Sunday, October 27, 2013

രമണനും ചന്ദ്രികയും




കാടുകളിലുള്ള തരുനിരകളൊക്കെ
കൊടിയകോടാലിവെട്ടിനിരത്തി
നാട്ടിൻപുറം നഗര-നരകങ്ങളായീ 
വനമതില്ലെന്നായി,മഴയുമില്ലെന്നായി
വനമില്ലെന്നായാൽ, പുഴകളുണ്ടാകുമോ?  
പുഴയുടെ പുളിനങ്ങൾ,കരിയുന്നതു മിച്ചം 
മേച്ചിൽപ്പുറങ്ങളില്ലി,വിടാടുകളുമില്ല
രമണനിനിമേയ്ക്കാനാടുകളെത്തേടി
പ്രവാസിയായി മരുനാട്ടിലെത്താം 
ഒട്ടകം മേയ്ക്കാൻ മരുഭൂവിലെത്താം 
മേച്ചിടുകിൽ,നല്ലവേതനം കിട്ടാം
നാട്ടിൽ പറന്നെത്തി പത്രാസു കാട്ടാം
കൂട്ടിനു ചന്ദ്രികമാരെത്രയോ ലഭ്യം.
"മിസ്‌ കോള"ടിച്ചാൽ മതിയവരെത്തും 
മിണ്ടാനും പഞ്ചാരവാക്കുകൾ ചൊല്ലി
സഞ്ചാരത്തി"ന്നെസ്കോർട്ടെ"ന്നപേരിൽ
ചന്ദ്രികമാരേറെ കൂട്ടിന്നായെത്തും. 
ആധുനിക രമണനു പ്രേമനൈരാശ്യ-
പാരവശ്യത്തിന്നാവശ്യമില്ല. 
ശോകഗാനമില്ലാത്മഹത്യവേണ്ട 
കവിതകളെഴുതാൻ ചങ്ങമ്പുഴ വേണ്ട 
ചന്ദ്രികാ,രമണ ശോകഗാനം പാടും 
കോകിലയുഗ്മത്തെ കാണ്മാനേയില്ല 
പ്രേമസുരഭില ഗാനങ്ങളൊക്കെ 
പോയകാലത്തിന്റെ രോമാഞ്ചമല്ലേ ? 
കോകിലമില്ലാ,കേകിയുമില്ലാ.
റാകിപ്പറക്കും കഴുകന്മാർ മാത്രം 
മലയാള നാട്ടിൽസുലഭമാണല്ലോ ?   

Monday, October 21, 2013

നഷ്ടസ്വർഗ്ഗങ്ങൾ



ഇഷ്ടാനിഷ്ടങ്ങൾ
തൻ തടവറയിൽ
നഷ്ടസ്വർഗ്ഗങ്ങൾ
നമ്മൾ തീർക്കുന്നു. 
കഷ്ടതയേറി ജീവിതം
വ്യർത്ഥമെന്നു കേഴുന്നു.

ഇഷ്ടമതൊന്നിനോടും 

ഒട്ടും കൂടുതൽ കാട്ടാതെ 
കിട്ടുന്നതിൽ തീർത്തും
തൃപ്തരായി മാറിയാൽ 
നഷ്ടബോധമില്ലാതെ
വിശിഷ്ടമാക്കി ജീവിതം
നിശ്ചയം നയിച്ചിടാം...

"കിട്ടാക്കനിയെനിക്കു  

വേണ്ട,പുളിക്കുമെന്നു " 
ന്യായം ചൊല്ലി,പണ്ട് 
മറ്റൊന്ന് തേടിയോരാ 
പഞ്ചതന്ത്രം കഥയിലെ 
കുറുക്കനെത്തന്നെ നാം 
മാതൃകയാക്കി ജീവിതം 
നയിക്കുവാൻ തുനിയുകിൽ 
നഷ്ടസൌഭാഗ്യമോർത്തു 
വൃഥാ വിലപിച്ചീടുമോ?

Sunday, October 20, 2013

ഈശ്വരൻ






നിറുത്തല്‍ കൂടാതവിരാമമെങ്ങും 
തിരുത്തിടാനായ്‌ ശ്രമമേറിടുന്നൂ....
തിരുത്തിടാമോ,വിശ്വപ്രകൃതിപാഠം
ഒരുത്തനെങ്ങാണ്ടോരിടത്തിരുന്നാ- 
"കരുത്തനെല്ലാം"നിയന്ത്രിക്കയല്ലേ ?

മനുഷ്യബുദ്ധിക്കതീതനായവൻ 
"അനന്തമജ്ഞാതമവർണ്ണനീയൻ" 
അവനീപതിയാമവനെ മാലോകർ 
ഈശ്വരനാമ സംപൂജിതനാക്കി 
അവന്റെ പേരിൽ ജനങ്ങളെല്ലാം 
കലഹം കൂടുന്നു,മരണംകൊയ്യുന്നു
.
ഈശ്വരപൂജയ്ക്ക്  വിഭിന്നരൂപത്തിൽ  
മതങ്ങളോരോന്നായ്  പിറന്നുവല്ലോ? 
മനുഷ്യ മതങ്ങൾക്കടിമകളായ് 
മതസ്പർധയേറി,പരസ്പരം തമ്മിൽ 
മൃഗങ്ങളെപ്പോലെ,മദിച്ചു മർത്യർ 
കലഹം കൂടുന്നു,മരണംകൊയ്യുന്നു .. 

ഒരേയൊരു,ശക്തിയീശ്വരചൈതന്യം 
കുടികൊള്ളുന്നത് സ്നേഹത്തിലല്ലോ?
സ്നേഹമാണീശ്വരനവന്റെ സ്നേഹമീ
പ്രപഞ്ചം മുഴുവൻ നിറഞ്ഞു നില്ക്കുന്നു ..
    

Saturday, October 19, 2013

മാല്യം ഹസ്തേ വാനര:



ഒരിക്കലൊരു 
കുരങ്ങിനൊരു 
പൂമാല കിട്ടി, 
കടിച്ചു പറിച്ചു 
വലിച്ചെറിഞ്ഞു 
പിന്നെയൊരിക്കൽ 
പിടി വള്ളി കിട്ടി 
കുരങ്ങൻ നിനച്ചത് 
പൂമാല്യമെന്നു 
കടിച്ചു പറിക്കാൻ 
ശ്രമിക്കുന്ന നേരം 
വള്ളിയത് ചീറ്റുന്നു 
ഭീതി പൂണ്ടയ്യോ 
വാനരനിന്നും 
വള്ളി പിടിച്ചു 
വിറച്ചിരിപ്പത്രേ!  

Friday, October 18, 2013

കെ രാഘവൻ മാസ്റ്റർക്കു ആദരാഞ്ജലികൾ









മലയാളത്തനിമയുള്ള  നാടൻ പാട്ടുകളുടെയും നാടോടി പാട്ടുകളുടെയും ഗൃഹാതുരത്വം വിങ്ങുന്ന ശീലുകളിലൂടെ മലയാളികളുടെ മനസ്സിൽ സ്ഥിര പ്രതിഷ്ഠ നേടിയ രാഘവൻ മാസ്റ്റരെ നമിക്കാതിരിക്കാൻ "കായലരികത്ത് വലയെറിഞ്ഞപ്പോൾ" എന്ന ഗാനം ഒരിക്കലെങ്കിലും മൂളിയിട്ടുള്ള മലയാളികൾക്ക് സാധിക്കില്ല .

ചിത്രം പുള്ളിമാന്‍ (1951)
സംവിധാനം പി ഭാസ്കരന്‍ 
രചന പി ഭാസ്കരന്‍
സംഗീതം കെ രാഘവൻ മാസ്റ്റർ
ഗായകന്‍ കോഴിക്കോട് അബ്ദുള്‍ ഖാദര്‍
ചിത്രം റിലീസ് ചെയ്യപ്പെട്ടില്ല

ചന്ദ്രനുറങ്ങീ താരമുറങ്ങീ
ചന്ദനം ചാര്‍ത്തിയ രാവുറങ്ങീ
സുന്ദര സ്വപ്നത്തില്‍ ഞാന്‍ മയങ്ങി (2)

ഓമല്‍ കിനാവൊളി തൂകുവാന്‍
പ്രേമനിലാവേ നീ പോരുമോ
എന്‍ മന താരിന്‍ വീണയില്‍
പാടുമോ പ്രേമ ഗായികേ
ചന്ദ്രനുറങ്ങീ .........
രാക്കിളി പാടി, പാടിയുറങ്ങീ
ചന്ദനം ചാര്‍ത്തിയ രാവുറങ്ങീ
സുന്ദര സ്വപ്നത്തില്‍ ഞാന്‍ മയങ്ങി

മണ്ണും വിണ്ണും മാത്രമെന്തേ
കണ്ണില്‍ കണ്ണില്‍ നോക്കി നില്പൂ
മലര്‍വന മണിയറ തന്നിലെ - പുഷ്പ
മണിവിളക്കൊന്നായണഞ്ഞുപോയ്....
മാമരചില്ലയില്‍ മന്ദമായ് പ്രേമ
ചാമരം വീശുന്നു മാരുതന്‍
മായാത്ത സങ്കല്പ പൂമെത്തയാകുമെന്‍
മാറത്തു നീ ചേര്‍ന്നുറങ്ങീടു
ആയിരം തങ്കകിനാക്കള്‍ തന്‍
പാലാഴി തന്നില്‍ നീ നീന്തിടൂ
ചന്ദ്രനുറങ്ങീ .........

ചന്ദനം ചാര്‍ത്തിയ രാവുറങ്ങീ
സുന്ദര സ്വപ്നത്തില്‍ ഞാന്‍ മയങ്ങി
ചന്ദ്രനുറങ്ങീ .........

മാതൃത്വം..... എത്ര മഹനീയം!

image

മാതൃത്വം..... എത്ര മഹനീയം! 

മാതൃത്വം..... എത്ര മഹനീയം
പ്രകൃതി കനിഞ്ഞു സ്ത്രീകള്‍ക്ക് മാത്രമായി നല്‍കുന്ന വരദാനം
ഇതൊരു സ്ത്രീയും അമ്മയാകുന്നുവെന്നറിയുന്ന ആ നിമിഷം,അസുലഭ നിമിഷം.
അതുളവാക്കുന്ന അത്ഭുതം, ആനന്ദം.
അനിര്‍വാച്യവും, വിസ്മയകരവുമായ ഒരു അനുഭൂതി .
ദാമ്പത്യം നല്‍കുന്ന അമൂല്യമായ ഒരു സമ്മാനം .
ഏതൊരു പെണ്ണും താന്‍ ജനിച്ചത് അമ്മയാകാന്‍ വേണ്ടിയാണെന്ന് കരുതുന്ന അനര്‍ഘ നിമിഷങ്ങള്‍ .
ആദ്യത്തെ കണ്മണിക്ക്  വേണ്ടിയുള്ള കാത്തിരിപ്പ് .
തയ്യാറെടുപ്പുകള്‍.
കുട്ടിയുടുപ്പുകള്‍ തുന്നിക്കൂട്ടുന്നു.
കളിപ്പാട്ടങ്ങള്‍ വാരിക്കൂട്ടുന്നു.
താരാട്ട് പാട്ടുകള്‍ ശേഖരിച്ചു പഠിക്കുന്നു.
ഇടവിട്ടിടവിട്ടുള്ള വൈദ്യ പരിശോധനകള്‍ .
പരിശോധനാ റിപ്പോര്‍ട്ടുകള്‍ക്ക് വേണ്ടിയുള്ള ആകാംഷാഭരിതമായ കാത്തിരിപ്പുകള്‍ .
മരുന്നുകള്‍ ടോണിക്കുകള്‍ വ്യായാമം .പോഷകാഹാരങ്ങള്‍.
അവസാനം സമയം സമാഗതമാകുന്നു.
ആശുപത്രിയിലേക്ക്, വീണ്ടും പരിശോധനകള്‍.
സമയം അതിക്രമിക്കുന്നു.പ്രസവ മുറിയുടെ വാതിലുകള്‍ തുറക്കുന്നു.പ്രധാന ഡോക്ടര്‍ വരുന്നു.
ശസ്ത്രക്രിയ വേണ്ടി വരുമെന്നറിയിക്കുന്നു.
ഭര്‍ത്താവ് നിശ്ചിത സമ്മത പത്രങ്ങള്‍ പൂരിപ്പിച്ചു നല്‍കുന്നു.
ശസ്ത്രക്രിയാമുറിയിലേക്ക്  പോകാനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നു.
കൂട്ടത്തില്‍  പ്രായം കൂടിയ നേഴ്സ് പെണ്‍ കുട്ടിയോട് ഒരമ്മയുടെ വാത്സല്യത്തോടെ പറയുന്നു.
ഒന്നുകൂടി ശ്രമിക്കൂ,മോളെ ,
"പുഷ്, പുഷ്,"
ഭയചകിതയായ പെണ്‍കുട്ടിയുടെ കഠിനമായ ശ്രമത്തിനിടെ വലിയ ഒരു നിലവിളിയോടെ
അവള്‍ ബോധരഹിതയാകുന്നു.
ഉത്കണ്ടാഭരിതമായ നിമിഷങ്ങള്‍...... .
"ഇല്ളെ ,ഇല്ളെ" എന്ന കുഞ്ഞി കരച്ചില്‍ അവളിലെ അമ്മയെ ഉണര്‍ത്തുന്നു.
പ്രതീക്ഷാനിര്‍ഭരമായ കണ്ണുകള്‍ കുഞ്ഞിനെ തേടുന്നു.
കുഞ്ഞിനെ അവള്‍ തന്റെ മാറോടു ചേര്‍ത്ത് പുണരുന്നു.
ഇവിടെ ഒരമ്മ കൂടി കുഞ്ഞിനോടൊപ്പം ജനിക്കുന്നു.
അതോടൊപ്പം വീണ്ടും അമ്മയാകാനുള്ള ഒരു പെണ്‍ കുഞ്ഞു കൂടി ജനിക്കുന്നു.
മാതൃത്വം എത്ര മഹനീയം!

Thursday, October 17, 2013

കാവ്യം

Kalidasa

കാവ്യം ലളിത,മിളിതം
കഥയുര ചെയ്യേണം
ഈണം,വേണം 
താള,ലയ,സന്തുലം
നവഭാവനാ സമ്പൂർണം
ചമത്കാര സമ്മിശ്രം
അനുവാചകർക്കാസ്വാദ്യം
ഇതി കാവ്യ മനോഹരം..




ഓട്ടോഗ്രാഫ്

Image


സ്കൂൾ,കോളേജുവിദ്യാഭ്യാസ കാലത്ത് ഓട്ടോഗ്രാഫുകൾ എഴുതുന്നതിനും എഴുതിക്കുന്നതിനും സഹപാഠികൾ പരസ്പരം മത്സരിക്കുന്ന ഒരു കാലഘട്ടമാണ്,വിവിധ ക്ലാസുകളിലെ പഠനം ഏതാണ്ട്‌ അവസാനിക്കുന്ന,പഠനത്തിന്റെ സായാഹ്നകാലം.
പലവർണമുള്ള കടലാസുകൾ തുന്നിച്ചേർത്തു മനോഹരമായി തയ്യാറാക്കിയിട്ടുള്ള ഓട്ടോഗ്രാഫുകൾ.
അവയിൽ കുറിക്കുന്ന നിരർത്ഥകമായ അക്ഷരങ്ങൾ.
വിരഹവും വേർപാടും, ഇനിയെന്ന് കാണുമെന്നുള്ള വേവലാതിയും.
ഭൂമി ഉരുണ്ടതാണ്, അത് കൊണ്ട് വീണ്ടും കണ്ടുമുട്ടാതിരിക്കില്ല എന്നുള്ള പ്രത്യാശ.
ഒരിക്കലെങ്ങാൻ കണ്ടുമുട്ടിയാൽ തന്നെ ഭാഗ്യം.
അപ്പോൾ പരസ്പരം തിരിച്ചറിയാൻ കഴിഞ്ഞാൽ അത് വലിയ ഭാഗ്യം.
ഇങ്ങനെ പോകുന്നു ഓട്ടോഗ്രാഫ് വിശേഷങ്ങൾ.

എസ.ബി.കോളേജിൽ (1966-1969അവസാന വർഷം, ബി.എ ആംഗലേയഭാഷയും സാഹിത്യവും ) ക്ളാസിൽ പഠിക്കുമ്പോൾ ഞാനും ഒരു ഓട്ടോഗ്രാഫ് തയ്യാറാക്കിയിരുന്നു.കാലത്തിന്റെ കുത്തൊഴുക്കിൽ പെട്ട് കടലാസ് തോണി പോലെ അത് എവിടെയോ നഷ്ടപ്പെട്ടിരുന്നു.നീണ്ട നാല്പതിലേറെ വർഷങ്ങൾക്കു ശേഷം ഈയടുത്ത കാലത്ത് അത് എനിക്ക് കണ്ടുകിട്ടി .അത് ഒരു നിമിത്തമായി തോന്നിയതിനാലാകാം പഴയ സഹപാഠികളുടെ ഒരു ഒത്തുചേരൽ സംഘടിപ്പിച്ചാലോ എന്ന ആശയം എന്റെ മനസ്സിൽ ഒരു മിന്നൽ പോലെ ഒന്നു മിന്നി മറഞ്ഞു.
ഈ ആശയം അപ്പോഴും ചങ്ങാത്തം നിലനിർത്തിയിരുന്ന ഒന്നു രണ്ട് സഹപാറികളുമായി ഞാൻ പങ്കുവച്ചു .പ്രോത്സാഹനാപൂർവ്വം തന്നെ അവർ പ്രതികരിച്ചു .
തന്നെയുമല്ല,കുറേക്കാലം മുൻപ് ഈ പുന:സമാഗമ ചിന്തകളുമായി അവർ ഒരു ശ്രമം നടത്തിയെന്നും അത് ഫലമണിഞ്ഞില്ല എന്ന ഒരു പരിദേവനവും അവർ സാന്ദർഭികമായി പറഞ്ഞു വച്ചു .
എന്റെ സംരംഭത്തിന്നു സഹായ സഹകരണങ്ങൾ വാഗ്ദാനം ചെയ്യുവാനും വിജയമാശംസിക്കാനും അവർ മറന്നില്ല..

ഞങ്ങൾ ഇരുപത്തിനാലു പേരാണ് ക്ലാസിലുണ്ടായിരുന്നത് . ഏറെക്കുറെ എല്ലാവരുടെയും പേരും അവരുടെ ചില പ്രത്യേകതകളും കണ്ടുമറന്ന ഒരു ചലച്ചിത്രത്തിലെന്നപോലെ പതിയെ എന്റെ മനസിൽ തെളിഞ്ഞു .
ഈ സന്ദർഭത്തിലാണ് പഴയ ചങ്ങാതി ശശിധരൻ എന്നെ പൂനയിൽ നിന്ന് വിളിക്കുന്നതും ഏതാണ്ട് സമാനമായ ഒരാശയം മുന്നോട്ടു വക്കുന്നതും .
അങ്ങിനെ ഞങ്ങൾ, ശശി, ചങ്ങനാശ്ശേരിക്കാരായ "മാത്യു ത്രിമൂർത്തികൾ" പിന്നെ ഞാനും കൂടി സഹപാറികൾക്ക് വേണ്ടിയുള്ള "ഓപ്പറേഷൻ ക്ലാസ് മേറ്റെസ്" എന്ന മിഷൻ ഇമ്പൊസ്സിബിൾ- നു തുടക്കം കുറിച്ചു .

ആദ്യമായി എല്ലാവരുടെയും പേരും പഠിച്ചിരുന്ന കാലത്ത് ഏതു നാട്ടിൽ നിന്നുമാണ് വന്നിരുന്നത്‌ എന്നും അവരുടെ ഒരു തൂലികാചിത്ര വിവരണവും പരസ്പരം കൈമാറി.
തുടർന്ന് ലഭിച്ച അറിവുകൊണ്ട് ഏതാണ്ട് പതിനെട്ടോളം സുഹൃത്തുക്കളുമായി ടെലെഫോണ്‍ മുഖേന ബന്ധപ്പെടുന്നതിനു എനിക്കു കഴിഞ്ഞു .
ഓട്ടോഗ്രാഫിലെ മേൽവിലാസത്തിൽ കത്തുകൾ അയച്ചു. ചിലത് "റീ ഡയരക്ട്‌"ചെയ്താണെങ്കിലും ഉദ്ദേശിച്ച ആളിന് തന്നെ ലഭിച്ചു. ഒന്നു രണ്ടു വിദ്വാന്മാർ തന്നിരുന്ന മേൽവിലാസം പോലും തെറ്റിച്ചായിരുന്നു കുറിച്ചിരുന്നത്‌ . അവരുമായി സമ്പർക്കത്തിനുള്ള ശ്രമം വിഫലമായി.
രണ്ടു സുഹൃത്തുക്കൾ പരലോക പ്രാപ്തരായെന്ന ദുഃഖസത്യം മനസിലാക്കുന്നതിനും ഈ സംരഭം ഞങ്ങളെ സഹായിച്ചു.
*കലാലയാദ്ധ്യാപകനായിരുന്ന ഒരു മാന്യ സുഹൃത്ത്, ഞങ്ങളുടെ ഈ സംരംഭത്തോട് ഒട്ടും തന്നെ സഹകരിച്ചില്ല.അത് ഞങ്ങൾക്ക് എല്ലാവർക്കും അല്പ്പം വേദനയുളവാക്കി.ഞങ്ങൾ അത് അല്പം നീരസത്തോടെസമ്മേളന വേദിയിൽ പ്രകടിപ്പിക്കുകയും ചെയ്തു. .

ആകെയുള്ള ഇരുപത്തി നാലുപേരിൽ പതിനെട്ടു പേരെ പ്രതീക്ഷിച്ചെങ്കിലും പതിന്നാല് പേർ,ശ്രീ ചെറിയാൻ പെട്രോസ് ,എബനേസർ ജെയ്കബ് മാത്തൻ,ജോര്ജു എബ്രഹാം ,ജോണ്‍ എ .ഓ ,ജോസ് ജോര്ജ്ജു,ജോസഫ്,എൻ.ഡി,
ജോസഫ് ഇമ്മാനുവേൽ,മാത്യൂആഞ്ഞിലിവേലിൽ,മാത്യൂ തോമസ്‌ ,മാത്യൂ വർഗീസ്‌, ശശിധരൻ കെ.എസ. തോമസ് കുട്ടി കെ.കെ വിനയകുമാർ എം ,ടോമി ജേയ്കാബ് എന്നിവർ പങ്കെടുത്തു.ശ്രീ കുരിയൻ ജോര്ജു വരുമെന്ന് പറഞ്ഞിരുന്നെങ്കിലും വന്നെത്തിയില്ല.
തോമസ്‌ ടി.എ (തൊടുപുഴ) ജോസഫ് ഇ.ഡി (യു എസ എ ) ജോണ്സൻ, കെ, റെവ.ഫാ. കെ.ടി.ജോസഫ് സിഎം.ഐ,ജോര്ജുതോമസ്‌ (കല്ലിശ്ശേരി) എന്നിവരെ കോണ്ടാക്റ്റ് ചെയ്യുന്നതിന് കഴിഞ്ഞില്ല .ഞങ്ങളുടെ പഠന കാലത്ത് കോളേജിന്റെ പ്രിൻസിപ്പൽമാരായിരുന്ന മോണ്‍സിഞ്ഞോർമാരായ ഫ്രാൻസിസ് കാളാശ്ശേരിൽ , ആന്റണി കുര്യാളശ്ശേരിൽ,മാത്യൂ പുളിക്കപ്പറമ്പിൽ എന്നിവരെയും ഞങ്ങൾ സാദരം സ്മരിക്കുന്നു. പുളിക്കപ്പറമ്പിലച്ചൻ ഞങ്ങളുടെ സോഷ്യോളോജി അധ്യാപകനുമായിരുന്നു. 

പ്രൊഫസർമാരായ, വി.ജെ.അഗസ്റ്റിൻ,കെ.ജെ.ഫ്രാൻസിസ് ,എ.ഇ.അഗസ്റ്റിൻ, ജോസഫ് തോമസ്‌ മണിമുറിയിൽ,ടീ. പീ മാധവൻ പിള്ള,പി.സി.മാത്യൂ എന്നീ ഗുരു ശ്രേഷ്ടർ കാലയവനികക്കുള്ളിൽ മറഞ്ഞുകഴിഞ്ഞു.എങ്കിലും ഞങ്ങളുടെ പ്രിയപ്പെട്ടവരായ മറ്റു അഞ്ചു അദ്ധ്യാപകരിൽ നാലുപേരുടെ- പ്രൊഫ.കെ.ടി. സെബാസ്ട്യൻ, പ്രൊഫ.കെ.കെ. മാത്യു ,പ്രൊഫ പി.ജെ. ദേവസ്യ ,പ്രൊഫ വി.എസ. ജോസഫ്- എന്നിവരുടെ മഹനീയ സാന്നിദ്ധ്യം കൊണ്ടു പവിത്രീകരിക്കപ്പെട്ട ഞങ്ങളുടെ ഈ ഉദ്യമത്തെ ഒരു ഗുരുവന്ദന സമ്മേളനമാക്കുന്നതിന് കഴിഞ്ഞുവെന്നതിൽ ഞങ്ങൾക്കുള്ള ചാരിതാർത്ഥ്യം നിസ്സീമമാണ്.

ഞങ്ങളുടെ ഈ ഉദ്യമത്തെ "ഗുരുശിഷ്യബന്ധത്തിന്റെ ഊഷ്മളവും മാതൃകാപരവുമായ നിദർശനമായി കരുതുന്നുവെന്നും ഇതിൽ പങ്കെടുത്തവരുടെ ഗുരുക്കന്മാരായി അറിയപ്പെടാൻ കഴിയുന്നതിൽ അഭിമാനമുണ്ടെന്നും" ഞങ്ങളുടെ ഗുരുഭൂതർ പറഞ്ഞപ്പോൾ ഞങ്ങൾ അക്ഷരാർഥത്തിൽ തന്നെ ആനന്ദാശ്രുക്കൾ പൊഴിച്ചു. എന്നെ സംബന്ധിച്ചിടത്തോളം ഈ വാക്കുകൾ ഇരട്ടി മധുരമായി. കാരണം പങ്കെടുത്ത ഞങ്ങളുടെ അദ്ധ്യാപകരുടെ പ്രിയങ്കരനായിരുന്ന ഗുരുശ്രേഷ്ഠനായിരുന്നു എന്റെ പിതാവ് "കുഞ്ചായൻ സാർ" എന്ന പേരിൽ അറിയപ്പെട്ടിരുന്ന യശ:ശരീരനായ പി.സി.ചാക്കോ എന്ന് അവർ ആമുഖമായി പറയുകയും ഉത്തമനായ ഒരു ഗുരുശ്രേഷ്ടന്റെ മക്കളെന്നു എന്നേയും എന്റെ സഹോദരൻ പ്രൊഫ. ജോസ്.പി. ജേക്കബ് പുത്തൻപുരയിൽ -നെയും പേരെടുത്തു പറഞ്ഞു ശ്ലാഘിക്കുകയും ചെയ്യുകയുണ്ടായി.

വിഭവ സമൃദ്ധമായ ഉച്ചഭക്ഷണം ആസ്വദിച്ചതിനു ശേഷം, വീണ്ടും അടുത്തു തന്നെ ഒരു കുടുംബസമ്മേളനത്തോടെ കണ്ടുമുട്ടുമെന്ന പ്രതീക്ഷയോടെ താത്കാലികമായി ഞങ്ങളുടെ ഈ കൂട്ടായ്മക്ക് വിരാമമായി .

തുടർന്ന് ശയ്യാവലംബിയായ ഞങ്ങളുടെ സഹപാറി പ്രൊഫ..കെ.വി ഫിലിപ്പിനെ അദ്ദേഹത്തിന്റെ
വസതിയിൽ സന്ദർശിച്ചു.അതു അത്യന്തം ഹൃദയസ്പർശിയായ ഒരനുഭവമായിരുന്നു.

അതിനുശേഷം, ഞങ്ങളുടെ സംഗമത്തിൽ പങ്കെടുക്കാമെന്ന് സമ്മതിച്ചെങ്കിലും പെട്ടെന്നുണ്ടായ ശാരീരികാസ്വാസ്ഥ്യം കാരണം അതിനു കഴിയാതെ വന്ന പ്രൊഫ.കെ.വി.ജോസഫ് സാറിന്റെ വസതിയിലെത്തി അദ്ദേഹത്തിനും ഗുരുവന്ദനം നൽകി ആദരിച്ചു.
അദ്ദേഹത്തോടൊപ്പം ഞങ്ങൾ പഴയ പോയട്രി ക്ലാസ്സ്‌ "പുനരാവിഷ്കരിച്ചു" എന്നു പറഞ്ഞാൽ അതിൽ തെല്ലും അതിശയോക്തിയില്ല തന്നെ.

രാവിലെ പതിനൊന്നു മണിക്ക് ഞങ്ങളുടെ പഴയ ക്ലാസ്സ് മുറിയിൽ തന്നെ സമ്മേളിക്കുന്നതിന്നും തുടർന്നുള്ള പരിപാടികൾ ഭംഗിയായി നടത്താനും സഹായകമായി പ്രവർത്തിച്ച കോളേജു പ്രിൻസിപ്പൽ, ബഹു: ടോമിയച്ചൻ,ഇംഗ്ലീഷ് വിഭാഗം അധ്യക്ഷൻ പ്രൊഫ. ജിജിജോസഫ് കൂട്ടുമ്മേൽ , കോളേജു പൂർവ- വിദ്യാർഥിസംഘടനാ ഭാരവാഹികൾ എന്നിവരോടു ഞങ്ങൾക്ക് അകൈതവമായ നന്ദിയാണുള്ളത് ....
*ഞങ്ങളുടെ സഹപാറി അന്ന് അങ്ങനെ പ്രതികരിച്ചത് അദ്ദേഹം രോഗാവസ്ഥയിലായിരുന്നതിനാലാണ്, എന്ന് പിന്നീട് മനസ്സിലായി. ആ മാന്യ സുഹൃത്തിനോടുള്ള സ്നേഹാദരവുകൾ പ്രകടിപ്പിക്കുവാൻ ഈ കുറിപ്പിലൂടെ ഞാൻ ശ്രമിച്ചു കൊള്ളട്ടെ.
ഈ കുറിപ്പ് എഴുതി കഴിഞ്ഞു അൽപ നാളുകൾക്കു ശേഷം ഞങ്ങളുടെ സഹപാഠികളിൽ പ്രൊഫ.ടി.ജെ.തോമസും(നിർമലാ കോളേജു മൂവാറ്റുപുഴ) പ്രൊഫ. കെ.വി ഫിലിപ്പും ( ഗവ. കോളേജു നാട്ടകം, കോട്ടയം) ദിവംഗതരായി.
ഞങ്ങളുടെ ഈ കൂട്ടായ്മയിൽ നിന്നും അകാലത്തിൽ വേർപിരിഞ്ഞുപോയ ഞങ്ങളുടെ പ്രിയ സതീർഥ്യരായ പോൾസണ്‍ ജോണ്‍( മാവേലിക്കര )എം.എം. മത്തായി (തിരുവല്ല ) പ്രഫ. ടി.ജെ തോമസ് (തൊടുപുഴ) പ്രൊഫ കെ.വി.ഫിലിപ്പ് (ചങ്ങനാശ്ശേരി) എന്നിവരുടെ സന്തപ്ത കുടുംബങ്ങളോടുള്ള അനുശോചനം അറിയിച്ചുകൊണ്ടും പരലോകപ്രാപ്തരായ ഞങ്ങളുടെ സഹപാഠികളുടെ ആത്മശാന്തിക്കായി പ്രാർഥനാപുരസ്സരം ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടും ഈ "ഓട്ടോഗ്രാഫ് " സാദരം ഞങ്ങൾ സമർപ്പിച്ചു കൊള്ളട്ടെ!
(ചെറിയാൻ പെട്രോസ് ,എബനേസർ ജെയ്കബ് മാത്തൻ,ജോര്ജു എബ്രഹാം ,ജോണ്‍ എ .ഓ ,ജോസ് ജോര്ജ്ജു,ജോസഫ്,എൻ.ഡി,ജോസഫ് ഇമ്മാനുവേൽ,മാത്യൂആഞ്ഞിലിവേലിൽ,മാത്യൂ തോമസ്‌ ,മാത്യൂ വർഗീസ്‌,തോമസ് കുട്ടി കെ.കെ വിനയകുമാർ എം , ടോമി ജേയ്ക്കബ് )

മാതൃത്വം..... എത്ര മഹനീയം!

image

മാതൃത്വം..... എത്ര മഹനീയം! 

മാതൃത്വം..... എത്ര മഹനീയം
പ്രകൃതി കനിഞ്ഞു സ്ത്രീകള്‍ക്ക് മാത്രമായി നല്‍കുന്ന വരദാനം
ഇതൊരു സ്ത്രീയും അമ്മയാകുന്നുവെന്നറിയുന്ന ആ നിമിഷം,അസുലഭ നിമിഷം.
അതുളവാക്കുന്ന അത്ഭുതം, ആനന്ദം.
അനിര്‍വാച്യവും, വിസ്മയകരവുമായ ഒരു അനുഭൂതി .
ദാമ്പത്യം നല്‍കുന്ന അമൂല്യമായ ഒരു സമ്മാനം .
ഏതൊരു പെണ്ണും താന്‍ ജനിച്ചത് അമ്മയാകാന്‍ വേണ്ടിയാണെന്ന് കരുതുന്ന അനര്‍ഘ നിമിഷങ്ങള്‍ .
ആദ്യത്തെ കണ്മണിക്ക്  വേണ്ടിയുള്ള കാത്തിരിപ്പ് .
തയ്യാറെടുപ്പുകള്‍.
കുട്ടിയുടുപ്പുകള്‍ തുന്നിക്കൂട്ടുന്നു.
കളിപ്പാട്ടങ്ങള്‍ വാരിക്കൂട്ടുന്നു.
താരാട്ട് പാട്ടുകള്‍ ശേഖരിച്ചു പഠിക്കുന്നു.
ഇടവിട്ടിടവിട്ടുള്ള വൈദ്യ പരിശോധനകള്‍ .
പരിശോധനാ റിപ്പോര്‍ട്ടുകള്‍ക്ക് വേണ്ടിയുള്ള ആകാംഷാഭരിതമായ കാത്തിരിപ്പുകള്‍ .
മരുന്നുകള്‍ ടോണിക്കുകള്‍ വ്യായാമം .പോഷകാഹാരങ്ങള്‍.
അവസാനം സമയം സമാഗതമാകുന്നു.
ആശുപത്രിയിലേക്ക്, വീണ്ടും പരിശോധനകള്‍.
സമയം അതിക്രമിക്കുന്നു.പ്രസവ മുറിയുടെ വാതിലുകള്‍ തുറക്കുന്നു.പ്രധാന ഡോക്ടര്‍ വരുന്നു.
ശസ്ത്രക്രിയ വേണ്ടി വരുമെന്നറിയിക്കുന്നു.
ഭര്‍ത്താവ് നിശ്ചിത സമ്മത പത്രങ്ങള്‍ പൂരിപ്പിച്ചു നല്‍കുന്നു.
ശസ്ത്രക്രിയാമുറിയിലേക്ക്  പോകാനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നു.
കൂട്ടത്തില്‍  പ്രായം കൂടിയ നേഴ്സ് പെണ്‍ കുട്ടിയോട് ഒരമ്മയുടെ വാത്സല്യത്തോടെ പറയുന്നു.
ഒന്നുകൂടി ശ്രമിക്കൂ,മോളെ ,
"പുഷ്, പുഷ്,"
ഭയചകിതയായ പെണ്‍കുട്ടിയുടെ കഠിനമായ ശ്രമത്തിനിടെ വലിയ ഒരു നിലവിളിയോടെ
അവള്‍ ബോധരഹിതയാകുന്നു.
ഉത്കണ്ടാഭരിതമായ നിമിഷങ്ങള്‍...... .
"ഇല്ളെ ,ഇല്ളെ" എന്ന കുഞ്ഞി കരച്ചില്‍ അവളിലെ അമ്മയെ ഉണര്‍ത്തുന്നു.
പ്രതീക്ഷാനിര്‍ഭരമായ കണ്ണുകള്‍ കുഞ്ഞിനെ തേടുന്നു.
കുഞ്ഞിനെ അവള്‍ തന്റെ മാറോടു ചേര്‍ത്ത് പുണരുന്നു.
ഇവിടെ ഒരമ്മ കൂടി കുഞ്ഞിനോടൊപ്പം ജനിക്കുന്നു.
അതോടൊപ്പം വീണ്ടും അമ്മയാകാനുള്ള ഒരു പെണ്‍ കുഞ്ഞു കൂടി ജനിക്കുന്നു.
മാതൃത്വം എത്ര മഹനീയം!

Wednesday, October 16, 2013

ലോക ഭക്ഷ്യ സുരക്ഷാ ദിനം


India had to make its position clear in the wake of some of the World Trade Organisation countries questioning the huge stocks that the country is holding to provide subsidised foodgrains under the new legislation.

ഇന്ന് ലോക ഭക്ഷ്യ സുരക്ഷാ ദിനമായി ആചരിക്കപ്പെടുകയാണല്ലോ?  "സുസ്ഥിരമായ ഭക്ഷ്യവസ്ഥ, പോഷകസമൃദ്ധമായ ഭക്ഷ്യ സുരക്ഷയ്ക്ക്  "  എന്നതാണ്   ഐക്യരാഷ്ട്ര സഭയുടെ ഭക്ഷ്യകാർഷിക വിഭാഗം ആഹ്വാനം ചെയ്യുന്നതനുസരിച്ച്  ഈ ദിനാചരണത്തിൽ ഈ വർഷം മുഴങ്ങി കേൾക്കേണ്ട മുദ്രാവാക്യം.
ലോകജനതയുടെ ഏകദേശം 870 കോടി ജനങ്ങൾ പോഷകാഹാര ദാരിദ്ര്യദുഃഖം അനുഭവിക്കുന്നവരാണെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു.നിരന്തരമുണ്ടാകുന്ന പരിസ്ഥിതി നാശകരമായ വികസന പ്രക്രിയിൽ നാശോന്മുഖമാകുന്ന നമ്മുടെ കൃഷിയിടങ്ങളുടെ വ്യാപ്തി അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുന്നു. ഭൂമിയുടെ ജൈവവൈവിദ്ധ്യത്തിനും അവയുടെ ആവാസവ്യവസ്ഥക്കും ഹാനികരമായ നമ്മുടെ വികലമായ വികസനത്വര ഭൂമിയിലെ ജീവന്റെ അടിസ്ഥാന ഘടകങ്ങൾക്കു പോലും വൻ നാശങ്ങൾ വരുത്തിവയ്ക്കുന്നു. ഭഷ്യവസ്തുക്കൾ നാം എത്ര കൂടുതൽ ഉത്പാദിപ്പിച്ചാലും അനിയന്ത്രിതമായ തോതിൽ പെരുകുന്ന ജനസംഖ്യാ നിരക്ക്  അതിനെ തുലോം പരിമിതമാക്കുകയും വിശക്കുന്ന വയറുകളുടെ എണ്ണം ശതഗുണീഭവിക്കുകയും ചെയ്യുന്നു. കൂനിന്മേൽ കുരുവെന്നപോലെ ഉത്പാദിപ്പിക്കപ്പെടുന്ന ഭക്ഷ്യ വസ്തുക്കളിൽ വളരെയധികം പാഴാക്കപ്പെടുകയോ നശിപ്പിക്കപ്പെടുകയോ ചെയ്യുന്നു.
ഭക്ഷ്യ വസ്തുക്കളുടെ ലഭ്യതയും അവയുടെ യഥാതതമായ ഉപഭോഗവും പരസ്പരം ബന്ധിതമാണ്. ഉത്പാദിപ്പിക്കപ്പെടുന്ന ഭക്ഷ്യ വസ്തു യഥാർത്ഥ ഉപഭോക്താവിന് ആവശ്യാനുസരണം ലഭ്യമാകുന്നില്ലെങ്കിൽ ഭഷ്യസുരക്ഷ എന്നത് വെറും ഏട്ടിലെ പശുവായി തന്നെ നില നില്ക്കും.
ഭാരത സർക്കാർ ആവിഷ്കരിച്ചു നടപ്പാക്കാൻ ശ്രമിക്കുന്ന ഭക്ഷ്യ സുരക്ഷാനിയമത്തിലൂടെ വിശക്കുന്നവന്  ഭക്ഷണം നല്കുക എന്നത് കേവലം ഔദാര്യമല്ല, പ്രത്യുത, ജനങ്ങളുടെ അവകാശമാണ് എന്ന തിരിച്ചറിവ് നമ്മുടെ സർക്കാരിനും ജനങ്ങൾക്കും ഉണ്ടാക്കുവാൻ സഹായിക്കട്ടെ! ഭക്ഷ്യ വിഭവങ്ങൾ ഉത്പാദിപ്പിക്കാൻ അഹോരാത്രം അധ്വാനിക്കുന്ന കാർഷിക സമൂഹത്തിനു ആവശ്യകമായ പ്രോത്സാഹനവും സംരക്ഷണവും നല്കി ഇടനിലക്കാരും കൊള്ള ലാഭക്കൊതിയന്മാരുമായ കരിഞ്ചന്തക്കാരുടെയും പൂഴ്ത്തിവയ്പ്പുകാരുടെയും കരാള ഹസ്തങ്ങളിൽ നിന്ന് നമ്മുടെ ജനതയെ മോചിപ്പിക്കുവാനും ഉള്ള ഇച്ഛാശക്തി നമ്മുടെ സർക്കാരിനുണ്ടാകട്ടെ എന്നും  നമുക്ക് പ്രത്യാശിക്കാം .അങ്ങനെ ഈ ഭക്ഷ്യ സുരക്ഷാദിനം ഭക്ഷ്യ വസ്തുക്കളുടെ പാഴാക്കൽ ഒഴിവാക്കി വിശക്കുന്ന സഹോദരന് ഒരു നേരത്തെ ഭക്ഷണം നല്ക്കാൻ സഹായമേകി നമുക്കോരോരുത്തര്ക്കും സമുചിതമായി ആചരിക്കാം .

Friday, October 11, 2013

ന്യായം, അന്യായം


പരസ്ത്രീ മോഹിതനായ്
പുരുഷന്‍ പോയാലൊട്ടും
പഴിക്കുന്നില്ലാരും തന്നെ
ചിരിച്ചു തള്ളീടുന്നു...
വഴിയെ നടക്കുമ്പോള്‍
ചെളി പറ്റിയാലതു
കഴുകി കളഞ്ഞെന്നാല്‍
മതിയെന്നൊരു ന്യായം.

ഇതിനോരെതിര്‍ ന്യായം
പുരുഷന്‍ സമൂഹത്തില്‍   
ഉയര്‍ത്തും അബലയാം
സ്ത്രീയതിന്‍ ഇരയാകും.
പ്രണയം കൊതിച്ചൊരു
മുന്‍കാല സതീർഥ്യനെ 
പിന്നീട് കാണ്‍കെയവർ  
സൗഹൃദം  തുടര്‍ന്നാലോ?
കോലിന്റെ ചൂടറിയും
വേലി, ചാടിടും പശു . 

പശുക്കള്‍ക്കെന്നും, തല്ലു  
കൊള്ളുവാനല്ലോ,വിധി  
അമ്പലക്കാളകളോ
മദിച്ചു നടക്കുന്നൂ.

പന്തിയതൊന്നു തന്നെ 
വിളമ്പുന്നവർ,പക്ഷേ  
പന്തിയിൽ പക്ഷഭേദം 
കാട്ടിയാൽ സഹിക്കുമോ? 

ന്യായമാണോ,നിങ്ങൾ 
ചിന്തിച്ചു ചെറുക്കുക 
തെറ്റിനെ ചെറുക്കുവാൻ 
ശക്തരാകുവിൻ നിങ്ങൾ 
ഒത്തൊരുമിച്ചീടൂ വേഗം. 




Wednesday, October 9, 2013

എനിക്ക് ലഭിച്ച ആദ്യത്തെ കത്ത്


ഇന്ന് ലോക പോസ്ടല്‍ ദിനം (world postal day )ആണ് .






എനിക്ക് ലഭിച്ച ആദ്യത്തെ കത്ത് 

ഞാൻ നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ് എനിക്ക് ആദ്യമായി എന്റെ മേൽവിലാസത്തിൽ ഒരു കത്ത് കിട്ടുന്നത് .അത് അയച്ചത് എന്റെ പിതൃ സഹോദരീ പുത്രനും എന്റെ സമപ്രായക്കാരനുമായ ജോസ് ഫ്രാൻസിസ് ആണ്. ആദ്യത്തെ കത്ത് ഒരു കൂലിയെഴുത്തായിരുന്നു.2 അണ സ്റ്റാമ്പു ഒട്ടിക്കാഞ്ഞതിനാൽ 4 അണ കൂലിയായി കൊടുക്കണമായിരുന്നു.അമ്മയെ മണിയടിച്ചു ഞാൻ പണം കൊടുത്ത് കത്ത് പൊട്ടിച്ചു വായിച്ചത് ഇങ്ങനെ ഞാൻ "പരലോകത്തിൽ" ചേർന്ന്.നീയും ചേരണം. എത്ര ആലോചിച്ചിട്ടും എനിക്ക് പിടികിട്ടാത്ത സമസ്യയായി ഈ പരലോകത്തിൽ ചേരുന്നത്.പിന്നീട് എന്റെ നേരെ മൂത്ത സഹോദരൻ കറിയാച്ചൻ വന്നു വായിച്ചു തന്നപ്പോഴാണ്‌ "പരലോകമെന്നു" ഞാൻ വായിച്ചത് "ബാലലോകമെന്നാണ് "എഴുതിയിരുന്നത് എന്ന്. കക്ഷി റേഡിയോ ബാലലോകത്തിൽ ചേർന്ന കാര്യമാണ്  തെല്ലഭിമാനത്തോടെ കത്തിലൂടെ എന്നെ അറിയിച്ചത് .      

Tuesday, October 8, 2013

മലാല യൂസഫായ്





പ്രിയ സഹോദരി
മലാല യൂസഫായ്   
വിടരാന്‍ വിതുമ്പുന്ന
പനിനീരലര്‍ പോലെ
മാനവികതയുടെ,
മധുര സ്വപ്നമായ്,
സ്വാതന്ത്ര്യത്തിന്‍,
മാസ്മര സന്ദേശമായി
സ്ത്രൈണ ധീരതയുടെ
കെടാവിളക്കായ
നിന്നെ
താലിബാന്‍ ഭീകരര്‍
ഞെരിച്ചു കൊല്ലാന്‍
എത്ര ശ്രമിച്ചാലും  
നിന്റെ ഉറച്ച
വിശ്വാസങ്ങള്‍
ധീരതയുടെ
പുതിയ
ഇതിഹാസങ്ങള്‍
രചിക്കുവാന്‍
വീണ്ടും
അഗ്നിച്ചിറകുകളുള്ള    
പോരാളിയായി,
നിന്റെ
തിരിച്ചു വരവിനായി      
ഞങ്ങള്‍
പ്രാര്ഥനാ നിർഭരരായ്
കാത്തിരുന്നൂ.....


പ്രിയ സഹോദരി.
മലാല യൂസഫായ്  
മരണത്തെയും
ഭീകരതെയും നീ
ധീരയായി അതിജീവിച്ചു
നീ തിരിച്ചു വന്നു ..
ഭീകരതയുടെ
വൈതാളികർ
ഇനിയും നിന്നെ
അപായപ്പെടുത്തുവാൻ
തുനിഞ്ഞേക്കാം......
മാനവികതയുടെ,
സ്ത്രീ സ്വാതന്ത്ര്യത്തിന്റെ,
പ്രതീകമായ നീ
സമാധാനം കാംക്ഷിക്കുന്ന
ലോക ജനതയുടെ
ആവേശമായ്‌
ആശാ കിരണമായ്
ധീരതയുടെ ഊര്ജ്ജവുമായ്
കാലാതിവർത്തിയായി  
തെളിഞ്ഞു പ്രകാശിക്കട്ടെ !