Wednesday, May 15, 2013

പൂച്ചസന്യാസി






പൂവാലൻ പൂവൻകോഴി 
പുരപ്പുറത്തോടിക്കേറി,
ദിക്കുകൾ കേൾക്കുമാറു-  
ച്ചത്തിൽ കൂകിവിളിച്ചു,  
"പൂച്ചസന്യാസിക്കള്ളൻ  
സന്യാസം വെടിഞ്ഞത്രേ!
അച്ചാരം കൊടുത്തല്ലോ  
പെണ്ണാലോചിക്കാൻ".

അച്ചാരം വാങ്ങിച്ചവൻ  
മച്ചാനാം  മരപ്പട്ടി 
മൂന്നാന്റെ വേഷംകെട്ടി
പൂച്ചക്കൊരുപെണ്ണുംതേടി,
നാടാകെയലഞ്ഞു നടന്നു .   
മരങ്ങളിൽച്ചാടി,ചാടി 
നടന്നൊരു നാളിലവൻ 
മൂപ്പനാം മൂത്തകുരങ്ങിൻ  
ചങ്ങാത്തം കൂടിയല്ലോ? 
കുരങ്ങച്ചൻ ചൂണ്ടിക്കാട്ടി
മലയണ്ണാൻ തന്നുടെ മോള്   
പൂവാലിയണ്ണി പെണ്ണ് 
സുന്ദരൻ മാരനുവേണ്ടി 
മോഹിച്ചങ്ങിരിപ്പല്ലോ ?

മൂന്നാനും മൂത്തകുരങ്ങും 
കാടനാം പൂച്ചയുമൊത്തു  
മൂന്നാളും കൂടിയൊരിക്കൽ 
പെണ്ണിന്റെ വീട്ടിൽ ചെന്നു   .
പെണ്ണുകണ്ടിഷ്ടമായി.
പെണ്ണിനും ബോധിച്ചല്ലോ.   
സ്ത്രീധനം തീർച്ചയാക്കി,  
കല്യാണമുറപ്പിച്ചു.  

ജാതകമൊത്തുനോക്കി,
പൊരുത്തങ്ങളൊപ്പിച്ചീടാൻ 
ജ്യോതിഷ പണ്ഡിതനാം,
കുറുക്കന്റെ പക്കൽ ചെന്നു..
കൌശലക്കാരിൽ കേമൻ  
നമ്മുടെ കുറുക്കച്ചാരോ   
കമ്പ്യുട്ടർ ജ്യോതിഷിയത്രെ,
കിറുകൃത്യം പറയുംകാര്യം, 
നെല്ലിടമാറുകയില്ല.

കൈകൂപ്പി,കണ്ണുമടച്ചിട്ടൊളി- 
കണ്ണാൽ നോക്കികൊണ്ട്‌ ,
കുറുക്കച്ചൻ മെല്ലെ ചൊല്ലി,  
"പത്തിനുപത്തുപൊരു-
ത്തമച്ചട്ടാണീക്കല്യാണം".
കൈ നീട്ടി ദക്ഷിണയായി, 
കൈനിറയെ പണവുംവാങ്ങി. 

കല്യാണം പൊടിപൂരമായ്  ,
സദ്യയുംകെങ്കേമമായി.
കല്യാണപ്പിറ്റേന്നാളിൽ ,
മധുവിധുവാഘോഷിക്കാൻ 
ചെറുക്കന്നും പെണ്ണുംകൂടി
കാടിന്റെയുള്ളിലുള്ള, 
"റിസോർട്ടിൽ" തമ്പടിച്ചു.

മധുവിധു "സ്പോണ്സർ" 
ചെയ്ത കരടിയും കൂട്ടുകാരും. 
വിരുന്നുകാരായവരെത്തി 
തേൻപോലെ മദ്യമൊഴുകി.
തീന്മേശ നിറയെതീറ്റ 
തട്ടു പൊളിപ്പൻ പാട്ടും 
മുട്ടിയുരുമ്മും ഡാൻസും 
നൃത്തച്ചുവടുകൾ തെറ്റി 
നേരമിരുണ്ടുവെളുത്തു.

പൂവാലിയണ്ണിപെണ്ണിൻ 
പൂമേനി തിന്നു മദിച്ചവർ   
കരടിയും കാടന്മാരും
പൂപോലെ പിച്ചിച്ചീന്തി- 
യവളുടെ പൂവൽ മേനി. 

കാടാകെ വാർത്ത‍ പരന്നു. 
"ഹൂങ്കാര" ശബ്ദത്തോടെ, 
തേനീച്ചക്കൂട്ടമിളകി 
കരടിയും കാടന്മാരും 
ഗുഹയിൽ പോയൊളിച്ചല്ലോ? 
(ടീ.വീ.ക്കാരോടിയെത്തീ 
ചാനലിൽ വാർത്തകൾ മിന്നി.) 

പുതുപുത്തൻനോട്ടിൻകെട്ടും  
മാറാപ്പിൽ പേറിക്കൊണ്ടു,   
സന്യാസിവേഷം പൂണ്ടു, 
പണ്ടത്തെ കള്ളപ്പൂച്ച,
മറ്റൊരു നാട്ടിൽ ചെന്നു. 
പുതിയോരിരയേ കാത്തു   
പൂച്ചസന്യാസിയായി. 
ധ്യാനത്തിൽ മുഴുകിയിരിപ്പൂ ..

No comments: