Tuesday, January 8, 2013

വെറുതേ







ഒരിക്കല്‍, ഒരു സുപ്രഭാതത്തില്‍  
അനന്തമാം വിഹായസിലേക്ക് 
നിരങ്കുശ സ്വതന്ത്രയായി,
ഏകയായി, ചിറകുവീശി 
താഴെയുള്ള ലോകമെങ്ങു?    
താരകള്‍ക്കും മീതെയാണ്   
താനിതെന്നഹങ്കരിച്ചു, 
കൂട്ടം തെറ്റി,പറന്നകന്നു,
പറന്നുയര്‍ന്നു ഒരു താന്തോന്നി 
കുഞ്ഞുപക്ഷി.

ഉയരങ്ങളിലേക്കുയരും തോറും 
വര്‍ദ്ധിതമായ ആവേശം നല്‍കിയ   .
ശക്തി,സംഭരിച്ചു, അഭിമാന 
പുളകിതയായി,ഉറച്ച മനസ്സുമായി  
കൂടുതല്‍ കൂടുതല്‍ ഉയരത്തിലേക്ക് 
അവള്‍ ചിറകുവീശി പറന്നുയര്‍ന്നു.
എന്നാല്‍ അചിരേണ,  
കഠിനമായ സൂര്യാഘാതമേറ്റ് 
അവള്‍ തളരാന്‍ തുടങ്ങി. 


നേരമേറെ പറന്നു കഴിഞ്ഞപ്പോള്‍  
ഈ പറക്കല്‍ അവള്‍ക്കു മടുത്തു. 
ഏകാന്തതയെ അവള്‍ വെറുത്തു.
കൂട്ടിനായി തനിക്കു ചുറ്റും നോക്കി.
അവള്‍ അത്യുന്നതങ്ങളിലായിരുന്നു .
മറ്റുള്ളവര്‍ക്ക് എത്തിപ്പെടാന്‍ 
പറ്റാത്ത വിധം, വളരെ വളരെ 
ഉയരത്തില്‍... .


അവളുടെ ചിറകുകള്‍ തളര്‍ന്നു.
അവള്‍ താഴേക്കു നോക്കി. 
അവശയായ,ചിറകുകള്‍ കരിഞ്ഞ 
താന്‍ താഴേക്കു, കുഴഞ്ഞു വീണു 
പോകുമോയെന്ന്, ചകിതയായ 
ആ കിഷോരി ഭയന്നു വിറച്ചു.  


താഴെ, ഭീതിയുളവാക്കുന്നതും    
അഗാധവുമായ താഴ്വാര 
ഗര്‍ത്തങ്ങളിലേക്ക്‌ തല കുത്തനെ 
താന്‍ നിപതിക്കുമെന്നവള്‍ ഭയന്നു. 

താങ്ങാകാന്‍, തണലേകാന്‍  
ഒരു ചെറുചില്ലയെങ്കിലും 
കിട്ടിയിരുന്നെങ്കില്‍' 
കിട്ടിയിരുന്നെങ്കില്‍' 
ആ പക്ഷി വെറുതെ മോഹിച്ചു.   


ആ പക്ഷിയുടെ മോഹം 
വെറുതെയാകാതിരുന്നെങ്കില്‍   
വെറുതെയാകാതിരുന്നെങ്കില്‍ 
എന്ന് നമുക്കും 
വെറുതേ മോഹിക്കാം .  

No comments: