Sunday, September 22, 2013

എന്റെ കഥ,നിങ്ങളുടെതും


                                          എന്റെ കഥ,നിങ്ങളുടെതും

ആമുഖം 
ഞാൻ ഈ കുറിക്കുന്നത് എന്റെ ജന്മനാടിനെക്കുറിച്ചും അവിടെയുള്ള നാട്ടുകാരെക്കുറിച്ചുമുള്ള           
എന്റെ ഓർമയിൽ തെളിയുന്ന ശിഥിലചിന്തകളാണ് .അവ തികച്ചും വ്യക്തിനിഷ്ടമായ ഭാവനാ ചിത്രങ്ങളാണ് .എന്നാൽ യാഥാർത്യവുമായി ചിലപ്പോൾ അത് താദാത്മ്യം പ്രാപിക്കുന്നതായി വായനക്കാർക്ക് തോന്നാവുന്നതുമാണ്.അങ്ങിനെ വരുമ്പോൾ അത്  ആരെയെങ്കിലും വേദനിപ്പിക്കുകയോ അലോരസ്സപ്പെടുത്തുകയോ ചെയ്യുന്നുവെങ്കിൽ സദയം എന്നോട് ക്ഷമിക്കുവാൻ അപേക്ഷിച്ചുകൊണ്ട്‌ ഒരുപക്ഷെ നിങ്ങളുടെതും കൂടിയാകാവുന്ന എന്റെ ഈ കഥ എല്ലാ ചങ്ങനാശ്ശേരി നിവാസികൾക്കുമായി സമർപ്പിക്കുന്നു .

File:Changanassery Landmarks.JPG



അധ്യായം ഒന്ന് 

ഞാന്‍ ഒരു നാട്ടിന്‍ പുറത്തുനിന്നും വരുന്നവന്‍.. നാട്ടിന്‍ പുറമെന്നാല്‍ മദ്ധ്യ തിരുവിതാംകൂറിലുള്ള ഒരു ചെറിയ പട്ടണം . പക്ഷെ പട്ടണത്തിന്റെ  നാട്യം ഒട്ടുമില്ലാത്ത ഒരു പ്രദേശം.
എന്റെ നാടിന്റെ കിഴക്ക് ഭാഗം ചെറിയ കുന്നിന്‍ പ്രദേശമാണ്.പടിഞ്ഞാറ് പുഞ്ചപ്പാടങ്ങളും തോടുകളും നിറഞ്ഞ കുട്ടനാടന്‍ ഭൂപ്രദേശം.കരിമ്പാറയും വെട്ടുകല്ലും  നിറഞ്ഞ കിഴക്കന്‍ പ്രദേശത്തുനിന്നും പടിഞ്ഞാറ് ഭാഗത്തേക്ക് വരുമ്പോള്‍ ക്രമേണ മണ്ണിന്റെ  ഘടനയിലും സാരമായ മാറ്റം കാണാവുന്നതാണ്.കട്ടിയുള്ള മണ്ണ്  നിറഞ്ഞ മലമ്പ്രദേശം ക്രമേണ പശിമയുള്ള വളക്കൂറുള്ള  മണ്ണായി മാറുന്നു. വീണ്ടും പടിഞ്ഞാറ് ഭാഗത്തേക്ക് വരുമ്പോള്‍ ചേറു നിറഞ്ഞു, നെല്കൃഷിക്കുമാത്രം യോജിച്ച ഭൂവിഭാഗമായി മാറുന്നു .ഭൂവിജ്ഞാനീയശാസ്ത്രജ്ഞർ "ലാറ്ററൈറ്റ് "എന്നു വിളിക്കുന്ന വെട്ടുകല്ല് അഥവാ ചെങ്കല്ല് ,"ഗ്രാനൈറ്റ്"  എന്ന് പറയുന്ന കരിങ്കൽപാറ നിറഞ്ഞ കുന്നിൻ പുറങ്ങൾ
നിറഞ്ഞ പ്രദേശമാണ് ഇത് ഒരുപക്ഷെ ഖനിജങ്ങൾ എന്ന വിഭാഗത്തിൽപ്പെടുത്താവുന്ന പ്രകൃതി വിഭവവും ഈ കല്ലുകളാണ്..ലിഗ്നൈറ്റ് ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നതും കാണ്ടാമരം എന്ന് ഗ്രാമീണർ പറയുന്ന ഒരുതരം കല്ക്കരി സദൃശമായ വസ്തുവും വളരെ പരിമിതമായ തോതിൽ ഈ പ്രദേശത്തെ പുഞ്ചപ്പാടങ്ങളിൽ നിന്നും ലഭ്യമാണ്.
 എന്റെ  നാട്ടുകാര്‍  ഭൂരിഭാഗവും കൃഷിയും അനുബന്ധ ജോലികളിലും വ്യാപൃതരായവരായിരുന്നു .മരച്ചീനി(കപ്പ), പച്ചക്കറി, വാഴ എന്നിവയാണ് നെല്‍കൃഷിക്ക് പുറമേ പ്രധാന വിളകള്‍. എന്നാല്‍ കിഴക്കന്‍ പ്രദേശത്ത് റബ്ബര്‍,കാപ്പി,കൊക്കോ തുടങ്ങിയ നാണ്യവിളകളും കാണാനുണ്ട്.                                  
എന്റെ നാട്പ്രസിദ്ധമായ  ഒരു വ്യാപാരകേന്ദ്രം കൂടിയാണ് .ചങ്ങനാശ്ശേരി ചന്തയില്‍ ലഭിക്കാത്തതായി ഒന്നുമില്ലായിരുന്നത്രേ. ആന, ആയിരുന്നത്രെ ആദ്യ  വിപണന വസ്തു. കിഴക്കന്‍ മല നിരകളില്‍ നിന്നും കാള വണ്ടികളില്‍ മലഞ്ചരക്കുമായ്  വരുന്ന കച്ചവടക്കാര്‍ മടങ്ങുമ്പോള്‍ കയർ, ഉണക്കമീന്‍ തുടങ്ങിയ വിഭവങ്ങള്‍ കൊണ്ടുപോയിരുന്നു. ബുധനാഴ്ചയും ശനിയാഴ്ചയുമായിരുന്നു ചന്ത  ദിവസ്സങ്ങള്‍. ഈ ദിവസ്സങ്ങളില്‍ കാള വണ്ടികളുടെ കട, കട ശബ്ദം   കേട്ടാണ് ഞാന്‍ രാവിലെ ഉണര്ന്നിരുന്നത്..
എഴിഞ്ഞില്ലം മുതൽ തുരുത്തി വരെ എം.സി.റോഡിന്റെ ഇരുവശത്തുമായിട്ടാണ് കോട്ടയം ജില്ലയിലെ പ്രധാന  താലൂക്കായ ചങ്ങനാശ്ശേരി സ്ഥിതി ചെയ്യുന്നത് .ളായിക്കാട്ടു പാലം ലോപിച്ച് "ളാപ്പാലം" എന്ന് പറയുന്ന ഒരുചെറിയ പാലമാണ് ചങ്ങനാശ്ശേരി മുനിസിപ്പൽ  പട്ടണത്തിന്റെ തെക്കേ അതൃത്തി.വടക്കു ഭാഗത്ത് അതൃത്തി കണ്ണംപേരൂർ ചിറവരെയും കിഴക്ക് കുരിശുംമൂടും പടിഞ്ഞാറ് പാറാൽ / വെട്ടിത്തുരുത്തുമാണ് ,ചങ്ങനാശ്ശേരി പട്ടണത്തിലെ  24 വാർഡുകൾ ഉൾപ്പെടുന്ന മുനിസിപ്പൽ പ്രദേശം .
             
2001 -ലെ സെൻസസ് പ്രകാരം ചങ്ങനാസേരിയുടെ ജനസംഖ്യ 51960 ആണ്.അതിൽ സ്ത്രീപുരുഷ അനുപാതം 52::48 ആണ് .സാക്ഷരതാ നിരക്ക് ഏതാണ്ട് 86% കൂടുതലാണ്.ചങ്ങനാശ്ശേരിയുടെ ജനസംഖ്യയിൽ ഗണ്യമായ ഒരു വിഭാഗം പ്രവാസികളാണ്.





ജാതി- മത സൗഹാർദ്ദത്തിൽ "ചങ്ങനാശ്ശേരിമാതൃക" പ്രശംസനീയമാണ് .ക്രൈസ്തവ, ഹിന്ദു, മുസ്ലീം സമുദായങ്ങൾ യാതൊരു വിധ സമുദായസ്പർദ്ദയും കൂടാതെ ഇവിടെ പരസ്പര വിശ്വാസത്തിലും മൈത്രിയിലും കാലാകാലങ്ങളായി സമാധാനത്തോടെ കഴിഞ്ഞു വരുന്നു.ക്രിസ്തുമസ് ,പുഴവാത് അമ്പലത്തിലെ ചിറപ്പ് മഹോത്സവം, മുസ്ലീം ജനവിഭാഗത്തിന്റെ ചന്ദനക്കുടമഹോത്സവം,എന്നിവ ജനങ്ങൾ ഒന്നായി അണിചേർന്നു ഇവിടെ ഡിസംബർ മാസത്തിൽ ഏതാണ്ട് ഒരേ കാലയളവിൽ തന്നെ കൊണ്ടാടുന്നു.
സെന്റ് മേരീസ് മെട്രോപോളിറ്റൻ കത്തീഡ്രൽ പള്ളി ,പാറേൽ പള്ളി, എന്നിവ ഇവിടുത്തെ പ്രബല ക്രൈസ്തവ വിഭാഗമായ സീറോ മലബാർ കത്തോലിക്കരുടെ പ്രശസ്തമായ ആരാധനാലയങ്ങളാണ് .
പെരുന്ന സുബ്രമണ്യ സ്വാമി ക്ഷേത്രം, വാഴപ്പള്ളി മഹാദേവർ ക്ഷേത്രം,തൃക്കൊടിത്താനം മഹാ വിഷ്ണുക്ഷേത്രം എന്നിവ കീർത്തികേട്ട ഹൈന്ദവക്ഷേത്രങ്ങളും.പുതിയ പള്ളി എന്നർഥത്തിൽ പുതൂർപ്പള്ളി,പഴയപള്ളി എന്നിവ  മുസൽമാന്മാരുടെ പ്രസിദ്ധമായ മസ്ജിദുകളാണ്. .ആനന്ദാശ്രമം ആകട്ടെ പ്രശസ്തമായ ഈഴവസമുദായസ്ഥാപനമാണ്‌..

(തുടരും )

No comments: