Wednesday, April 23, 2014

വളപ്പൊട്ടുകൾ,





(നുറുങ്ങുകവിതകൾ )



വളപ്പൊട്ടുകൾ,മയിൽപീലികൾ,നഷ്ട ബാല്യത്തിൻനിധിയായിടുംനിറക്കൂട്ടുകൾ
വിലപ്പെട്ടവ 


മന്ദമാരുതൻ
സുന്ദരി പെണ്ണിൻ
അളകങ്ങൾ പുല്കി
കൊഞ്ചുന്നു മാരുതൻ...

മഴ മേഘങ്ങൾ
കർണ്ണികാരം പൂത്തുലഞ്ഞു
കർമസാക്ഷി (സൂര്യൻ)
ലജ്ജയാൽ മുഖം മറച്ചു.

കനവിൻ തേൻകനി .
നിൻമിഴിപക്ഷികൾ
കൂട്ടമായ്‌ പറന്നെത്തിയെൻ
കനവിൻ തേൻകനികൾ  .
കൊത്തിപ്പറന്നേ പോയ്‌..

വഴികാട്ടി
നേരിൻ വഴികൾ,
തമസ്കൃതമാക്കി
പകരം കൈ ചൂണ്ടുന്നു
വഴികൾ അനവധി

അനുഭൂതി
മനമറിഞ്ഞത്
മിഴി പറഞ്ഞു,
മൊഴി മൌനമായ്.....

ഹൃദ്രോഗം
ഹൃദയത്തിന് മർമരം
മനസിന്‌ നൊമ്പരം
കീശയ്ക്കു സുഷിരം ....

കടംകഥ"
കഥയല്ലിത് ജീവിതം"
കാണുന്നൂ, പല കഥകളും
കദനം ചാലിച്ചെഴുതിയ
കഥകൾ കണ്ണീരിലാഴ്തുന്നു..
കാണാൻ പുതിയ കഥകൾ
ഏറുന്നു നാട്ടിലെമ്പാടും..
കഥയല്ലിതു ജീവിതം
കഥയായ് തന്നെ തുടരുന്നു...
കടങ്കഥയായ് തന്നെ തുടരുന്നു ...

നാണം
ഈണം പാടാൻ വന്നു
നാണം തുളുമ്പീ
നാവിൻ തുമ്പത്തും....

അപശ്രുതികൾ
മാനസവീണയിൽ ഞാൻ മീട്ടു
മനുരാഗ,രാഗങ്ങളൊക്കെയു-
മപശ്രുതികളായ് മാറുന്നുവോ?

സുഗന്ധഭരിതം
പുതു മഴ
നറുമലർ
നവനീതം
നവ വധു
സുഗന്ധ ഭരിതം

ഗുരു
ശാസിക്കയാവാം
പ്രശംസിക്കയാവാം
ശപിക്കയരുത്,
ഗുരുക്കന്മാരെ

നഖക്ഷതങ്ങൾ
നീലാകാശപ്പെണ്ണിൻ മാറിൽ
നഖക്ഷതങ്ങൾ തീർക്കുന്നു
മിന്നൽപ്പിണരുകൾ .......

പ്രണയ സാഫല്യം
പ്രണയിക്കാൻ കലഹിച്ചു
പ്രാണൻ നേദിച്ചപ്പോൾ
പ്രണയ സാഫല്യമോ ?

നേരുറവകൾ
നാടാകെ വരൾച്ച!
നേരിന്റെ
നീരുറവകൾ
നിലച്ചുവോ?

ഇത്തിരി ,ഒത്തിരി
ഇത്തിരി വാക്കുകൾ
ഒത്തിരി പറയുവാൻ
ഒതുക്കി എഴുതണം

മിഴിയും മൊഴിയും
മിഴിയിളക്കം
വരുതിയിലല്ല
മൊഴിയിലും ,
വരയിലും .

ചിന്തേര്
ചിന്തകൾ
ചിന്തേരിട്ടു .
മിനുക്കണം
ഇത്തിരി
വാക്കിൽ
ഒത്തിരി
കാര്യം
ചൊല്ലണം....

പോളിംഗ്
നാളെ നമ്മൾ പോളിംഗ് ബൂത്തിൽ
നീളെ നീളും "ക്യൂ"വിൽ നിന്ന്
ഭാവി,ഭാരത,ഭരണ താക്കോൽ
ഭീതിയെന്യെ,നല്കുക ,ജനമേ

ഭാവം, ബീഭൽസം
നവ രസങ്ങളും പകർന്നാടി ഞാൻ
പക്ഷെ ആടിത്തകർത്തൊരു വേഷങ്ങളിൽ
എൻ ഭാവമിതൊന്നേ കണ്ടുള്ളൂ പ്രേക്ഷകർ !
 ഭാവം, ബീഭൽസം

സുന്ദരികാക്ക
കണ്ണാടി തന്നിൽ
കാക്കച്ചി നോക്കി
മൂക്കത്ത് പാവം
വിരൽ വച്ച് പോയി...

സൗഹൃദം
നിറഞ്ഞ സൗഹൃദം
ഒഴിഞ്ഞ കുപ്പികൾ
കൊഴിഞ്ഞു നാളുകൾ!
പൊലിഞ്ഞു സ്വപ്‌നങ്ങൾ!

നിള
പല തുള്ളി .......
നിള തുള്ളി
കലി തുള്ളി

മണ്ണാങ്കട്ടയും കരിയിലയും 
മണ്ണാങ്കട്ടയും കരിയിലയും
എണ്ണിപ്പറഞ്ഞു കരയുന്നു
കാറ്റും മഴയും വന്നെങ്കിൽ
ഈ നീറ്റൽ ഇല്ലാതായേനെ I

കനിവ്
ഉറുമ്പു കുഴഞ്ഞു
നീന്തുന്നു...
ഇലകനിയുമോ
കര കയറ്റുമോ

മുഖപുസ്തക മുഖപടം
സത്യം, നിത്യം മുഖപടമേന്തി
സ്വത്വം സത്യമല്ലാതാക്കീടുന്നോർ
നിത്യം നമ്മുടെ മുന്നിൽ വരുന്നൂ
(മുഖ) പുസ്തകമതിലും ചില വേഷങ്ങൾ

ഉത്തമൻ
ഉത്തമനായൊരു മർത്യൻ പാരിൽ
ചിത്തം തന്നിൽ കുടിലതയെന്യേ
മറ്റുള്ളോർക്കായ് നന്മകൾ ചെയ്യും
നിസ്വാർത്ഥതയുടെ വിളനിലമാകും

വിഷം വിഷയം വിഷമം
വിഷയം
വിഷമയമെന്നൊരു കൂട്ടര്
വിഷയമയമെന്നിതരരും
വിഷമയമായാലും
വീഷയമയമായാലും
വിഷമം തന്നെയെല്ലാർക്കും.

ജീവിത മാർഗ്ഗം
കൊതിക്കുന്നത് ലഭിക്കില്ല
വിധിച്ചതെ കിടയ്ക്കുള്ളൂ
കിടയ്ക്കുന്നതുമെടുത്തു നാം
പല വഴി തേടിയലയുന്നൂ

ഇരകൾ
ഇരന്നു നടന്നവർ
ഇരകളായപ്പോൾ
തിരിഞ്ഞു കടിക്കുന്നു
വിഷ(യ ) മയം

തൊട്ടാവാടി
തൊട്ടപ്പോൾ
മൊട്ടിട്ടൊരു
തൊട്ടാവാടി

വിഡ്ഢി ദിനാശംസകൾ!
വിഡ്ഢിപ്പെട്ടിയുടെ മുന്നിൽ
വിഡ്ഢിത്തം കാണുവാനും
വിഡ്ഢിത്തം കേൾക്കുവാനും
വിധിക്കപ്പെട്ട മലയാളികൾക്ക്
വിഡ്ഢി ദിനാശംസകൾ!

മാറ്റം
മാറ്റമില്ലാതൊന്നേയുള്ളത്,
മാറ്റമാണെന്നാകിലും
മാറ്റത്തിനായ് വെറും
മാറ്റം,നേട്ടമായ് തീരാറില്ല..
 

മാതൃത്വം
മായം ചേരാത്തൊരു വസ്തുവീയൂഴിയിൽ
കാണുമോ?അമ്മ,തന്നമ്മിഞ്ഞപ്പാലിതെന്യേ
പാരം സ്നേഹമതൊന്നുതാനീ ചെഞ്ചോരയെ
ചോരിവായിൽ,കുഞ്ഞിന്നമൃതമായേകിടുന്നൂ
 

അന്ത്യക്രിയ
പകലിനെ
പകലോൻ
ചിതയിൽ എരിച്ചിട്ടു
കടലിൽ താഴുന്നു
കർമം തുടരുന്നു !

ഋതുമതി
പ്രകൃതി
ഋതുമതിയായതോ
മഞ്ചാടിച്ചുവട്ടിൽ
രക്തത്തുള്ളികൾ!
 

ഋണം
കടമേറി
കടപൂട്ടി
പോയീ
കിടപ്പാടവും

മോഹങ്ങൾ
നൂല് പൊട്ടിയ പട്ടമായ്
എന്റെ മോഹങ്ങൾ
ഗതി കെട്ടുപോയ്

പുതു മഴ 
പൂത്തു തളിർത്തു
മുല്ലയും മനസ്സും
ഒരുപോലെ.........
 

മുറിവ്
നിനവായിരുന്നതും
നിറവായിരുന്നതും
മുറിവായി മനസ്സിൽ
വിങ്ങി നില്ക്കുന്നു......

വീണ
പറയാൻ മറന്ന
പരി ദേവനങ്ങൾ
ഒരു തേങ്ങലായി
വീണ മൂളുന്നു...

മുത്തുകൾ
ഇലക്കുമ്പിളിൽ
പളുങ്ക് മണികൾ
മിഴിക്കുള്ളിലോ
കദന മുത്തുകൾ
 

കർമം
സദാചാരങ്ങൾ
ആചാരമാക്കുന്നു
വെറും ചാരമായ്
ഒഴുക്കുന്നു നാം
പുണ്യ നദികളിൽ

പേടി
ഓർമ തൻ മാറാലകളിൽ
പേടിപ്പെടുത്തുന്നു
ചിലന്തികൾ ?
 

സമൃദ്ധി
കൊയ്യാനാളില്ലാതെ
നെൽപ്പാട സമൃദ്ധികൾ
ചൊവ്വാദോഷക്കാരിയായായ
തരുണീ മണികളെപ്പോലെ..

വിരഹം
ഇമ ചേർന്നതില്ല,
ഇണ വന്നുമില്ല
ഇനിയെത്ര നാളുകൾ,
വിരഹാർത്തയായ്

അണുകുടുംബം
കൂട്ടു കുടുംബം തകരുന്നൂ
അണു കുടുംബത്തിലണു-
ക്കളായന്തേവാസ്സികൾ!
 

ചങ്ങാത്തം
കണ്ണീരും പുഞ്ചിരിയും
കൈ കോർത്തു നടക്കുന്നു
വേർ പിരിയാത്തൊരു 

ചങ്ങാത്തം 

ചിന്തകൾ
ഊറുന്നു മനസ്സിൽ
നൂറായിരം ചിന്തകൾ
എല്ലാം കോറിടാനെ-
നിക്കാവതില്ലല്ലോ?
 

ഉച്ചിഷ്ടം
ഭജിക്കാൻ വന്നു വീട്ടിൽ
ഭുജിച്ചിട്ടു പോയി എല്ലാം..
ഉച്ചിഷ്ടം മാത്രം ഉടയോന്
 

വാഴ്ച
കാഴ്ചക്ക് നന്ന്
വേഴ്ചക്ക് ഭംഗം
വീഴ്ചയേറി
വാഴ്ച ദുരിതം!


അതിഥി
അതിഥിയായി വന്നു
അധിനിവേശമായി
ഇത്തിൾക്കണ്ണിയായി
ശക്തിയാര്ജ്ജിക്കുന്നു

കരിന്തിരി
ഉറഞ്ഞു തുള്ളി
കരഞ്ഞു തീരും
കരിന്തിരിയായ് ജീവിതം

ഭൂമി
വ്യോമ വീഥി
തേജോമയം
ഭൂമിയിന്നും
തമോമയം
 

ജീവിതം ഭദ്രം!
പണം പിണമാക്കും
മനം മരുവാകും
കരൾ ശിലയാകും
അപ്പോഴും ചൊല്ലാം
ജീവിതം ഭദ്രം!
 

സാക്ഷി
നന്മയും തിന്മയും വേർതിരിച്ചരുളുന്ന
മനസിൻ മൃദു മന്ത്രണം മനസാക്ഷി
അത് താൻ നമ്മുടെ കർമ സാക്ഷി

 

 പുഴ
മനവും തനുവും
ഇഴുകിയൊഴുകും
പുഴയാണനുരാഗം
  

പ്രകൃതി
മുലകൾ പാലരുവി ചുരത്തും
മലകൾ കുളിരരുവിയൊഴുക്കും
പ്രകൃതിയുടെ വരദാനമതല്ലൊ
 

ഋതുക്കൾ 
ഇരവും പകലും
ഇണ ചേരുമ്പോൾ
ഋതുക്കൾ പൂക്കുന്നു
 

നന്മ മരം
മരമറിയുന്നുതാൻ
തളർന്ന പഥികനു
തണലാണെന്ന്,
പക്ഷെ മരമറിയുമോ?
തണലിലിരുന്നവൻ
തിരികെ വന്നൊരു
മഴുവെറിയുമെന്നു?
 

വെണ്മ
വെണ്മയുടെ പൂക്കൾ
സുഗന്ധം പേറി
വിരിയുന്നതിരുട്ടിൽ

പ്രണയം
ശിലാഹൃദയം
വൃഥാ പ്രണയം
വ്രണിത മാനസം
ദുരിത ജീവിതം ..

മണിമുത്തുകൾ
വളപ്പൊട്ടുകൾ, വിലപ്പെട്ടവ
മധുരിക്കും ബാല്യത്തിൻ
മണിമുത്തുകൾ



 

No comments: