Friday, February 8, 2013

മഴയും പുഴയും

മഴ
പുഴയുടെ
പ്രിയ കാമുകന്‍. 
മഴയൊഴുകി.
പുഴയുടെ പുളിനങ്ങളിലൂടെ,
പുഴയിലേക്ക്,
നീര്ചാലുകളായി ഒഴുകിയിറങ്ങി.
പുഴയും മഴയും ഇഴുകിച്ചേര്‍ന്നു.
ഒരു പരിരംഭണത്തിന്‍റെ നിര്‍വൃതിയില്‍,
ഒരു ആലിംഗനത്തിന്‍റെ  ആലസ്യത്തില്‍
അവര്‍ ഒന്നായി .
പരസ്പര പൂരകങ്ങളായി,
ഒരിക്കലും വേര്‍പിരിയാതെ
പുഴയില്‍ ലയിച്ചു ചേര്‍ന്ന്
ഒരുമനസ്സോടെ, ഒരു വപുസ്സോടെ
മഴയും പുഴയും  ഇണ ചേര്‍ന്നൊഴുകി .


മഴയും പുഴയും സംഗമിക്കുന്നത് കണ്ട്
പുഴയുടെ പുളിനങ്ങള്‍ പുളകിതരായി .
തീരം താരും തളിരുമണിഞ്ഞു.
പുഴ ഒഴുകും തീരങ്ങളില്‍ 
ആനന്ദം തിരതല്ലി.

കുറച്ചു കാലം പുഴ ഇങ്ങനെ അലസമായി ഒഴുകി.
അപ്പോഴാണ്‌ പുഴയുടെ ശത്രുവായി
സൂര്യന്‍ എത്തിയത് .
അസൂയാലുവായ സൂര്യന്‍
പുഴയെ നശിപ്പിക്കാന്‍ ശ്രമം തുടങ്ങി.
പുഴയോരങ്ങളിലുള്ള പൂങ്കാവനങ്ങള്‍
സൂര്യന്‍റെ കോപത്തിനിരയായി .
അവയെല്ലാം ഉണങ്ങി കരിഞ്ഞു പോയി.
തന്‍റെ കൂട്ടുകാരുടെ  ദയനീയ ദൃശ്യം
പുഴയെ ശോക മൂകയാക്കി .
പുഴ ശോഷിച്ചു തുടങ്ങി.
പുഴ  വറ്റി വരണ്ടു നശിക്കുമെന്നായപ്പോള്‍  ,
രക്ഷക്കായി കടലമ്മയെ വിളിച്ചു കേണു..
കടലമ്മ കനിഞ്ഞു .
പുഴക്കഭയം നല്‍കി ,
പുഴ കടലിലേക്ക്  ഒഴുകിയെത്തി
പക്ഷെ
സൂര്യന്‍റെ കോപം ശമിച്ചില്ല.   


സൂര്യന്‍റെ കോപം
ഉഗ്ര താപമായി .
ആഴിയുടെ മാര്‍ത്തട്ടില്‍
തളര്‍ന്നുറങ്ങുന്ന പുഴയുടെ ദുഃഖം
കണ്ണീര്‍ ബാഷ്പമായി.
സ്വാന്തനത്തിന്‍റെ തലോടലുമായി
അവിടേക്ക്
കുളിര്‍കാറ്റു വീശി .
കാറ്റിന്‍റെ കൈകളിലേക്ക്  കടലമ്മ
പുഴയുടെ കണ്ണീര്‍ മുത്തുകള്‍
സൂക്ഷിക്കാന്‍ നല്‍കി .
കാറ്റു കണ്ണീര്‍ കണങ്ങളുമായി
ഉയര്‍ന്നു വീശി.
വഴിയില്‍ തടസ്സമായി
ഭീമാകാരനായ മഹാമേരു .

കാറ്റ് പര്‍വതത്തോട്‌ ഏറ്റുമുട്ടി.
കാറ്റു ശക്തി മുഴുവന്‍ സംഭരിച്ചു.
കൊടുങ്കാറ്റായി  ആഞ്ഞു വീശി
പര്‍വതം കുലുങ്ങിയില്ല.
കാറ്റിന്‍റെ കയ്യില്‍ നിന്നും
കടലമ്മ നല്‍കിയ
പുഴയുടെ കണ്ണീര്‍ മുത്തുകള്‍
തട്ടിയെടുക്കാന്‍ ശ്രമിച്ചു
കാറ്റിന്‍റെ കയ്യില്‍ നിന്നും കണ്ണീര്‍ മുത്തുകള്‍ 
ചിതറി തെറിച്ചു .
കണ്ണീര്‍ മുത്തുകള്‍ മഴ തുള്ളികളായി .

താഴേക്കു വീണു.
അവ ,ഒന്നിന് പത്തായി ,നൂറിനു നൂറായി
എണ്ണിയാലൊടുങ്ങാത്ത മണി മുത്തുകളായി 
മണ്ണില്‍ പതിച്ചു
മഴത്തുള്ളികള്‍ വീണ്ടും
കണ്ണീര്‍ ചാലുകളായി
പുഴയിലേക്ക് തന്നെ ഒഴുകിയെത്തി.

അങ്ങനെ മഴയും പുഴയും
വീണ്ടും ഒന്നായി തീര്‍ന്നു
പ്രിയതമന്‍റെ പുന :സമാഗമം
പുഴയ്ക്കു പുതു ജീവന്‍ നല്‍കി
സന്തുഷ്ടമായ പുഴയുടെ തീരവും
വീണ്ടും പുഷ്കലമായി.
മഴയും പുഴയും ഒന്നായി ഒരേമനസ്സോടെ
വീണ്ടും കളകളാരാവത്തോടെ അനര്‍ഗ്ഗളം
ഒഴുകാന്‍ തുടങ്ങി
അവരുടെ പ്രവാഹം
അനുസ്യൂതമായ
കാല പ്രവാഹമായി
ഇന്നും തുടരുന്നു.