Saturday, March 9, 2013

മാനത്തെ പൂരാഘോഷം



വടക്കും നാഥന്റെയങ്കണം തന്നില്‍ 
പൂരത്തിനാനകളണിയായിനിന്നൂ... 
കണ്ടാലും തൃശൂർ പൂര മാഹാത്മ്യം 
കാഴ്ചയിതെത്ര മനോഹര,മോർക്കൂ... 

കാര്‍മുകിലാനകള്‍ വാനില്‍ നിരന്നൂ.. 
മാനമൊരുപൂരപ്പറമ്പിന്റെ ചേലില്‍... . 
തിടമ്പേറ്റിനില്‍ക്കും ഗജവീരനെപ്പോല്‍ 
കാര്‍മുകില്‍മേലേറി,പാര്‍വണചന്ദ്രന്‍ 
വെള്ളിനക്ഷത്രക്കുരുന്നുകള്‍ നീളെ,
വെഞ്ചാമരം വീശി മിന്നിത്തിളങ്ങി.

പുതുമഴയേറ്റു തളിര്‍ ചൂടി നില്‍ക്കും 
ഇലഞ്ഞി മരക്കൊമ്പു കുമ്പിട്ടുനിന്നൂ.. 
താലപ്പൊലിയുമായ്‌ തരുണീമണികള്‍ 
നാണത്താൽകൂമ്പി നില്പതുപോലെ.. 

വര്‍ണ്ണക്കുടമാറ്റ സൂചന നല്കാൻ ,
സന്ധ്യക്ക്‌മുൻപേ മഴവില്ലുയര്‍ന്നൂ.. 
മാകന്ദശാഖികള്‍ മലര്‍മൊട്ടുചൂടി 
മാനത്തുപൂക്കുട വിരിയിച്ചുനില്പൂ 

ഇലഞ്ഞിത്തറമേള നാന്ദികുറിച്ചൂ 
മാനത്തു ദുന്ദുഭീഘോഷം തുടങ്ങീ .
മിന്നല്‍പിണരുകള്‍ മാനത്തുമിന്നി 
പൂരവെടിക്കെട്ട്‌ നേരത്തെയായോ?

വടക്കുംനാഥന്റെ തിരുമുറ്റംതന്നില്‍ 
പൂരത്തിനാനനിരന്നു വരുമ്പോല്‍ 
കാര്‍മുകില്‍ മെല്ലെ നിരക്കുന്നു വാനില്‍ 
മാനമൊരുപൂരപ്പറമ്പിന്റെ ചേലിൽ . 
കണ്ടാലും തൃശൂർപൂര മാഹാത്മ്യം 
കാഴ്ചയിതെത്ര മനോഹര,മോർക്കൂ...

No comments: