Saturday, January 12, 2013

വീണ്ടും പ്രഭാതം



വിട പറയുന്നുവോ സൂര്യന്‍ ?
വിതുമ്പുന്നനുരാഗിണി സന്ധ്യ,
വിട പറയുകയല്ല,നാളെ,ഞാന്‍ 
ഇനിയും വരുമെന്ന് സൂര്യന്‍.

അര്‍ക്കന്‍ മറഞ്ഞതിന്നാലസ്യ-
മാര്‍ന്നിരുളിന്‍ മറക്കുള്ളിലന്നു  
മയങ്ങാന്‍ കിടന്നൊരു സന്ധ്യ ,
മധുരമാം സ്വപ്നത്തില്‍ വീണു .

സാന്ധ്യരാഗം നിറയും മാനത്തു 
ചന്ദനപ്പൊട്ടിട്ട്,സുന്ദര മോഹന-
ചന്ദ്രന്‍, മാടി വിളിച്ചവന്‍, കൈ 
തന്നു,തന്നെ മാനത്തു മെല്ലെ കരേറ്റി .

ഇരുളു കനക്കുന്നതറിയതെ,സന്ധ്യ 
ചന്ദ്രനുമൊത്തു കഴിഞ്ഞു .
സന്ധ്യ തന്‍ നെറ്റിയില്‍ നിന്നും 
സിന്ധൂരരേണുക്കള്‍ പാറി .

പാടെ മയങ്ങിയ,തന്റെ പവിത്രമാം
മാനം കവര്‍ന്നുവോ ചന്ദ്രന്‍ ?
ഭീതിയോടോടി മറഞ്ഞു, സന്ധ്യ.   
ഭീരുവാം ചന്ദ്രനുംനിഷ്ക്രമിച്ചൂ .  

പ്രഭാമയന്‍ സൂര്യന്‍ മടങ്ങിയെത്തി 
പ്രഭാതം പൊട്ടിവിരിഞ്ഞു വീണ്ടും . 

No comments: