Thursday, May 30, 2013

മലയാണ്മ



മലയാണ്മ  

ചെന്തമിഴ് തായ് മൊഴിയിൽ
നിന്നുണ്ടായചന്തമിയന്നൊരു,
ഭാഷയെൻ മാതൃഭാഷ
മലയാളം.

തുഞ്ചത്തെയാചാര്യനാം 
എഴുത്തച്ഛനാം ,മഹാശയൻ 
പോറ്റിവളർത്തിയ 
ശാരികപ്പൈതലിൻ
തേനൂറും കിളിക്കൊഞ്ചലീ
ഭാഷയെൻ,മാതൃഭാഷയാം
മലയാളം.

കോലത്തിരി രാജൻ തൻ
കൽപനയാലെ ചെറുശ്ശേരി
മൂളിയൊരു കൃഷ്ണഗാഥയാം
പാട്ട്, നല്ല താരാട്ട് പാട്ടായ്
കേട്ടുറങ്ങിയുണർന്നൂ,
ശ്രീയാർന്ന ശിശുവായു-
ല്ലസിച്ചു കളിച്ചൊരു
ഭാഷയെൻ,മാതൃഭാഷ
മലയാളം .

കുഞ്ചന്റെ തുള്ളൽപ്പാട്ടിൻ 
ദ്രുതതാളത്തിനൊത്തു
തുള്ളിക്കളിച്ചു വേഗം
വളർന്നൂ, കുമാരിയായ്
ഭാഷയെൻ,മാതൃഭാഷ
മലയാളം. 

ആശാന്റെ ആശയ
ഗാംഭീര്യമേറും ലീലാ
വിലാസപദാവലി
ചേർന്നൊരു കാവ്യഗീതി
ആശയോടെയവൾ
ചെമ്മേ ഹൃദിസ്ഥമാക്കി
പിന്നെ
ഉള്ളൂരിൻപാണ്ഡിത്യമെഴുന്ന
പദാവലി, ഉള്ളിലാക്കാൻ
മന:പാഠം പഠിച്ചതും, 
വള്ളത്തോൾ ദേശസ്നേഹി,
തൻ തൂലിക,പടവാളായ് രചിച്ച
ദേശ ഭക്തി ഗാനവും പാടിയവൾ
ജാൻസി  റാണിയെപ്പോലെ
ഭാരതനാടിൻ രണധീരയായ്‌
രണാങ്കണം പൂകിയോൾ 
തുടിക്കും മനമോടരാടിയതും
നമുക്ക് മറക്കാൻ കഴിയുമോ? 

ചങ്ങമ്പുഴ, വൈലോപ്പള്ളിയും
നയിച്ചൊരു വിപ്ലവത്തിൻ
മുദ്രാവാക്യവുമുരുവിട്ടു
കാല്പനികത തന്റെ
മാസ്മര ലഹരിയിൽ 
നവയുഗലോകപ്പിറവി
കാണാനുൾപുളകത്തോ-
ടെയവൾ യുവത്വം തുടിക്കും
കരളുറപ്പോടെ തന്നെ 
കാത്തു കാത്തിരുന്നതും 
മറക്കാൻ  കഴിയുമോ  

ബഷീറും,ദേവും,പിന്നെ
എം.ടി.യുമൊക്കെക്കൂടി    
എഴുതിത്തെളിച്ചോരാ-
ത്തനിമയെഴുന്നോരു
പുതു നോവൽ,കഥാ
സാഹിതീശാഖ,
ഭാഷ -ഭാഷാന്തരം ചെയ്തു
വിശ്വഭാഷകൾക്കൊപ്പം  
പടർന്നുപന്തലിച്ചു
വളർന്നതറിയില്ലേ ?

അടൂരും,അരവിന്ദനും
ചങ്ങാതിമാരും ചേർന്നു 
നിർമ്മിച്ചോരഭ്രകാവ്യം
കീർത്തിനേടിയ 

വാക്കുകൾ പിറന്ന 
ഭാഷയെൻ മാതൃഭാഷ 
മലയാളം.

ഭാസ്കരൻ മാഷും പിന്നെ
വയലാർ,ഓയെൻവീയും
സാഹിതീ കടാക്ഷത്താൽ -
ലളിതസുന്ദരമാം,
പദവിന്യാസമെഴും
ഭാവഗാനങ്ങളാൽ 

തീർത്ത സിനിമാഗാന
മെന്ന, ജനകീയമായൊരു 
പുതു കവിതാശായെൻ 

ഭാഷയ്ക്ക് നിറം തൂകി

ഭാഷയിതെന്റെ,ഭാഷ
യമ്മിഞ്ഞപ്പാലുപോൽ
ഞാൻ നുകർന്നു വളർന്നൊരു 
തേനൂറും മലയാളം
ശ്രേഷ്ഠമാം ഭാഷയായി,
കീർത്തിയാർജ്ജിച്ച 
സദ് വാർത്ത കേട്ടിഹ
നമ്മൾ സാദരം നമിക്കുക!

മലയാണ്മയ്ക്കുയിർ നല്കി,
വളർത്തിവലുതാക്കാൻ
അക്ഷീണ,മഹോരാത്രം
പ്രയത്നിച്ചോരാ
പൂർവസൂരികളാകും
മഹാപ്രതിഭാധനന്മാരെ!
സ്മരിക്കാം, നമുക്കെന്നും
സാദരം നമിച്ചിടാം!

ഭാഷയിതെന്റെ,ഭാഷ
യമ്മിഞ്ഞപ്പാലുപോൽ
ഞാൻ നുകർന്നാസ്വദിച്ചൊരു
തേനൂറും മലയാളം ...


Wednesday, May 29, 2013

രതിയും തിരയും





രതിയും തിരയും

രതി 
തിര, 
തിര, വൻതിര,വെണ്‍തിര.   
രതി, രസം, രതിരസം  
രതിസുഖ സാരെ 
പാടിത്തളരും തിരകൾ.   

മനസൊരു സാഗരമല്ലോ   
മൃദുലവികാരം നിറയും 
മനസൊരു സാഗരമല്ലോ?   
മൃദുലവികാരത്തിരകളുയർ-
ന്നൊരു മനസിൻ മദകരമാ- 
മൊരനുഭൂതിയതല്ല്ലോ,രതി   
അതൊരനുഭൂതി വിശേഷം  
താനല്ലോ?  .

തിര 
രതി,തേടുന്നത് തിര  
കടലിൻ മാറിൽ 
രതിയുടെ മൃദുല
തരംഗമുണർത്തും   
വികൃതികാറ്റിൻ 
കുസൃതികളല്ലോ,തിര. 
രതി തിരയുവത് തിര 
മനസ്സിന്നുന്മാദത്തിൻ
പൂത്തിരി ചിതറും,തിര.

തിര,തിരയുവത് 
രതി. 
രതിയുടെയാവേശത്താൽ   
കരയുടെ മാറിൽ,  
തിരുതകൃതിയായ് 
തല്ലിച്ചിതറി, 
വെണ്‍നുര ചിതറും
രതിയുടെ ഉന്മാദം 
ഘോഷിച്ചീടും തിരകൾ . 

തിരയും രതിയും 
രതിയും തിരയും 
തിര തിരയുന്നത് രതി 
രതി തിരയുന്നത് തിര 

Tuesday, May 28, 2013

നിറങ്ങൾ



നിറങ്ങളേ,നിങ്ങളെഴുപേർ ചേർന്നാലേ 
നിയതമായിടൂ ഞങ്ങൾക്കീജീവിതം. 
വർണ്ണങ്ങളും വർണ്ണഭേദവുമില്ലെങ്കിൽ  
നിർണ്ണയം ഭൂമിയൊരൂഷരമാം ഗ്രഹം 

ചുവപ്പ് രാശിപൂശിയില്ലെങ്കിലർക്കന്നു-
ദയാസ്തമനത്തിലീഭംഗിയുണ്ടാകുമോ ? ,

ഹരിതനിറമില്ലെങ്കിലീജീവിതമാകെക്കൂടി    
ദുരിതപൂർണമായ്ത്തീരുമത്  നിർണ്ണയം.

നീലസാഗരവു,മനന്തമാ,മാകാശസീമയും 
നീലിമയാർന്നതിചാരുതയേകുന്നല്ലോ      

നീലനിറത്തിനെത്ര ഭാവങ്ങൾ, ഭേദങ്ങൾ
നീലതൻ നിറഭേദം വയലെറ്റെന്നതുമല്ല,  
ഇന്ത്യൻ ബ്ലു"വെന്നപേരിൽ പ്രശസ്തിനേടി  
"ഇൻഡിഗോ"യെന്നുള്ള നീലതൻ വകഭേദ-   
മായൊരു നറുംനീല നിറവും കൂടിയുണ്ട്  . 

ഭാരതാംബതൻ ത്രിവർണ്ണപതാകതന്നാദ്യ 
നിറമായുയർന്നു പാരിൻ നെറുകയിലേറി,   
മിന്നിതിളങ്ങും വർണ്ണത്തിന്,ആംഗലേയർ  
"ഓറഞ്ചു"നിറമെന്നു പറയുന്നതു ,നമ്മൾ    
ചാരുശ്രീയാർന്ന കുങ്കുമമെന്നു ചൊൽവൂ ....

പുതുമഴയേറ്റുടൻ പൂത്തിടും കൊന്നയിൽ, 
കനകക്കൊലുസ്സുപോൽ കണികാണാൻ 
പാകത്തിൽ,വിരിയുന്ന കൊന്നതൻപൂക്കളും,
വിഷുക്കണി,യായോട്ടുരുളിയിൽ തെളിയും 
വിലയേറും സ്വർണ്ണവും മലയാളിക്കേറെ 
പ്രിയമേറിടും നിറമായ മഞ്ഞയല്ലേ?  

നിറങ്ങളേഴും വേണ്ടപോലൊത്തെന്നാൽ 
നെറിവിൻ നിറമായ തൂവെള്ളയായീടും . 
വെണ്മതൻ ശുഭ്രപതാകയുയർന്നെന്നാൽ      
വിശ്വമനശ്വരസ്വർഗ്ഗമായ് ത്തീരുമല്ലോ?  

ദൈവവും മനുഷ്യനും പണ്ടൊരിക്കൽ  
തമ്മിലുണ്ടാക്കിയിട്ടുണ്ടത്രെയൊരുടമ്പടി.
അതോർമ്മിപ്പിക്കുവാനല്ലോയിന്നുമിടയ്ക്കിടെ  
മാനത്തു വിരിയുന്നതിമനോഹരമാംമുഗ്ദ്ധ-
സങ്കല്പമായേഴുവർണങ്ങൾ തന്നിന്ദ്രധനുസ്സ് .  

പ്രകൃതിയേകിയോരേഴുനിറങ്ങളെമാറ്റിമറി-
ച്ചെഴുന്നൂറാക്കാൻ വൈഭവം കാട്ടും മർത്യർ.      
രക്തരൂഷിതമാം ചുവപ്പും,മരണദ്യോതകമാം - 
കറുപ്പും നമുക്കിഷ്ടവർണങ്ങളാക്കി മാറ്റി ,
ശാന്തിതൻ ശ്വേതനിറത്തെ, ചെന്നിണ
ത്താലഭിഷേകം ചെയ്തു നമ്മളശാന്തിതൻ 
കൊലക്കളമാക്കിയീ വിശ്വത്തെ മാറ്റീടുന്നു.     

നിറങ്ങളേ,നിങ്ങളെഴുപേർ ചേർന്നാലേ 
നിയതമായിടൂ ഞങ്ങൾക്കീജീവിതം. 
വർണ്ണങ്ങളും വർണ്ണഭേദവുമില്ലെങ്കിൽ  
നിർണ്ണയം ഭൂമിയൊരൂഷരമാം ഗ്രഹം 

Thursday, May 23, 2013

ഓർമ്മച്ചെപ്പ്‌

ഒരുവർഷംകൂടി കടന്നുപോയീടുമ്പോൾ 
നെടുവീര്‍പ്പുയരുന്നിതെന്‍മനസ്സില്‍
ചിരകാലമായുള്ളപ്രണയപ്രതീക്ഷകൾ
മധുരമനോജ്ഞമെൻപൂവാടിയില്‍
വിരിയുന്നതും കാത്തുദ്വേഗമോടെ,ഞാൻ
കഴിയുകയാണിന്നുമക്ഷമനായ് ...

കൈമോശംവന്നെന്നു,ഞാൻ പണ്ട് കരുതിയ,
മധുരമാമോർമ്മതൻ ചെപ്പുതേടി , 
ചെപ്പുകിലുക്കീടുമാചങ്ങാതി വന്നിട്ടോ
ചെപ്പടിവിദ്യകൾ കാട്ടീടുന്നു...

മധുരാനുഭൂതിതൻനിർവൃതിയീണമാ-
യെന്മനസ്സിന്റെയോടക്കുഴലിലൂടെ ,
പ്രിയകരമായൊരു,യമുനയായൊഴുകി, നാം  
പ്രിയമേറും രാഗഹംസങ്ങളായ് ..

മുഗ്ദ്ധാനുരാഗക്കുളിർമഞ്ഞിൽമുങ്ങി, നീ
മധുമാസചന്ദ്രികയായി നിൽപ്പൂ... 
നിന്മന്ദഹാസമുതിർത്തിടുംശോഭയാൽ
നിറയുമെന്മനമോ,സരോവരമായ് ...
ആമ്പലമൊട്ടുകൾ പോലതിൽ പൊന്തിയോ
മാമകഹൃത്തിലെ രാഗഭാവം?

പൊന്നോണത്തുമ്പിയായ് നീ വരൂ,
പൂക്കളിൽക്കിന്നാരമുത്തങ്ങളേകിടാനായ് ...
ശംഖിൽ നിന്നിറ്റിറ്റുവീഴുന്ന തീർത്ഥം പോൽ -
ശങ്കയെന്യേ നിനക്കാസ്വദിക്കാം..
അർഘ്യംപോൽ പരിശുദ്ധമാകുമെൻ സ്നേഹം  
അമലേ,നീയറിയുവാൻ വൈകിയല്ലോ ?

മണിയൊച്ച,മെല്ലേ മുഴങ്ങി മൊബൈലതിൽ  
കിളിശബ്ദത്തോടതു കൂകിയല്ലോ?  
**"ഉണരാൻ സമയമായ്, ഉണരൂ വേഗം നീ
ഇനിയും അമാന്തിച്ചാൽ സമയംവൈകും "

ഒരു നല്ല സുഖനിദ്രയിന്നെനിക്കേകിയോ?
മധുരം കിനിയും നിൻമൃദുസാമീപ്യം.
ഓർമ്മകൾനല്കിയ ചിറകിൽ പറന്നു ഞാൻ
ഓമനേ,നിന്നടുത്തായിരുന്നോ ?

(**wake-up alarm call of mobile phone)



Saturday, May 18, 2013

പ്രണാമം

                    

 
             പ്രണാമം
"ദു:ഖത്തിൻ ശിശിരത്തെയതിജീവിച്ചാലല്ലേ?
ഹർഷത്തിൻ വസന്തത്തെയെതിരേറ്റിടാനാവൂ"
"പടിഞ്ഞാറൻകാറ്റിൻ"പരാക്രമഭാവംകണ്ടു  
ഷെല്ലിയാ,മഹാകവിചൊല്ലിയൊരീവാക്കുകൾ,
സാന്ത്വനമേകുമൊപ്പം,പുതിയ പ്രതീക്ഷതൻ
പൂത്തിരി കത്തിച്ചിടും മാനവ ഹൃദയത്തിൽ !

"കേട്ടാസ്വദിച്ചവയൊക്കെ,മധുരമെന്നാകിലും 
കേൾക്കാത്ത പാട്ടുകൾ അതിലും ഹൃദ്യമല്ലോ?"
വാനമ്പാടിതൻ മധുവൂറിടും ഗാനം കേൾക്കെ,
യുവകവി ജോണ്‍ കീറ്റ്സിൻ തൂലികയുതിർ-
ത്തൊരു,മധുരംകിനിയുമീവാക്കുകൾ മറക്കാമോ ?

സ്വച്ഛ സുന്ദരമാകുമേകാന്തതയേപ്പുല്കി  ,
തരളിതവികാരങ്ങൾ താലോലിച്ചുളവാകും 
കവിതരചിക്കുവാൻ പ്രേരകമായോരാ, 
സുവർണ്ണസുമങ്ങളെയനശ്വരമാക്കി,   
"ഡാഫോടിൽസ്" പൂക്കൾക്കൊരു 
കീർത്തനം രചിച്ചന്നു പ്രകൃതി ഗായകൻ 
വില്ല്യംവേർഡ്സ്‌ വർത്താം കവി ശ്രേഷ്ടൻ .

"ഈ ലോകം വലിയൊരു നാടകശാലയെന്നും
നാമൊക്കെയതിങ്കലെ വേഷക്കാർ മാത്രമെന്നും"
ചൊല്ലിയ മഹാകവി വില്ല്യംഷേക് സ്പീയർ,വീണ്ടും
ചൊല്ലി,"ജീവിതമെന്നതൊരു വിഡ്ഢിതൻ കഥയത്രെ!
അർത്ഥശൂന്യമാമൊരു സങ്കല്പഘോഷയാത്ര!."
ജീവിതഗന്ധിയാം കഥാപാത്രങ്ങൾക്കുയിരേകി  
ജീവിതത്തിന്റെയർത്ഥവ്യാപ്തിയെക്കുറിച്ചുള്ള 
ഗഹനമാം ചിന്തകൾനിറഞ്ഞു കവിഞ്ഞീടും  
മഹനീയമാകും  കലാസൃഷ്ടികളാലദ്ദേഹം 
മനുജകുലത്തിന്നിഷ്ടമേറിയ കവീന്ദ്രനായ്‌..    
  
"സ്നേഹമാണഖിലസാരമൂഴിയിലെന്നും
സ്നേഹംതാനീജഗത്തിൻ ശക്തിയെന്നും
ഘോഷിച്ച,മഹാശയനാശാൻതൻ സ്നേഹ-
ഗീതികൾ മറക്കുവാൻ നമുക്കു കഴിയുമോ?

"പ്രേമസംഗീത"മെന്ന തൻകാവ്യതല്ലജത്തിൽ ,
മതമൊന്നു,മതിയാകുമീയുലകിന്നുയിരേകുവാ- 
നതുപ്രേമമല്ലാതെ,മറ്റൊന്നുമേയല്ലെന്നുറക്കെ- 
യുദ്ഘോഷിച്ചോരുജ്ജ്വലശബ്ദം കേൾക്കാൻ "
ഉള്ളൂർ നാമ,സാഹിത്യവിശാരദൻ പരമേശ്വരൻ 
തന്റെ കൃതിയിലല്ലാതെ,നാമെവിടെപ്പരതുവാൻ? 

മലയാളമേ,നിന്റെ ശീലുകളേകും,മധുകിനിയും
ലയമേതന്യഭാഷയ്ക്കാണുള്ളതെന്നാരാഞ്ഞൊരു 
പ്രിയകവിവള്ളത്തോളേകിടുമഭിമാനത്താൽ 
സിരകൾ ത്രസിക്കാത്ത മലയാളികളുണ്ടോ?

പ്രണാമം! വരേണ്യരേ ,പ്രിയരാം കവികളെ 
മാനവസംസ്കൃതിയന്യൂനം നിലനിർത്താൻ 
മാർഗ്ഗനിർദ്ദേശമേകും വഴികാട്ടികൾ നിങ്ങൾ
മഹാരഥൻമാരെ,നിങ്ങൾക്കായിരം പ്രണാമങ്ങൾ!

Wednesday, May 15, 2013

പൂച്ചസന്യാസി






പൂവാലൻ പൂവൻകോഴി 
പുരപ്പുറത്തോടിക്കേറി,
ദിക്കുകൾ കേൾക്കുമാറു-  
ച്ചത്തിൽ കൂകിവിളിച്ചു,  
"പൂച്ചസന്യാസിക്കള്ളൻ  
സന്യാസം വെടിഞ്ഞത്രേ!
അച്ചാരം കൊടുത്തല്ലോ  
പെണ്ണാലോചിക്കാൻ".

അച്ചാരം വാങ്ങിച്ചവൻ  
മച്ചാനാം  മരപ്പട്ടി 
മൂന്നാന്റെ വേഷംകെട്ടി
പൂച്ചക്കൊരുപെണ്ണുംതേടി,
നാടാകെയലഞ്ഞു നടന്നു .   
മരങ്ങളിൽച്ചാടി,ചാടി 
നടന്നൊരു നാളിലവൻ 
മൂപ്പനാം മൂത്തകുരങ്ങിൻ  
ചങ്ങാത്തം കൂടിയല്ലോ? 
കുരങ്ങച്ചൻ ചൂണ്ടിക്കാട്ടി
മലയണ്ണാൻ തന്നുടെ മോള്   
പൂവാലിയണ്ണി പെണ്ണ് 
സുന്ദരൻ മാരനുവേണ്ടി 
മോഹിച്ചങ്ങിരിപ്പല്ലോ ?

മൂന്നാനും മൂത്തകുരങ്ങും 
കാടനാം പൂച്ചയുമൊത്തു  
മൂന്നാളും കൂടിയൊരിക്കൽ 
പെണ്ണിന്റെ വീട്ടിൽ ചെന്നു   .
പെണ്ണുകണ്ടിഷ്ടമായി.
പെണ്ണിനും ബോധിച്ചല്ലോ.   
സ്ത്രീധനം തീർച്ചയാക്കി,  
കല്യാണമുറപ്പിച്ചു.  

ജാതകമൊത്തുനോക്കി,
പൊരുത്തങ്ങളൊപ്പിച്ചീടാൻ 
ജ്യോതിഷ പണ്ഡിതനാം,
കുറുക്കന്റെ പക്കൽ ചെന്നു..
കൌശലക്കാരിൽ കേമൻ  
നമ്മുടെ കുറുക്കച്ചാരോ   
കമ്പ്യുട്ടർ ജ്യോതിഷിയത്രെ,
കിറുകൃത്യം പറയുംകാര്യം, 
നെല്ലിടമാറുകയില്ല.

കൈകൂപ്പി,കണ്ണുമടച്ചിട്ടൊളി- 
കണ്ണാൽ നോക്കികൊണ്ട്‌ ,
കുറുക്കച്ചൻ മെല്ലെ ചൊല്ലി,  
"പത്തിനുപത്തുപൊരു-
ത്തമച്ചട്ടാണീക്കല്യാണം".
കൈ നീട്ടി ദക്ഷിണയായി, 
കൈനിറയെ പണവുംവാങ്ങി. 

കല്യാണം പൊടിപൂരമായ്  ,
സദ്യയുംകെങ്കേമമായി.
കല്യാണപ്പിറ്റേന്നാളിൽ ,
മധുവിധുവാഘോഷിക്കാൻ 
ചെറുക്കന്നും പെണ്ണുംകൂടി
കാടിന്റെയുള്ളിലുള്ള, 
"റിസോർട്ടിൽ" തമ്പടിച്ചു.

മധുവിധു "സ്പോണ്സർ" 
ചെയ്ത കരടിയും കൂട്ടുകാരും. 
വിരുന്നുകാരായവരെത്തി 
തേൻപോലെ മദ്യമൊഴുകി.
തീന്മേശ നിറയെതീറ്റ 
തട്ടു പൊളിപ്പൻ പാട്ടും 
മുട്ടിയുരുമ്മും ഡാൻസും 
നൃത്തച്ചുവടുകൾ തെറ്റി 
നേരമിരുണ്ടുവെളുത്തു.

പൂവാലിയണ്ണിപെണ്ണിൻ 
പൂമേനി തിന്നു മദിച്ചവർ   
കരടിയും കാടന്മാരും
പൂപോലെ പിച്ചിച്ചീന്തി- 
യവളുടെ പൂവൽ മേനി. 

കാടാകെ വാർത്ത‍ പരന്നു. 
"ഹൂങ്കാര" ശബ്ദത്തോടെ, 
തേനീച്ചക്കൂട്ടമിളകി 
കരടിയും കാടന്മാരും 
ഗുഹയിൽ പോയൊളിച്ചല്ലോ? 
(ടീ.വീ.ക്കാരോടിയെത്തീ 
ചാനലിൽ വാർത്തകൾ മിന്നി.) 

പുതുപുത്തൻനോട്ടിൻകെട്ടും  
മാറാപ്പിൽ പേറിക്കൊണ്ടു,   
സന്യാസിവേഷം പൂണ്ടു, 
പണ്ടത്തെ കള്ളപ്പൂച്ച,
മറ്റൊരു നാട്ടിൽ ചെന്നു. 
പുതിയോരിരയേ കാത്തു   
പൂച്ചസന്യാസിയായി. 
ധ്യാനത്തിൽ മുഴുകിയിരിപ്പൂ ..

Thursday, May 9, 2013

പഞ്ചവർണ്ണക്കിളികൾ






തത്തി,തത്തി,
വരുന്നല്ലോ
മൂത്താശാരി 
മരംകൊത്തി.
കൊത്തി,കൊത്തി,
നോക്കുന്നു,
മൂത്തമരം തേടുന്നു 
നാട്ടിലൊക്കെയലയുന്നു.

കൊത്തി,ചെത്തി,ചെത്തി,
കൊത്തിയവൻതീർത്തു   
മെല്ലെ,മെല്ലെയഴകോലും    
നല്ല രൂപമാർന്ന വീട്‌.

തത്തമ്മകിളിപ്പെണ്ണിന്നാവീട് 
ഷ്ടമാണെന്നോതിയപ്പോൾ      
തുഷ്ടമോദം തന്നെയവൻ  
ഇഷ്ടദാനം കൊടുത്തല്ലോ,
കഷ്ടപ്പെട്ടു താൻപണിത 
തന്റെ നല്ല കൊച്ചു വീട്.  

ചെല്ലക്കിളി,തത്തക്കിളി 
മൊഞ്ചത്തിയാം കിളിപ്പെണ്ണ് .
ഒറ്റയ്കൊരു കൂട്ടിലവൾ 
എത്തറനാൾ കഴിഞ്ഞീടും?

കൊഞ്ചുംകിളി,
തത്തക്കിളി  
കൂട്ടിലിരുന്നീണമോടെ, 
പാട്ടു പാടി,
കൂട്ടു തേടി.  
പാട്ടിന്നെതിർപാട്ടും 
പാടി  
തഞ്ചത്തിൽ വന്നെത്തിനോക്കി 
പഞ്ചവർണക്കിളിയുമെത്തി.

പഞ്ചവർണ്ണക്കിളിമക്കൾ   
കൊഞ്ചിക്കുഴഞ്ഞവർ 
രണ്ടും  
ഇണങ്ങിയുമിടക്കിടെ,
പിണങ്ങിയും 
ചിണുങ്ങിയും, 
ചിലനേരം, 
കുറുകിയും 
ചിതമോടെ ഒരു കൂട്ടിൽ 
ചിരകാലമിഷ്ടത്തോടെ  
കഴിഞ്ഞുവല്ലോ? 

ജന്മജന്മാന്തരങ്ങളായി 
നന്മയൂറും തേന്മൊഴികൾ 
പഞ്ചവർണ്ണകിളിമക്കൾ 
നീട്ടി,നീട്ടിപ്പാടുന്നല്ലോ?  



തെറ്റ്


തെറ്റുചെയ്യുവതു മനുഷ്യസഹജമെങ്കിലും  
തെറ്റു ചെയ്യാതിരിക്കാൻ ശ്രമിക്ക, നാം  

ഓർക്കുക, കൂട്ടുകാർ ചിലരൊക്കെ,  
തെറ്റിന്നീറ്റില്ലമൊരുക്കുവോർ  
കൂട്ടുകാരിയാം "ഹവ്വ"നല്കിയ   
പ്രേമപൂർവമാം പ്രേരണയാൽ   
കല്പന തെറ്റിക്കുവാൻ 
ആദവും തുനിഞ്ഞില്ലേ?  
ആദ്യത്തേ തെറ്റായതിന്നും 
ചരിത്രമുദ്ഘോഷിക്കുന്നൂ . 

തെറ്റ് ചെയ്താലതു 
തെറ്റാണെന്നറിയേണം.
തെറ്റിനെ തിരുത്തുവാൻ 
ആർജ്ജവം കാട്ടിടേണം. 
തെറ്റുംശരിയും തമ്മിൽ 
വേർതിരിച്ചറിഞ്ഞീടാൻ    
ത്രാണിയുണ്ടാകണം,
ജ്ഞാനമാർജ്ജിക്കണം. 

തെറ്റിനെ തെറ്റുകൊണ്ടു 
മറയ്ക്കാൻ ശ്രമിക്കല്ലേ,  
ഇരുട്ടുകൊണ്ട്, "ഓട്ട"
അടയ്ക്കാൻ കഴിയുമോ  ?
തെറ്റുകളാവർത്തിച്ചു 
ചെയ്യാതിരിക്കാൻ    
പ്രതിജ്ഞയെടുക്കണം 
തെറ്റിക്കാതെ,തന്നെയാ  
പ്രതിജ്ഞപാലിക്കേണം.

മന:ശക്തിയുണ്ടാകണം, 
മനനം ചെയ്യണം 
മനനം ചെയ്യുന്നവൻ 
മനീഷിയാണത്രേ    
മനീഷിയും വെറുമൊരു  
മനുഷ്യനാണല്ലോ?
മനുഷ്യനായാലവൻ 
തെറ്റുകൾ ചെയ്കയില്ലേ?.    

തെറ്റുചെയ്യുവതു മനുഷ്യ-
സഹജമാണെങ്കിലും   
തെറ്റുകൾ വീണ്ടും 
ആവർത്തിക്കാതിരിക്കാൻ 
കഴിയണം . 

Wednesday, May 8, 2013

ചേലെഴും ചകോരം











പാലമരക്കൊമ്പിലിരിക്കും 
ചേലാർന്നോരെൻപ്രിയ
ചകോരമേ,

തീപാറും നിൻ മിഴികളില്‍ 
തിരയിട്ടു നില്പതെന്തേ?

തീവ്രമാം ദുഃഖമേകും 
തീഷ്ണമാമേതോ
ഭാവമാണെന്നുതന്നെ   
ഞാനിന്നു ധരിക്കട്ടെ! 

ഇണയെ കാണാതെ,നീ
വിരഹ ദുഃഖം പേറി
ഏകാന്തതയുടെ      
കാതരഭാവമാർന്നോ ?

അത്യന്തഖിന്നയായ് നീ
ഇമ വെട്ടാതെയെങ്ങൊ
നോക്കുവതാരെയാണോ ?
നോക്കുവതെന്നെയാണോ? 

കാലുഷ്യമാർന്ന നിന്റെ  
നയന ദ്വയങ്ങളിൽ
കാണ്മൂ ഞാൻ,
കോപിഷ്ടനാം,മാമുനി
ദുർവാസാവിൻ
ശാപമോതുന്നഭാവം.

അരുതേ,ശപിക്കല്ലേ?
പക്ഷി,നീ ശപിച്ചെന്നാൽ
അക്ഷികൾ നഷ്ടമായി
ശിഷ്ടജീവിതം ഞങ്ങൾ  
കഷ്ടമീയിരുട്ടിൽ താൻ 
കഴിയാൻ ഗതിവരും.

Tuesday, May 7, 2013

വൃശ്ചികക്കാറ്റിനോട്



വൃശ്ചികക്കാറ്റിനോട് 

girls-wind-blown-skirts-13


ആരിയൻകാവും തീണ്ടിവരുന്നൊരു
വൃശ്ചികക്കാറ്റേ,കുസൃതിക്കാറ്റേ....
ആരാരുമറിയില്ലെന്ന് കരുതിയോ,
നിന്റെ വികൃതികൾ.....
നീ കാട്ടും കുസൃതികൾ......

പച്ചപ്പാവാട ചാർത്തിനിലകൊള്ളും 
സഹ്യമലനിരയിൽ,
ഒച്ചവക്കാതെ നീയെത്തിപ്പറത്തിടും
പച്ചിലപ്പാവാട.
പച്ചിലക്കൂട്ടത്തെയാകെയുലച്ചിട്ടു
പൊട്ടിച്ചിരിക്കുന്നുവോ ?തകൃതിയായ്  
നീ വീശിത്തകർത്തീടുന്നോ ?  


ആലിലക്കൊമ്പിലിരുന്നു,കുഴലൂതി,
ഗോപികമാരഹങ്കാരികൾ,തൻ  
ചേലകളാകവേ,കാറ്റിൽ പറത്തി
ആലിൻ മരത്തിൽ തൂക്കിയ
കണ്ണന്റെ വേഷത്തിലെത്തും,നീ,

തോരെയിടാനയക്കോലിൽ 
വിരിയിട്ടോരീറൻ തുണികളെല്ലാം 
വർന്നിട്ടു വാനിൽപ്പറത്തീടും . 
നാട്ടിൻപുറം തന്നിൽ കുട്ടികൾ
പട്ടംപറത്തിടുംചേലിൽ..... 

കുട്ടിക്കളിയോടെ തുണികളും പേറി 
നീ പറന്നെത്തിടും ദൂരെ,വിദൂരമാം,
താഴ്വര തന്നിലെ വന്മരക്കൊമ്പിൽ 
തൂക്കും, മനോഹര തോരണം പോൽ 

നാണംകുണുങ്ങി പെണ്‍കുട്ടിതൻ 
കുട്ടിപ്പാവാട മേലേക്ക്,മേലേക്ക്,
മെല്ലെ ചുരുട്ടിയുയർത്തിച്ചുരുട്ടിനീ  
നാണം കെടുത്താറില്ലേ?
അവരുടെ മാനം കെടുത്താറില്ലേ ?
നാണിച്ചു നില്ക്കുന്ന പെണ്‍കിടാവിൻ 
കാതിൽ വേണ്ടാത്തതോതാറില്ലേ,  
നീ,വേണ്ടാത്തതോതാറില്ലേ?


മുട്ടിൻമുകളിൽ മുച്ചാണ്‍ തുണിയുമായ്‌  
ടെന്നീസ് കളിക്കാനെത്തും പരിഷ്ക്കാരി- 
പെണ്ണുങ്ങൾ തൻ ചേലിൽ പത്രാസു 
കാട്ടി,പട്ടുകുടയുംപൊങ്ങച്ചഷൂസുമായ് 
നാടുകാണാനെത്തും നാടൻ മദാമ്മമാർ 
ചുഴലിക്കാറ്റായ് ,നീ വീശിയടിക്കുമ്പോൾ  .
ആകെ വശംകെടും കാഴ്ചകൾ കണ്ടിട്ടു  
നാട്ടാരുമോത്തു നീ പൊട്ടിച്ചിരിക്കാറില്ലേ? 
വീണ്ടും കരുത്തോടെ ചുറ്റിയടിക്കാറില്ലേ? 

ആരിയൻകാവും തീണ്ടിവരുന്നൊരു
തെമ്മാടിക്കാറ്റേ,കുസൃതിക്കാറ്റേ....
ആരാരുമറിയില്ലെന്ന് കരുതിയോ,
നിന്റെ കുസൃതികൾ.നിന്റെ വികൃതികൾ? 

Monday, May 6, 2013

ഓട്ടോഗ്രാഫ്


സ്കൂൾ, കോളേജുവിദ്യാഭ്യാസ കാലത്ത്   ഓട്ടോഗ്രാഫുകൾ എഴുതുന്നതിനും എഴുതിക്കുന്നതിനും സഹപാഠികൾ പരസ്പരം മത്സരിക്കുന്ന ഒരു കാല ഘട്ടമാണ് വിവിധ ക്ലാസുകളിലെ പഠനം ഏതാണ്ട്‌ അവസാനിക്കുന്ന സമയം.  

പല വർണമുള്ള കടലാസുകൾ തുന്നിച്ചേർത്തു മനോഹരമായി തയ്യാറാക്കിയിട്ടുള്ള ഓട്ടോഗ്രാഫുകൾ.
അവയിൽ കുറിക്കുന്ന നിരർത്ഥകമായ  അക്ഷരങ്ങൾ.
വിരഹവും വേർപാടും ഇനിയെന്ന് കാണുമെന്നുള്ള വേവലാതിയും.
ഭൂമി ഉരുണ്ടതാണ് അത് കൊണ്ട് വീണ്ടും കണ്ടുമുട്ടാതിരിക്കില്ല എന്നുള്ള പ്രത്യാശ.
ഒരിക്കലെങ്ങാൻ കണ്ടുമുട്ടിയാൽ തന്നെ ഭാഗ്യം. 
അപ്പോൾ പരസ്പരം തിരിച്ചറിയാൻ കഴിഞ്ഞാൽ അത് വലിയ ഭാഗ്യം. 
ഇങ്ങനെ പോകുന്നു ഒട്ടൊഗ്രാഫ് വിശേഷങ്ങൾ.

എസ.ബി.കോളേജിൽ അവസാന വര്ഷം ബി .എ (ആംഗലേയ ഭാഷയും സാഹിത്യവും ) ക്ളാസിൽ പഠിക്കുമ്പോൾ ഞാനും ഒരു ഓട്ടോഗ്രാഫ് തയ്യാറാക്കിയിരുന്നു.കാലത്തിന്റെ കുത്തൊഴുക്കിൽ പെട്ട് കടലാസ് തോണി പോലെ അത് എവിടെയോ നഷ്ടപ്പെട്ടിരുന്നു.നീണ്ട നാല്പതിലേറെ വർഷങ്ങൾക്കു ശേഷം ഈയടുത്ത കാലത്ത് അത് എനിക്ക് കണ്ടുകിട്ടി .അത് ഒരു നിമിത്തമായി തോന്നിയതിനാലാകാം പഴയ സഹപാഠികളുടെ ഒരു ഒത്തുചേരൽ സംഘടിപ്പിച്ചാലോ എന്ന ആശയം എന്റെ മനസ്സിൽ ഒരു മിന്നൽ പോലെ ഒന്നു മിന്നി മറഞ്ഞു.
ഈ ആശയം അപ്പോഴും ചങ്ങാത്തം നിലനിർത്തിയിരുന്ന ഒന്നു രണ്ട് സഹപാറികളു മായി  ഞാൻ പങ്കുവച്ചു .പ്രോത്സാഹന പൂർവ്വം തന്നെ അവർ പ്രതികരിച്ചു .
തന്നെയുമല്ല കുറേക്കാലം മുൻപ് ഈ പുന:സമാഗമ ചിന്തകളുമായി അവർ ഒരു ശ്രമം നടത്തിയെന്നും അത് ഫലമണിഞ്ഞില്ല എന്ന ഒരു പരിദേവനവും അവർ സാന്ദർഭികമായി പറഞ്ഞു വച്ചു .
എന്റെ സംരംഭത്തിന്നു സഹായ സഹകരണങ്ങൾ  വാഗദാനം ചെയ്യുവാനും  വിജയമാശംസിക്കാനും  അവർ മറന്നില്ല..

ഞങ്ങൾ ഇരുപത്തിനാലു പേരാണ് ക്ലാസിലുണ്ടായിരുന്നത് . ഏറെക്കുറെ എല്ലാവരുടെയും പേരും അവരുടെ ചില പ്രത്യേകതകളും കണ്ടുമറന്ന ഒരു ചലച്ചിത്രത്തിലെന്നപോലെ പതിയെ എന്റെ മനസിൽ തെളിഞ്ഞു .
ഈ സന്ദർഭത്തിലാണ് പഴയ ചങ്ങാതി ശശിധരൻ  എന്നെ പൂനയിൽ നിന്ന് വിളിക്കുന്നതും ഏതാണ്ട് സമാനമായ ഒരാശയം മുന്നോട്ടു വക്കുന്നതും .
അങ്ങിനെ ഞങ്ങൾ, ശശി ചങ്ങനാശ്ശേരിക്കാരായ "മാത്യു ത്രിമൂർത്തികൾ"  പിന്നെ ഞാനും കൂടി  സഹപാറികൾക്ക് വേണ്ടിയുള്ള  "ഓപ്പറേഷൻ ക്ലാസ് മേറ്റെസ്" എന്ന മിഷൻ ഇമ്പൊസ്സിബിൾ- നു തുടക്കം കുറിച്ചു .

ആദ്യമായി എല്ലാവരുടെയും പേരും പഠിച്ചിരുന്ന കാലത്ത് ഏതു നാട്ടിൽ നിന്നുമാണ് വന്നിരുന്നത്‌ എന്നും അവരുടെ ഒരു തൂലികാചിത്ര വിവരണവും പരസ്പരം കൈമാറി.
തുടർന്ന്  ലഭിച്ച അറിവുകൊണ്ട്   ഏതാണ്ട് പതിനെട്ടോളം  സുഹൃത്തുക്കളുമായി ടെലെഫോണ്‍ മുഖേന ബന്ധപ്പെടുന്നതിനു എനിക്കു കഴിഞ്ഞു .
ഓട്ടോഗ്രാഫിലെ  മേൽവിലാസത്തിൽ കത്തുകൾ അയച്ചു.ചിലത് റീ ഡയരക്ട്‌ ചെയ്താണെങ്കിലും ഉദ്ദേശിച്ച ആളിന് തന്നെ ലഭിച്ചു. ഒന്നു രണ്ടു വിദ്വാന്മാർ തന്നിരുന്ന മേൽവിലാസം പോലും തെറ്റിച്ചായിരുന്നു തന്നിരുന്നത് . 
രണ്ടു സുഹൃത്തുക്കൾ പരലോക പ്രാപ്തരായെന്ന ദുഃഖ സത്യം മനസിലാക്കുന്നതിനും  ഈ സംരഭം ഞങ്ങളെ സഹായിച്ചു.
ഒരു കലാലയാദ്ധ്യാപകനായിരുന്ന  ഒരു മാന്യ സുഹൃത്ത്, 
ഞങ്ങളുടെ ഈ സംരംഭത്തെ തന്നെ പുശ്ചം കലർന്ന ഭാവത്തിലാണ്  സമീപിച്ചത് .(സംരഭം വൻ വിജയമാണെന്ന് പിന്നീടു അറിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ പരിഹാസം അത്ഭുതത്തിന് വഴി മാറിയെന്നാണ് ഞങ്ങളുടെ അറിവ്.)

ആകെയുള്ള ഇരുപത്തി നാലുപേരിൽ പതിനെട്ടു പേരെ പ്രതീക്ഷിച്ചെങ്കിലും പതിന്നാലുപേർ പങ്കെടുത്തു.
ജീവിച്ചിരിക്കുന്ന ഞങ്ങളുടെ അഞ്ചു അദ്ധ്യാപകരിൽ നാലുപേരുടെ (പ്രൊഫ.കെ ടി സെബാസ്ട്യൻ, പ്രൊഫകെ കെ മാത്യു ,പ്രൊഫ പി.ജെ ദേവസ്യ ,പ്രൊഫ വി.എസ ജോസഫ്, ) മഹനീയ  സാന്നിദ്ധ്യം കൊണ്ടു പവിത്രീകരിക്കപ്പെട്ട ഞങ്ങളുടെ ഈ ഉദ്യമത്തെ ഒരു ഗുരുവന്ദന സമ്മേളനമാക്കുന്നതിന് കഴിഞ്ഞുവെന്നതിൽ ഞങ്ങൾക്കുള്ള ചാരിതാർത്ഥ്യം നിസീമമാണ് 

ഞങ്ങളുടെ ഈ ഉദ്യമത്തെ "ഗുരുശിഷ്യബന്ധത്തിന്റെ ഉഷ്മളവും മാതൃകാപരവുമായ നിദർശനമായി കരുതുന്നുവെന്നും ഇതിൽ പങ്കെടുത്തവരുടെ ഗുരുക്കന്മാരായി അറിയപ്പെടാൻ അഭിമാനമുണ്ടെന്നും" ഞങ്ങളുടെ ഗുരുഭൂതർ പറഞ്ഞപ്പോൾ  ഞങ്ങൾ അക്ഷരാർഥത്തിൽ തന്നെ ആനന്ദാശ്രുക്കൾ പൊഴിച്ചു. എന്നെ സംബന്ധിച്ചിടത്തോളം ഈ വാക്കുകൾ ഇരട്ടി മധുരമായി. കാരണം പങ്കെടുത്ത ഞങ്ങളുടെ അദ്ധ്യാപകരുടെ  പ്രിയങ്കരനായിരുന്ന ഗുരു ശ്രേഷ്ടനായിരുന്നു എന്റെ പിതാവ് കുഞ്ചായൻ സാർ എന്ന പേരിൽ അറിയപ്പെട്ടിരുന്ന യശ:ശരീരനായ  പി സി ചാക്കോ എന്നവർ ആമുഖമായി പറയുകയും ഉത്തമനായ ഒരു ഗുരുശ്രേഷ്ടന്റെ മക്കളെന്നു എന്നേയും എന്റെ സഹോദരൻ പ്രൊഫ. ജോസ് പി  ജേക്കബിനെയും പേരെടുത്തു പറഞ്ഞു ശ്ലാഘിക്കുകയും ചെയ്യുകയുണ്ടായി.

വിഭവ സമൃദ്ധമായ ഉച്ചഭക്ഷണം ആസ്വദിച്ചതിനു ശേഷം, വീണ്ടും അടുത്തു തന്നെ ഒരു കുടുംബസമ്മേളനത്തോടെ കണ്ടുമുട്ടുമെന്ന പ്രതീക്ഷയോടെ താത്കാലികമായി ഞങ്ങളുടെ ഈ കൂട്ടായ്മക്ക് 
വിരാമമായി .

തുടർന്ന് ശയ്യാവലംബിയായ ഞങ്ങളുടെ സഹപാറി ശ്രീ.കെ.വി ഫിലിപ്പിനെ അദ്ദേഹത്തിന്റെ വസതിയിൽ സന്ദർശിച്ചു.അതു അത്യന്തം ഹൃദയ സ്പർശിയായ ഒരനുഭവമായിരുന്നു.  

അതിനു ശേഷം ഞങ്ങളുടെ സംഗമത്തിൽ പങ്കെടുക്കാമെന്ന് സമ്മതിച്ചെങ്കിലും പെട്ടെന്നുണ്ടായ ശാരീരികാസ്വാസ്ഥ്യം കാരണം അതിനു കഴിയാതെ വന്ന പ്രൊഫ.കെ.വി.ജോസഫ്  സാറിന്റെ വസതിയിലെത്തി അദ്ദേഹത്തിനും ഗുരുവന്ദനം നൽകി ആദരിച്ചു.
അദ്ദേഹത്തോടൊപ്പം ഞങ്ങൾ പഴയ പോയട്രി ക്ലാസ്സ്‌ പുനരാവിഷ്കരിച്ചു എന്നു പറഞ്ഞാൽ അതിൽ തെല്ലും അതിശയോക്തിയില്ല തന്നെ.    

രാവിലെ പതിനൊന്നു മണിക്ക് ഞങ്ങളുടെ പഴയ ക്ലാസ്സ് മുറിയിൽ തന്നെ സമ്മേളിക്കുന്നതിന്നും
തുടർന്നുള്ള പരിപാടികൾ ഭംഗിയായി നടത്താനും സഹായകമായി പ്രവർത്തിച്ച  കോളേജു പ്രിൻസിപ്പൽ ബഹു:  ടോമിയച്ചൻ ,ഇന്ഗ്ലിഷ് വിഭാഗം അധ്യക്ഷൻപ്രൊഫ.  ജിജി ജോസഫ്, കോളേജു പൂർവ- വിദ്യാർഥിസംഘടനാ ഭാരവാഹികൾ എന്നിവരോടു ഞങ്ങൾക്ക്  അകൈതവമായ നന്ദിയാണുള്ളത് ....