Tuesday, July 2, 2013

ദൈവത്തിന്റെ സ്വന്തനാട് ?


ചുര മാന്തിയെത്തുന്നു
മൂരി ശൃംഗാരത്തിൻ
ദുരമൂത്തു നാട്ടിൽ 
പകൽ മാന്യന്മാർ.
അവരുടെ ചെയ്തികൾ
കണ്ടു മുഖംപൊത്തി-
ക്കരയുകയല്ലാതെ 
നാമെന്തു ചെയ്യും  .

കാമശരമേല്കെ  
മഹേശ്വരൻ പോലും 
കാമപരവശനായ്  
മാറിയില്ലേ? 
രതീദേവിയെ 
മോഹിച്ചില്ലേ?  
കാമനുണർന്നാലേതു 
മാമനും വീഴുമല്ലോ 
തെറ്റാത്തവർ പാടെ 
തെറ്റിപ്പോയെന്നുംവരാം ..  

കാമത്തിൻകോമരങ്ങൾ 
ഉറഞ്ഞു തുള്ളുന്നല്ലോ, 
നാടിൻ "താക്കോൽ 
സ്ഥാനമാം" ഭരണ
സിരാ കേന്ദ്രത്തിൽ 
പോലുംകഷ്ടം .
"സമ ദൂര"ത്തിലല്ല 
"ശരി ദൂര"ത്തിൽ തന്നെ 
അവരെയകറ്റുവാൻ 
മറന്ന മന്ത്രിമാരോ 
ഉപ്പു തിന്നവരായേറെ     
വെള്ളവും കുടിക്കുന്നു.  

മാദകഭാവമാർന്നു,
വന്നെത്തിശാലീനരാം 
മോഹിനിമാരേക്കണ്ടു ,
കാമമോഹിതരായവർ ,
സചിവോത്തമനുടെ    
കിങ്കരപരിഷകൾ 
കോടികൾ തട്ടീടാൻ .
ത്താശ ചെയ്തീടുന്നു. 

ആട് ,മാഞ്ചിയം,"ടോട്ടൽ" 
തട്ടിപ്പിന്നിരയായോർ   
"പോഴന്മാർ" ചിലരിന്നും 
കെണിയിൽ വീണീടുന്നു. 
(ചൂട് വെള്ളത്തിൽ വീണ 
മാർജ്ജാരൻ തന്റെ കഥ     
മാതൃകയാക്കൂ നിങ്ങൾ 
പോഴരാം നാട്ടുകാരേ... )

ഒച്ചിഴയും പോൽ നീങ്ങും 
സർക്കാരിൻ ഗതിവേഗം  
മെച്ചമാക്കാ"നതിവേഗം,
ബഹുദൂര"മെത്തിക്കാൻ , 
ഭരണശകടത്തിന്നൂർജ്ജവു -
മായെത്തി,മൊബൈൽ 
ഫോണിൽ "സരിഗമ" പാടി  
കറക്കുകമ്പനിക്കാർ.  

സ്വകാര്യം,'സുതാര്യമായി' 
നാട്ടുകാരറിഞ്ഞല്ലോ,  
മോഹിനിഭാഷണത്തിൽ   
മയങ്ങിവീണോരെല്ലാം 
മോചനം പ്രതീക്ഷിച്ചു 
ജയിലിൽ കിടക്കുന്നു.   


പ്രളയക്കെടുതിയും 
ആരോഗ്യ പ്രശ്നവുമായ് 
ദുരിതമേറീ,ജനം 
പരവശരായെന്നാലും 
ഭരണ-പ്രതിപക്ഷ 
ഭേദമില്ലാതവരൊക്കെ  
നിത്യ ഹരിത- സരിത 
കോലാഹലങ്ങളുമായി 
ചാനലിൽ നിറയുന്നു .
ചർച്ചകൾ,കൊഴുക്കുന്നു.  

"ഗോഗ്വാ" വിളിയുമായ്  
തെരുവിലണികളോ, 
അക്രമ സമാരാഗ്നി 
കൊളുത്തി സകലതും 
തച്ചുടച്ചവരെല്ലാം  
തകർത്തു മുന്നേറുന്നു .. 

ജ്വലിക്കും സമരാഗ്നി 
കെടുത്താൻ പണിപ്പെട്ടു   
ജലപീരങ്കിചീറ്റിച്ചെത്രയോ 
ജലം സർക്കാർ വൃഥാ 
പാഴാക്കികളയുന്നു .  

കുടിവെള്ളവും തേടി  
നെട്ടോട്ടമോടും ജനം  
ദുരിതമേറിയിന്നും 
തെരുവിലലയുന്നു. 
ഭരണ-സമരാഭാസ .
ദുരിതം പേറാൻ മാത്രം 
വിധിയുള്ളവർ  നമ്മൾ  
സഹികെട്ടലയുന്നു. 

മൂല്യം തകരുന്നോരിന്ത്യൻ 
കറൻസി പോൽ    
വിലകെട്ടവരായ   
നമ്മുടെ നേതാക്കളോ 
വിളപ്പിൽശാലതൻ 
മാലിന്യത്തെക്കാളേറെ  
നാറുന്നോരഴിമതിമാലിന്യ 
കൂമ്പാരത്തിൽ പുളച്ചു 
മദിക്കുന്ന പുഴുക്കൾ 
തന്നെയല്ലേ? 

നാറ്റമേറുമശ്ലീലക്കഥതേടി 
വരാഹജന്മം പൂണ്ടെങ്ങും   
തിരഞ്ഞു നടക്കുന്നവർ  
ന്വേഷണാല്മകമാവേശ- 
ത്വരയാർന്നൊരു നൂതന   
ദൃശ്യ- മാധ്യമ ലേഖകന്മാർ. 

വിഷം പോലെയുള്ള  
"വിഷയ" ദൃശ്യങ്ങൾ 
തുടരെ കാണിച്ചു 
ചാനലിൻ "റേറ്റ്" കൂട്ടാൻ 
നാറ്റക്കഥകൾ തന്നതി-
പ്രളയമൊഴുക്കിയവർ     
ഹീന- സംസ്കാരത്തിൻ 
കേദാര ഭൂമിയാക്കി, 
കോമള ശ്യാമള കേരളം 
നാറുന്ന മാലിന്യ ഭൂമിയായ്‌ 
മാറിയെന്നോ?
ഉപരോധധസമരക്കാരും  
പ്രതിരോധക്കാരും കൂടി 
ജനദ്രോഹമേകും പണി- 
യിനിയും തുടർന്നെന്നാൽ  
പൊറുതിമുട്ടും ജനം 
പൊരുതാൻ കാലമായി. 

ദൈവത്തിൻ സ്വന്ത നാട്. 
നരകമാക്കി നമ്മൾ,    
കേഴുക മമ നാടേ, 
പണ്ട്  മാവേലി മന്നൻ വാണ  
നാക സമാന നാടേ, 
നീ കേഴുകയവിരാമം. 


No comments: