Monday, July 14, 2014

ചേലനാഗങ്ങൾ



ആതിരനാളിലന്നായർകുലത്തിലെ
ആയപ്പെണ്‍കൊടിമാരൊത്തു ചേർന്ന്
ആയർകുലത്തിലെ ആരോമലാം പയ്യൻ
ആമ്പാടിക്കണ്ണന്റെ ലീലാവിലാസങ്ങൾ ..
തങ്ങളിൽ,തങ്ങളിൽ ചൊല്ലിക്കലഹിച്ചു
തഞ്ചത്തിൽ യമുന തൻ തീരം പൂകി..

ആടകളൊന്നൊന്നായ്, ജലകേളി-
യാടാനുരിഞ്ഞെറിഞ്ഞന്നവർ
യമുനാ നദിയിലിറങ്ങി നിന്നു.
തങ്ങളിൽ തങ്ങളിൽ വെള്ളം തെറിപ്പിച്ചും
മുങ്ങാംകുഴിയിട്ടും മുങ്ങിയും പൊങ്ങിയും
കാലിൽ പിടിച്ചു കളിച്ചുന്മാദമോടെ, പല
കേളികളാടിത്തിമിർക്കുന്നതിന്നിടെ,
കേട്ടല്ലോ മധുരമാം ഗാനത്തിന്നീണങ്ങൾ
കാലികളൊന്നായ് തലപൊക്കി ശ്രവിച്ചീടും
കാതുകൾക്കിമ്പമാം മധുര ഗാനം.

ഗോപസ്ത്രീവൃന്ദമാ, മധുരഗാനം കേട്ട്
മോഹനാംഗികളായ് നിർലജ്ജം നിൽക്കെ
ഓടക്കുഴൽ കേട്ടുടയാടകളൊക്കെയും
ഓടിയങ്ങെത്തുന്നു നാഗങ്ങളെപ്പോൽ
മാകുടിയൂതുന്ന പാമ്പാട്ടി തൻ ചേലിൽ
മായക്കണ്ണന്റെ കോലക്കുഴൽ വിളികേട്ട്
ചേല നാഗങ്ങൾ ഒന്നൊന്നായ് വന്നിട്ട്
ചാലെ,ഫണം വിരിച്ചാടിത്തുടങ്ങിയോ ?.

No comments: