Monday, April 22, 2013

ഒരു ജീവന്മരണ പോരാട്ടം




ഒരു ജീവന്മരണ പോരാട്ടം



തലപോയ,തെങ്ങൊന്നെൻ
പടിവാതിലിൻ ചാരെ,
പടുവൃദ്ധനെപോലെ
നില്പുണ്ടല്ലോ?.

മരമായ,മരമൊക്കെ,
കൊത്തിനടക്കുന്ന,
കിളിവർഗ്ഗത്തച്ചൻ,
അരിയ മരംകൊത്തി
അവിടേക്കന്നൊരു
ദിനം വന്നണഞ്ഞു .

അരിയ മരംകൊത്തി
ചെറിയോരഹങ്കാരി
മരമൊന്നുകൊത്തി,
മറുപുറം കൊത്തി
മതിയായില്ലവനൊട്ടും
തെരു,തെരെ,യവന-
പ്പോളാഞ്ഞു കൊത്തി.


പകലുകൾ പലതും
 കൊഴിഞ്ഞുവല്ലോ ?
"പോടി"ന്നൊരു രൂപം .
വന്നില്ലെന്നാകിലും
പരിശ്രമിയാമവൻ
പിന്മാറിടുമോ? .

കിളികളിൽ ഗർവിഷ്ടൻ,
തലയിൽ പൂവുള്ളവൻ,
"ചിലുചില,കല പില,
കല,പിലയെന്നു"
ചിലച്ചും കൊണ്ടേയവൻ
പ്രതിദിനവും വന്നാ
പ്പോടിൽ "തച്ചി"രുന്നു.. 
പലനാൾകഴിഞ്ഞപ്പോ-
ളവനാമരത്തിലായ്,
ഒരു,കമനീയമാം
ചെറുപോടു നന്നായ്
തുരന്നെടുത്തു. .

പിന്നെയവനാക്കൂടിൻ 
ചാരുതയാസ്വദിച്ച-
ഭിമാനപൂരിതനായ് വന്നു
നോക്കി നില്ക്കും ..
ചാഞ്ഞും ചരിഞ്ഞും
കൂടിൻറെ ചാരത്തു
നിറയും ഗർവോടവൻ
നോക്കി നില്ക്കും ..

പിന്നീടൊരു നാളവിടെ
ഞാൻ കേട്ടല്ലോ,
മാടത്തക്കിളികൾ
തൻ സംഘഗാനം.

മിഥുനങ്ങളായെത്തി-
യരുമക്കിളിമക്കൾ
തെങ്ങിലെ,പോടിൽ
തൻകൂടൊരുക്കി.

പോടൊരു,കൂടാക്കി
മാറ്റിയെടുത്തവർ,
കൂടിന്റെയുള്ളിൽ
"കുടിവച്ചല്ലോ"

മുട്ടയിട്ടോരവൾ,
പെണ്‍കിളി,തൻ
കൂട്ടിലത്യന്തം ശ്രദ്ധ
യാർന്ന,ടയിരുന്നു.

ചാഞ്ഞമരക്കൊമ്പു,
ചാരത്തുണ്ടതിലന്നു,
കൂട്ടിന്നിണക്കിളി
കാത്തിരുന്നു.

കൂട്ടിലിരിക്കുംതൻ
കൂട്ടുകാരിക്കവൻ
കണ്ണൊന്നു,ചിമ്മാതെ,
കാവലാളായ്‌.

ദിനമേറെക്കഴിയവെ-
യൊരുനാളിൽ,
കൂട്ടിലെ,കിളികളും
കൂട്ടരും കല,പില,
കല പില,യെന്നവരു
ച്ചത്തിൽ,ഭീതിയാൽ 
കഠിനമായുണ്ടാക്കി
മുറവിളികൾ.

പതിവില്ലാതവിടേക്ക-
ന്നെത്തിനോക്കുമ്പോൾ
ഞാൻ ഭീതി,യുണ്ടാക്കു
മാക്കാഴ്ച കണ്ടു.

ദയനീയമെന്നല്ലാതെന്തു
ഞാൻ ചൊല്ലുക,
അവിടെ ഞാൻ കണ്ടൊരു
രംഗങ്ങളെ.

കൂട്ടിലെ മുട്ടകൾ
പ്രാതലായ് ഭക്ഷിക്കാൻ .
ഒരുമഞ്ഞച്ചേരയാ,
കൂട്ടിലെത്തി.

അലറിക്കരഞ്ഞവർ
ചിറകിട്ടടിച്ചു
ചോരനാം ചേരയെ-
പ്പായിച്ചീടാൻ.

കൂട്ടുകാരായെത്തി
കാക്കതൻ വൻപട.
നാട്ടിലെ കിളി-
മക്കളെല്ലാരുമെത്തീ

കാറി വിളിച്ചും,
റാഞ്ചിപ്പറന്നും,
കൂട്ടുചേർന്നന്നവർ
ദുഷ്ടനാം പാമ്പിനെ
കൊത്തിയോടിക്കുന്ന
നൽക്കാഴ്ച്ച കണ്ടു.

നിസ്തുലമായോരാ
നേർ കാഴ്ചയെൻ
ചിത്തത്തെവല്ലാതന്നു
തൊട്ടുണർത്തി

മർത്യർക്കിന്നന്യമാം 
സഹജീവി സ്നേഹവും
ഒരുമയോടുള്ളോരു
ജീവിതചര്യയും
കൊച്ചുകിളിമക്കൾ
കാട്ടിത്തന്നുവല്ലോ?   

ജീവന്റെ ജീവനാം
കുഞ്ഞുങ്ങൾക്കായവർ
ജീവൻ കളഞ്ഞും
പൊരുതി നേടി.


 

No comments: