Sunday, August 25, 2013

ശാന്തി


ശാന്തി 

അറിവ് നല്കിടാൻ ആശാനുണ്ടാവണം 

അറിഞ്ഞ വിദ്യതൻ പൊരുളറിയണം  
അഭ്യസിക്കണം,പൊരുള് തേടണം 
അഭ്യസിച്ചോരറിവുകളാലെ,നാം 
ജ്ഞാനിയായിടും ,മാനിയായിടും   
ജ്ഞാനമുള്ളവൻ ധ്യാനിയായിടും 
ധ്യാനമേകിടും സുബോധമെപ്പൊഴും
ബോധമുള്ളവൻ  ബുദ്ധനായിടും 
പ്രബുദ്ധനായവൻ ത്യാഗിയായിടും 
ത്യാഗികൾക്കല്ലോ ശാന്തി കിട്ടുക 
ശാന്തി,ഓം ശാന്തി,യെന്നമന്ത്രണം
               ശാശ്വതമാം സൌഖ്യമേകിടും            

Wednesday, August 21, 2013

വിധിവാക്യം...



Christ Before Pilate, Mihaly Munkacsy

"അവനെ കൊല്ലുക,കൊല്ലുക"-
യെന്നാർത്തുവിളിപ്പൂ,പരീശന്മാർ 
"ബാറാബാസിനെ വിട്ടയക്കൂ"...
"കുരിശിലേറ്റുക യേശുവിനേ.".. 
പീലാത്തോസിന്നരമനമുന്നിൽ 
തടിച്ചു കൂടിയ ജനതതി കേൾക്കെ  
പിലാത്തോസിൻ വിധിന്യായം   
"കൊല്ലുകയരുത്,വിട്ടേക്കവനെ" 
ചൊല്ലീ നല്ലൊരു വിധിവാക്യം...
എഴുത്തുകാരതു കുറിച്ചതിൻ പടി 
നടത്തിയല്ലോ വിധിന്യായം .
കുറിച്ചെടുത്തവനെഴുതിയതിപ്പടി 
കൊല്ലുക,അരുത് വിട്ടേക്കല്ലേ ,
"കൊല്ലുക,അരുത് വിട്ടേക്കല്ലേ" 
അശ്രദ്ധയോടെ എഴുതിയതിൻ 
ഫലമതെത്ര കഠിനം ചിന്തിക്കൂ ..

Wednesday, August 14, 2013

സ്വാതന്ത്ര്യ ദിനാശംസകൾ


                         
പ്രഭാതഭേരികളുയരട്ടെ !
നിതാന്ത ജാഗ്രതയേറട്ടെ !
ഭാരതഭൂവിന്‍ വര്‍ണ്ണപതാകകള്‍
പാരിന്‍ നെറുകയിലുയരട്ടെ !
ഒലിവിലയേന്തും മാടപ്രാവുക-
ളൊന്നായ്‌ വാനില്‍ ഉയരട്ടെ !

നാനാജാതി,ഭാഷകൾ,ഭൂഷകൾ 
ഭൂഷണമാക്കിയ ജനതതികൾ 
മഴവില്ലിന്നഴകാർന്നീ ഭൂവിൽ  
ഒരൊറ്റജനമായ്  കഴിയട്ടെ !
ഒരെയോരിന്ത്യ ,ഒരൊറ്റ ജനത 
കരുത്തരായവർ മുന്നേറട്ടെ!  

വയലേലകളിൽ ,പണിശാലകളിൽ 
കഠിനാധ്വാന മന്ത്രവുമായ്  
 കുരുക്ഷേത്രത്തിൻ സംഗരഭൂമി  
 പുതുക്കി നമ്മൾ ജയിച്ചിടും 
കരുത്തുനേടി കുതിച്ചു പായുക 
നമുക്കു ലക്ഷ്യം വിജയം മാത്രം 




Monday, August 12, 2013

തൊട്ടാവാടി



Photo
           
നീയൊരു തൊട്ടാവാടിയാണെന്നോ ?
നിനക്കാത്മ ധൈര്യമില്ലാതെ പോയോ ? 
നിന്നെവെറുമൊരു മുൾചെടിയാക്കി
എന്തേയകറ്റുന്നു മാലോകരെല്ലാം ?
നിൻ  മനസ്സിൽ തെളിവാർന്നു നിൽപ്പതു 
നീറും വിഷാദത്തിന്നോർമകളോ? 
പച്ചപ്പട്ടിന്നുടയാട ചുറ്റി നീ
പയ്യാരം ചൊല്ലിയാ പാതയോരങ്ങളിൽ  
പൂത്തുല്ലസിച്ചുകുണുങ്ങി നിന്നപ്പോൾ
ഏതോ ദിവാസ്വപ്നമാദക ലഹരിയിൽ
ഏറെ മുഴുകി,നീയേതോപഥികനെ 
ആരാരുമറിയാതെ ചുറ്റിപ്പിടിച്ചതും
ആകസ്മികമാം പരിരംഭണത്താൽ - 
ആഗതൻ നിന്നെ തലോടിനില്ക്കെ,  
നാണത്താൽ കൂമ്പിയൊരിലകളോടെ
ആകെപരവശയായി നീ തളർന്നു. 
കാമുകൻ തന്റെ പരിലാളനത്തിൽ
കാതരയായ നീ കൂമ്പിയ മിഴിയുമായ് . 
തൊഴുകൈകളോടെ,മുനികന്യകയേ പോൽ   
തൊടിയിലനാഥയായ് നില്ക്കയല്ലേ?
പാതയോരത്തു പരിത്യക്തയായ്,വെറും 
പാഴ് ചെടിക്കൊപ്പം നീ നിൽപ്പതെന്തേ? .
പതിതയെന്നോതി,നിന്നെ പുറത്താക്കി  
തെരുവിലേക്കെന്തിന്നവരെറിഞ്ഞു?
കാലിക്കൂട്ടങ്ങൾ മേയുന്നു മേനിയിൽ 
കാതരേ നിൻ ജന്മം പാഴിലായോ?. 
നിന്റെ മനോഹരപുഷ്പങ്ങൾ കണ്ടിട്ടും 
നിന്നിലെ നന്മകളൊന്നുമേ,കാണാതെ 
വെറുക്കപ്പെട്ടൊരു മുൾചെടിമാത്രമായ്‌  
തിരസ്കൃത,നീയബലയാം,തൊട്ടാവാടി. 

  

Sunday, August 11, 2013

പൂക്കാരി



Photo


ആടിമാസത്തിമിർപ്പു കഴിഞ്ഞു  
ആടിക്കാർ പെയ്തൊഴിവായി . 
ആവണിപ്പൊന്നിൻ തേരിൽ
ആഹ്ലാദം വിരുന്നു വന്നു. .
പാടങ്ങൾ കൊയ്തൊഴിഞ്ഞു 
നാടാകെ സമൃദ്ധമായി. 
ഓടങ്ങൾ വഞ്ചിപ്പാട്ടിൻ 
താളത്തിൽ തുഴകളെറിഞ്ഞു.
ഓണനിലാവാകാശത്തോ, 
കളിവള്ളം പോലെ തിളങ്ങി.  
ആവണിപ്പാടമതൊക്കെ   
ആമ്പലപ്പൂ മൊട്ടുകളാൽ 
പുളകിത ഗാത്രികളായി, 
പുന്നാരം ചൊല്ലി വിരിഞ്ഞു. 
പൂമാരനെ വരവേറ്റിടുവാൻ  
പൂത്താലമെടുത്തു കഴിഞ്ഞു.  

കളിവഞ്ചിതുഴഞ്ഞുവരുന്നു,   
കരുമാടിക്കുട്ടൻ ഞാനും.   
ഒരുകുമ്പിൾ പൂവുകൾ നുള്ളി 
പൂക്കടയിൽ വിറ്റെന്നാകിൽ 
ഒരുനേരമഷ്ടികഴിക്കാൻ 
ഒരു ചില്ലിക്കാശു ലഭിയ്ക്കാം... 

ആകാശത്തമ്പിളിവഞ്ചി  
തുഴയുന്നൊരു സുന്ദരിയാളേ,   
നക്ഷത്രപ്പൂക്കളിറുത്തു  
തൻ കൂടയിലാക്കി വരുന്ന    
മാനത്തെ കുറുമ്പിപ്പെണ്ണേ, 
പൂവെല്ലാം വട്ടിയിലാക്കി  
സൂര്യന്റെ കടയിൽ വിറ്റാൽ 
ഒരു ദിവസം കഴിച്ചു കൂട്ടാൻ 
മതിയായതു നിനക്കു കിട്ടും. 
അതിലല്പമെനിക്കു തരാമോ? 

മാനത്തെ പൂക്കൾ നുള്ളാൻ 
ഞാൻ കൂടി വന്നെന്നാകിൽ, 
നിൻ തോണിയിലെന്നേ കൂടി 
നിൻ ചാരത്തിരുത്തിടാമോ ?