Tuesday, November 12, 2013

മകരവും കുളിരുന്ന മഞ്ഞും മാമ്പൂക്കളും





മകര മഞ്ഞിൽക്കുളിച്ചീറൻമാറാതെ 
മരുവുമാപ്പുഞ്ചവയലിന്റെയോരത്തു 
കുളിരുമാറ്റുവാൻ ഇളവെയില് കൊള്ളുന്നു   
തളിര് പോലൊരു പെണ്‍കൊടി സുസ്മിതം.. 

മകരസമീരനിലുലയുമളകങ്ങളെ 
കരപല്ലവത്താൽ മെല്ലെയൊതുക്കിയാ-
ക്കോമളാംഗി മേവുന്നലസമായ് ....
മിഴിയിണകളിൽ ഒളിമിന്നി നില്ക്കുന്നു,
മധുരാമാമേതോ സ്വപ്നത്തിന്നാലസ്യം ..
കവികൾ വർണ്ണിക്കും മലയാള ചാരുത 
കവിയുകയാണോമലാളിൻ മിഴികളിൽ 
അവൾ തന്നെയല്ലേ പ്രിയങ്കരിയാമെന്റെ 
കുവലയമിഴി,കുലീന,മലയാളസുന്ദരി! 

മകര മഞ്ഞേറ്റു താരും തളിരുമായ്  
മാകന്ദ ശാഖികൾ മാടിവിളിക്കുന്നൂ .. 
മാന്തളിരുണ്ടുൾപുളകമോടെ പാടാൻ  
കോകില ഗായകരെന്തേ വരുന്നീല ?

മകരവും കുളിരുന്ന മഞ്ഞും മാമ്പൂക്കളും 
മറന്നുവോ മലയാള നാടും കിളികളും  
ഇനിവരാതെയായെന്നോ മധുമാസം 
ഇവിടെയീനാടിന്നൈശ്വര്യ നാളുകൾ?     

No comments: