Monday, April 29, 2013

എന്നെ നിങ്ങൾക്കറിയാമോ ?

"എന്നെ നിങ്ങൾക്കറിയുമോ?"
"ഇല്ല,ഞങ്ങൾക്കറിയില്ല".

"കൊള്ളാവുന്ന"ക്ലു"തന്നാൽ ?  
ഞങ്ങളൊന്നു ശ്രമിച്ചീടാം." 

"എന്നാൽ നല്ല "ക്ലു" തരാം  
നിങ്ങളൊന്നു പറഞ്ഞാലും". 

"മാന്യനല്ലൊ,ഞാനൊരു 
മാന്യനാം പാവം പൗരൻ.   
മാന്യതയാർന്നോനെന്നെ 
മാനമില്ലാത്തോനാക്കാൻ 
ഞാനെന്തു തെറ്റു ചെയ്തു,  
നിങ്ങളതൊന്നു ചൊല്ലൂ ? 

ശരിക്കും ഞാൻഹൈന്ദവൻ,
ചിലപ്പോളോ, ക്രിസ്ത്യാനിയും,
ഇസ്ലാമായ് ഞാൻ പലപ്പോഴും  
വേഷം പകർന്നാടുമല്ലോ? 

എനിക്കില്ല, മതദ്വേഷം,
ജാതിചിന്തയശേഷവും,   
ജാതി,മതസമ്മേളനവേദി
കളിൽ,പൂജ്യനാം ഞാൻ ?

പത്രമാധ്യങ്ങളൊക്കെയും
നിത്യവുമെൻവാർത്ത,നല്ല  
പൊടിപ്പും തൊങ്ങലുമായി 
സചിത്രം കൊട്ടിഘോഷിപ്പൂ... 

രാഷ്ട്രമീമാംസകനല്ലഞാൻ 
രാഷ്ട്രീയത്തിന്നുമതീതനാം
എങ്കിലുമെൻ സേവനമീ  
രാഷ്ട്രീയക്കാർക്കനിർവാര്യം.  

വർഗീയ കലാപമുണ്ടാക്കും  
തന്ത്രശാലി ഞാനാണല്ലോ?  
തെരെഞ്ഞെടുപ്പടുത്താലോ  
തെരക്കോടു,തിരക്കത്രേ ?  

പൊലിസേമാൻമാരവർക്കും   
ഭയ,ഭക്തി,ബഹുമാനം   
ഇടയ്‌ക്കൊക്കെയവർക്കുംഞാൻ 
ഗുരുദക്ഷിണയേകുമല്ലോ?     

പ്രതികൾക്കായ് വലവീശി, 
മാനംനോക്കിയിരിക്കുന്നോർ-    
തന്മാനംപോകാതിരിക്കുവാൻ   
ചിലപ്പോൾ ഞാൻ "പ്രതികളെ" 
ഹാജരാക്കി,യേമാന്മാരെ 
സഹായിക്കുന്നതിനാലെ, 
കേസുകളൊന്നുമെന്റെമേൽ 
ചാർത്തിടാതെയൊഴിവാക്കും.

വ്യവസായ പ്രമുഖൻ,ഞാൻ 
"കുടിൽ",വ്യവസായം",തരാതരം   
നോട്ടടിക്കും ബാങ്കാണല്ലോ  
നോട്ടിരട്ടിപ്പിക്കാനും കേമൻ 

ടുറിസം വ്യവസായത്തിൽ 
എന്നെ,വെല്ലാനാരുമില്ല?
നാട്ടിലൊക്കെ റിസോർട്ടുണ്ട് ,
ഡോളർനേടും ഖനികൾ താൻ    
സ്ത്രീപീഡനത്തിൻ കഥകൾ    
മുളപ്പിക്കും,"നർസറികൾ"  
രതിനാടകരംഗങ്ങൾ,ടിവി'
സീരിയൽ,പോലവിരാമം  
നടമാടുന്നവിടെന്നും .

സിനിമാഭ്രമം വല്ലാതെൻ 
സിരകളിൽ പൂക്കുമ്പോൾ 
ഉന്മാദത്തോടപ്പോൾ തന്നെ    
നിർമാതാവിൻകുപ്പായം, 
ഞാണിയാനും മടിക്കില്ല.
ഥയുംതിരക്കഥയും ,
നവാഗതസംവിധാന-
പ്രതിഭയും ഞാൻ തന്നെ   
ഞാൻ പിടിക്കുംപടമെല്ലാം 
ചൂടപ്പംപോൽ ചിലവാകും , 
തിയേറ്ററിൽ കൊടുക്കില്ല   
"സാറ്റലൈറ്റ് റൈറ്റും"വേണ്ട,
സി.ഡി.മാത്രം മതിയത്രെ! 

നായികമാരവരൊക്കെ 
താരറാണികളായി മിന്നി  
അവരിൽ ചിലരിന്നുമെന്റെ    
സുഖകാംഷികളാണല്ലോ? 
ഭാഗ്യഹീനരാം ചിലരൊക്കെ  
രതിസുഖ,രസം വിൽക്കും 
രാത്രിതൻ നായികമാരായ്  
തെരുവോരത്തലയുന്നു.  

നാടനും ഫോറിനുമെന്ന
ഭേദമില്ലാതനവധി  
ബ്രാണ്ടിലുള്ള മദ്യമൊക്കെ 
നാട്ടിലാകെയൊഴുക്കീടും 
മദ്യനിരോധനക്കാർക്കും   
കൈയ്യയച്ചു പണം നല്കും,
മദ്യ,മാഫിയത്തലവൻ,   
ജനത്തിന്നും കണ്ണിലുണ്ണി 

ദീനാനുകമ്പകാട്ടീടാനെനി
ക്കവസരം ലഭ്യമായാൽ  
പാഴാക്കുവാനൊട്ടുമേ ഞാൻ   
സമ്മതിക്കില്ലൊരിക്കലും 
സമൂഹവിവാഹം,പിന്നെ 
സൗജന്യാതുരസേവനം, 
ഇതൊക്കെയെന്നുമെൻ,
ബലഹീനതയാണല്ലോ?

ഭരണം മാറി,വന്നെന്നാലും  
ഭയക്കില്ല ഞാനൊരിക്കലും 
ഭരിക്കുന്നോരവർക്കൊപ്പം
മദിച്ചെന്നും നടക്കും ഞാൻ   

പരിസ്ഥിതി തകർത്താലും 
വരും തലമുറയ്കായെന്നും 
കരുതലുള്ളവനീ ഞാനും ?
കരുതുന്നു "സ്വിസ്സ് ബാങ്കിൽ"    
എന്റെ പിന്ഗാമികൾക്കായി 

ഇത്രയും ഞാൻ ചൊല്ലിയിട്ടും 
എന്നെ നിങ്ങൾക്കറിയില്ലേ? 
നിങ്ങളെപ്പോലെതന്നെയവർ 
സി.ബി.ഐ,ക്കാർപറയുന്നു
പിടികിട്ടുന്നില്ലെന്നവർ  
ആണയിട്ടു പറയുന്നു    
"പിടികിട്ടാപുള്ളിയെന്നും" - 
പരസ്യത്തിൽ പറയുന്നു".  

"ഉന്നതത്തിൽ "പിടി"യുള്ള  -
"പിടികിട്ടാപുള്ളി"യായി
വിലസുന്ന മാന്യനെന്നെ  
അറിയില്ലേ,മാലോകരേ?"   


No comments: