Tuesday, September 17, 2013

പിള്ളേരോണം


പിള്ളേര്‍ക്കുമുണ്ടൊരോണം പിള്ളേരോണം

ആവണിപ്പിറപ്പിൻ മുന്നെ 
ആർഭാടത്തോടെ നമ്മൾ  
പണ്ടാചരിച്ചിരുന്നോരോണം,
പിള്ളേരോണം. 


ഇരുപത്തേഴുദിനം,നമ്മൾ 
തിരുവോണ നാളിൻ മുൻപേ
കളിയാടി വന്നോരോണം 
പിള്ളേരോണം.... 

കർക്കിടകപ്പേമാരിക്കിളവായി 
ഒരു പത്തുനാൾ  തെളിവുണ്ടേ, 
അപ്പോളാണാഘോഷിപ്പതീ 
 പിള്ളേരോണം.

ശ്രാവണത്തിരുവോണമാ
ഗതമാകും മുന്നേ 
നല്ല നാളതിൻ നാന്ദിയായി 
നമ്മളാചരിച്ചിരുന്നത്രേ 
ഈ പിള്ളേരോണം .

ആർപ്പോ... ഇർറോ, ഇർറോ
എന്നുച്ചത്തിൽ വിളിച്ചവർ 
കുട്ടിക്കൂട്ടമായാമോദിച്ചു 
കഴിഞ്ഞ കാലം.

മലവെള്ളം പൊങ്ങിപൊങ്ങി 
പാടമൊക്കെ കായലായി 
വാഴപ്പിണ്ടി ചങ്ങാടത്തിൽ 
തുഴഞ്ഞ കാലം...

പൂവിളിപ്പാട്ടിന്റെ നല്ല 
ശീലുകൾ മെല്ലെ,മെല്ലെ
ഗ്രാമ,ഗ്രാമാന്തരങ്ങളിലും 
 മുഴങ്ങും കാലം. 

പിള്ളേരോണമെന്താണതെ   
ന്നത്ഭുതം കൂറി നിൽപ്പൂ 
അച്ഛനുമമ്മക്കുമൊറ്റ-
പ്പുത്രനാം കുട്ടി. 

കൂട്ടുകുടുംബരീതി പാടേ 
ശിഥിലമായതിൽ പിന്നെ 
നാട്ടുനടപ്പുകളൊക്കെ 
കീഴ്മേൽ മറിഞ്ഞു .

പൂവേ പൊലി, പൊലിയെ, 
പൊലി എന്ന് 
കുട്ടിക്കൂട്ടം കൂട്ടുചേർന്ന് 
ആർപ്പുവിളിച്ചാമോദിച്ചു 
കഴിഞ്ഞ കാലം.

ഇങ്ങിനി വരാത്തവണ്ണം 
കൊഴിഞ്ഞു 
പോയാ ദിനങ്ങൾ 
നന്മതൻ നറുമലർ 
വിടരും കാലം! 

No comments: