്യായമല്ലേ  ?

No comments: