Tuesday, May 28, 2013

നിറങ്ങൾ



നിറങ്ങളേ,നിങ്ങളെഴുപേർ ചേർന്നാലേ 
നിയതമായിടൂ ഞങ്ങൾക്കീജീവിതം. 
വർണ്ണങ്ങളും വർണ്ണഭേദവുമില്ലെങ്കിൽ  
നിർണ്ണയം ഭൂമിയൊരൂഷരമാം ഗ്രഹം 

ചുവപ്പ് രാശിപൂശിയില്ലെങ്കിലർക്കന്നു-
ദയാസ്തമനത്തിലീഭംഗിയുണ്ടാകുമോ ? ,

ഹരിതനിറമില്ലെങ്കിലീജീവിതമാകെക്കൂടി    
ദുരിതപൂർണമായ്ത്തീരുമത്  നിർണ്ണയം.

നീലസാഗരവു,മനന്തമാ,മാകാശസീമയും 
നീലിമയാർന്നതിചാരുതയേകുന്നല്ലോ      

നീലനിറത്തിനെത്ര ഭാവങ്ങൾ, ഭേദങ്ങൾ
നീലതൻ നിറഭേദം വയലെറ്റെന്നതുമല്ല,  
ഇന്ത്യൻ ബ്ലു"വെന്നപേരിൽ പ്രശസ്തിനേടി  
"ഇൻഡിഗോ"യെന്നുള്ള നീലതൻ വകഭേദ-   
മായൊരു നറുംനീല നിറവും കൂടിയുണ്ട്  . 

ഭാരതാംബതൻ ത്രിവർണ്ണപതാകതന്നാദ്യ 
നിറമായുയർന്നു പാരിൻ നെറുകയിലേറി,   
മിന്നിതിളങ്ങും വർണ്ണത്തിന്,ആംഗലേയർ  
"ഓറഞ്ചു"നിറമെന്നു പറയുന്നതു ,നമ്മൾ    
ചാരുശ്രീയാർന്ന കുങ്കുമമെന്നു ചൊൽവൂ ....

പുതുമഴയേറ്റുടൻ പൂത്തിടും കൊന്നയിൽ, 
കനകക്കൊലുസ്സുപോൽ കണികാണാൻ 
പാകത്തിൽ,വിരിയുന്ന കൊന്നതൻപൂക്കളും,
വിഷുക്കണി,യായോട്ടുരുളിയിൽ തെളിയും 
വിലയേറും സ്വർണ്ണവും മലയാളിക്കേറെ 
പ്രിയമേറിടും നിറമായ മഞ്ഞയല്ലേ?  

നിറങ്ങളേഴും വേണ്ടപോലൊത്തെന്നാൽ 
നെറിവിൻ നിറമായ തൂവെള്ളയായീടും . 
വെണ്മതൻ ശുഭ്രപതാകയുയർന്നെന്നാൽ      
വിശ്വമനശ്വരസ്വർഗ്ഗമായ് ത്തീരുമല്ലോ?  

ദൈവവും മനുഷ്യനും പണ്ടൊരിക്കൽ  
തമ്മിലുണ്ടാക്കിയിട്ടുണ്ടത്രെയൊരുടമ്പടി.
അതോർമ്മിപ്പിക്കുവാനല്ലോയിന്നുമിടയ്ക്കിടെ  
മാനത്തു വിരിയുന്നതിമനോഹരമാംമുഗ്ദ്ധ-
സങ്കല്പമായേഴുവർണങ്ങൾ തന്നിന്ദ്രധനുസ്സ് .  

പ്രകൃതിയേകിയോരേഴുനിറങ്ങളെമാറ്റിമറി-
ച്ചെഴുന്നൂറാക്കാൻ വൈഭവം കാട്ടും മർത്യർ.      
രക്തരൂഷിതമാം ചുവപ്പും,മരണദ്യോതകമാം - 
കറുപ്പും നമുക്കിഷ്ടവർണങ്ങളാക്കി മാറ്റി ,
ശാന്തിതൻ ശ്വേതനിറത്തെ, ചെന്നിണ
ത്താലഭിഷേകം ചെയ്തു നമ്മളശാന്തിതൻ 
കൊലക്കളമാക്കിയീ വിശ്വത്തെ മാറ്റീടുന്നു.     

നിറങ്ങളേ,നിങ്ങളെഴുപേർ ചേർന്നാലേ 
നിയതമായിടൂ ഞങ്ങൾക്കീജീവിതം. 
വർണ്ണങ്ങളും വർണ്ണഭേദവുമില്ലെങ്കിൽ  
നിർണ്ണയം ഭൂമിയൊരൂഷരമാം ഗ്രഹം 

No comments: