Thursday, May 9, 2013

തെറ്റ്


തെറ്റുചെയ്യുവതു മനുഷ്യസഹജമെങ്കിലും  
തെറ്റു ചെയ്യാതിരിക്കാൻ ശ്രമിക്ക, നാം  

ഓർക്കുക, കൂട്ടുകാർ ചിലരൊക്കെ,  
തെറ്റിന്നീറ്റില്ലമൊരുക്കുവോർ  
കൂട്ടുകാരിയാം "ഹവ്വ"നല്കിയ   
പ്രേമപൂർവമാം പ്രേരണയാൽ   
കല്പന തെറ്റിക്കുവാൻ 
ആദവും തുനിഞ്ഞില്ലേ?  
ആദ്യത്തേ തെറ്റായതിന്നും 
ചരിത്രമുദ്ഘോഷിക്കുന്നൂ . 

തെറ്റ് ചെയ്താലതു 
തെറ്റാണെന്നറിയേണം.
തെറ്റിനെ തിരുത്തുവാൻ 
ആർജ്ജവം കാട്ടിടേണം. 
തെറ്റുംശരിയും തമ്മിൽ 
വേർതിരിച്ചറിഞ്ഞീടാൻ    
ത്രാണിയുണ്ടാകണം,
ജ്ഞാനമാർജ്ജിക്കണം. 

തെറ്റിനെ തെറ്റുകൊണ്ടു 
മറയ്ക്കാൻ ശ്രമിക്കല്ലേ,  
ഇരുട്ടുകൊണ്ട്, "ഓട്ട"
അടയ്ക്കാൻ കഴിയുമോ  ?
തെറ്റുകളാവർത്തിച്ചു 
ചെയ്യാതിരിക്കാൻ    
പ്രതിജ്ഞയെടുക്കണം 
തെറ്റിക്കാതെ,തന്നെയാ  
പ്രതിജ്ഞപാലിക്കേണം.

മന:ശക്തിയുണ്ടാകണം, 
മനനം ചെയ്യണം 
മനനം ചെയ്യുന്നവൻ 
മനീഷിയാണത്രേ    
മനീഷിയും വെറുമൊരു  
മനുഷ്യനാണല്ലോ?
മനുഷ്യനായാലവൻ 
തെറ്റുകൾ ചെയ്കയില്ലേ?.    

തെറ്റുചെയ്യുവതു മനുഷ്യ-
സഹജമാണെങ്കിലും   
തെറ്റുകൾ വീണ്ടും 
ആവർത്തിക്കാതിരിക്കാൻ 
കഴിയണം . 

No comments: