Saturday, March 16, 2013

ചിത്തിര പൈങ്കിളി പെണ്ണേ,





ചിത്തിരപൈങ്കിളിപെണ്ണേ,നീയെത്തില്ലേ? 
പൂത്തിരിപുഞ്ചിരിയോലും മനസ്സുമായ്
കാട്ടില്‍ മുഴങ്ങുന്ന കൂ..ഹൂ..വിളിയുമായ്
കാത്തിരിക്കുന്നൂ നിന്നമ്മക്കിളിയിന്നും  

*    *     *    *    *    *     *     *     *   *
"മഞ്ഞുകാലം മരം കോച്ചും തണുവുമായ്..
വന്നുചേര്‍ന്നല്ലോ, ഇളംചൂട് പകര്‍ന്നിടാം... 
എന്നരികില്‍നിന്നു പോവരുതെന്‍, പ്രിയേ
വന്നിരിക്കൂ,കൂട്ടിലൊന്നിച്ചിരുന്നിടാം...
മുട്ടിയുരുമ്മിയിരുന്നെന്നാലീകൂട്ടിലെ
യിത്തിരിചൂടു പകർന്നു ഞാൻ തന്നീടാം... 
കാട്ടിലെമ്പാടും കെണിയുമൊരുക്കിയാ- 
വേട്ടക്കാര്‍ തമ്പടിച്ചിട്ടുണ്ടെന്നറിയുക.  
രാക്ഷസമാനസര്‍ നിന്നെ പിടിച്ചെന്നാല്‍ 
രക്ഷിച്ചിടാനാര്‍ക്കുമാകില്ലെന്നോര്‍ക്കൂ.നീ ..
ശാഠ്യം വെടിഞ്ഞു നീയെൻകുഞ്ഞേയീകൂട്ടിൽ   
ശാന്തമായ് വന്നു ശയിക്കുക,പൈങ്കിളീ". 

ചിത്തിരപൈങ്കിളി, ചിങ്കാരി പൈങ്കിളി, 
ഇത്തിരി കോപമാര്‍ന്നിഥം മൊഴിഞ്ഞത്രേ, 
"നിസ്തുലമാകുമീ കാനനക്കാഴ്ചകൾ 
വിസ്തരിച്ചൊന്നു ഞാന്‍ കണ്ടുമടങ്ങിടാം"
മറുവാക്കുകേട്ടിടാന്‍ കാത്തിരിക്കാതവള്‍ 
വെറുതെയലഷ്യമായ്,മെല്ലെ,പറന്നുപോയ്‌

വന്നില്ല, നേരമിരുട്ടിവെളുത്തിട്ടും 
വര്‍ണക്കിളിക്കുഞ്ഞു,ചിത്തിര പൈങ്കിളി. 
കാനനച്ചോലതന്‍ തീരത്തു കണ്ടുവോ ?
കഴുകന്‍ ചവച്ചിട്ട കിളിതന്നിളം മേനി. 

കണ്ടവരുണ്ടോയെന്‍ ചിത്തിര മുത്തിനെ     
പൈങ്കിളിതന്നമ്മയിന്നും തിരയുന്നു. 
കണ്ടവരുണ്ടോയെന്‍,ചിത്തിര മുത്തിനെ     
പൈങ്കിളിതന്നമ്മയിന്നും കരയുന്നു.

കാട്ടിൽ മുഴങ്ങും കൂ.. ഹൂ... വിളിയുമായ്      
അമ്മക്കിളിയിന്നും തേങ്ങി പറക്കുന്നു.
തെല്ലിട കാതോർത്ത് നിന്നാൽ കേട്ടിടാം 
അല്ലലാർന്നോരാ കിളിയുടെ രോദനം....

Friday, March 15, 2013

അനുരാഗ പൂര്‍ണിമ

തിരുവാതിര നോമ്പും നോറ്റു,
ധനുമാസ കുളിരില്‍ മുങ്ങി,
തനുവാകെ നനഞ്ഞുവരുന്നോ -
രനുരാഗ ചന്ദ്രികപോലെ-
ന്നകതാരില്‍ മിന്നിവിളങ്ങാ- 
നനുരാഗപൂര്‍ണിമയായി,
വരൂ ,നീയെന്‍ പ്രിയകാമിനി, 
മൃദുഭാഷിണി, മഞ്ജുള ഗാത്രി. 

ഒരു നല്ല ഗാനം പാടാന്‍ 
വരൂ,നീയെന്‍ ചേതന തന്നില്‍,  
നിറദീപം പോലെന്‍ ഹൃത്തില്‍ 
നിറയട്ടെ നിന്റെ പ്രകാശം. 
അനുരാഗപൂര്‍ണിമയായി, 
അചിരേണ വന്നെന്‍ മനസ്സില്‍,
കമനീയ ശലഭങ്ങള്‍ പോല്‍ നീ .... 
കവിതകളായ്  നര്‍ത്തനമാടൂ...   

നോക്കിന്‍ കടാക്ഷമലരായ്,നീ 
പൂക്കൂ, മമഭാവന തന്നില്‍ 
നറുമലരിന്‍ നവമുകുളത്താല്‍ 
നിറയുകയായ് മാനസവാടി.
വാക്കിന്‍ പ്രവാഹമായ്,നീ  
ഒഴുകെട്ടെന്‍ തൂലികതന്നില്‍.
വരൂ ,നീയെന്‍ പ്രിയകാമിനി, 
മൃദുഭാഷിണി, മഞ്ജുള ഗാത്രി.

Saturday, March 9, 2013

മാനത്തെ പൂരാഘോഷം



വടക്കും നാഥന്റെയങ്കണം തന്നില്‍ 
പൂരത്തിനാനകളണിയായിനിന്നൂ... 
കണ്ടാലും തൃശൂർ പൂര മാഹാത്മ്യം 
കാഴ്ചയിതെത്ര മനോഹര,മോർക്കൂ... 

കാര്‍മുകിലാനകള്‍ വാനില്‍ നിരന്നൂ.. 
മാനമൊരുപൂരപ്പറമ്പിന്റെ ചേലില്‍... . 
തിടമ്പേറ്റിനില്‍ക്കും ഗജവീരനെപ്പോല്‍ 
കാര്‍മുകില്‍മേലേറി,പാര്‍വണചന്ദ്രന്‍ 
വെള്ളിനക്ഷത്രക്കുരുന്നുകള്‍ നീളെ,
വെഞ്ചാമരം വീശി മിന്നിത്തിളങ്ങി.

പുതുമഴയേറ്റു തളിര്‍ ചൂടി നില്‍ക്കും 
ഇലഞ്ഞി മരക്കൊമ്പു കുമ്പിട്ടുനിന്നൂ.. 
താലപ്പൊലിയുമായ്‌ തരുണീമണികള്‍ 
നാണത്താൽകൂമ്പി നില്പതുപോലെ.. 

വര്‍ണ്ണക്കുടമാറ്റ സൂചന നല്കാൻ ,
സന്ധ്യക്ക്‌മുൻപേ മഴവില്ലുയര്‍ന്നൂ.. 
മാകന്ദശാഖികള്‍ മലര്‍മൊട്ടുചൂടി 
മാനത്തുപൂക്കുട വിരിയിച്ചുനില്പൂ 

ഇലഞ്ഞിത്തറമേള നാന്ദികുറിച്ചൂ 
മാനത്തു ദുന്ദുഭീഘോഷം തുടങ്ങീ .
മിന്നല്‍പിണരുകള്‍ മാനത്തുമിന്നി 
പൂരവെടിക്കെട്ട്‌ നേരത്തെയായോ?

വടക്കുംനാഥന്റെ തിരുമുറ്റംതന്നില്‍ 
പൂരത്തിനാനനിരന്നു വരുമ്പോല്‍ 
കാര്‍മുകില്‍ മെല്ലെ നിരക്കുന്നു വാനില്‍ 
മാനമൊരുപൂരപ്പറമ്പിന്റെ ചേലിൽ . 
കണ്ടാലും തൃശൂർപൂര മാഹാത്മ്യം 
കാഴ്ചയിതെത്ര മനോഹര,മോർക്കൂ...