Wednesday, April 24, 2013

പ്രേമപൂജാരി

Lovers Silence

ആദ്യപ്രണയത്തിൻ ഹൃദ്യമാമോർമ്മകൾ,
നൈവേദ്യമായെൻഹൃദയേ,നിറയുമ്പോൾ,
ഹൃദയേശ്വരീ,നിൻ ശ്രീയാർന്നോരാകാരം
പൂജാരൂപമായെൻ മനസ്സിൽത്തെളിയുന്നു...
കലാലയജീവിതസായാഹ്നനാളിലായ്
കമനീയമാകുമൊ"രോട്ടോഗ്രാഫിൻ"താളിൽ
കവിതതുളുമ്പും കുറിപ്പിൽ നിൻ പ്രേമത്തെ
സഖി,നീയറിയിച്ചകഥയോർത്തിടാറുണ്ടോ?
കാവ്യാല്മകം,പ്രണയലേഖനമെഴുതി ഞാൻ
കാണാതെയാരും,കാണാതെ,തന്നെ നിൻ
കാലടിപ്പാടുകൾ പിന്തുടർന്നെത്തി,നീ
കോവിലിൽപോകും വഴിയിലായ് നില്ക്കവേ,
കോവിലിൽ പോയി  നീ കാത്തുനിന്നില്ലയോ കോപമാർന്നെത്തി,ദേവനെക്കാണാതെ
കൂവളത്തിൻ,ചോട്ടിലന്നു നീ നിന്നപ്പോൾ
കാതരയായൊരാ നിൻ മിഴിപ്പക്ഷികൾ
വേവലാതി,പൂണ്ടിതെന്നെപ്പരതിയോ?
നമ്മുടെ നേർമിഴി തമ്മിലിടഞ്ഞപ്പോൾ,
മിണ്ടാതെ,മൌനമായ്,നീയന്നുചൊല്ലിയ,
പ്രേമ,മധുരമാം വാക്കുകൾ ഞാനിന്നും
ഗായത്രീ മന്ത്രമായ് നിത്യവും ചൊല്ലിടും.

കാലപ്രവാഹത്തിൻ കുത്തൊഴുക്കിൽ
കാണാമറയത്തിതന്യോന്യംകാണാതെ,
ഏതോ,വിജനമാം തീരത്തടിഞ്ഞുനാം ,
നിത്യഹതഭാഗ്യരായ് നമ്മൾമാറിയോ? .
വിസ്തൃതം,പ്രക്ഷുബ്ധം,വിരഹമാം സാഗരം,
നീന്തിക്കരേറിടാനായതില്ലെങ്കിലും
പ്രേമസുരഭിലപുഷ്പങ്ങൾ ചാർത്തി ഞാൻ
പ്രാണേശ്വരീ,നിന്റെ മോഹനരൂപത്തെ
മാനസക്ഷേത്രത്തിലിന്നും പ്രതിഷ്ഠിച്ചു
പൂജിച്ചിടും പ്രേമ,പൂജാരിതാനല്ലോ ?

No comments: