Monday, November 24, 2014

ഞവര നെല്ലും നാട്ടു വൈദ്യവും



ഞവര നെല്ലും  നാട്ടു വൈദ്യവും

ഞവര നട്ടാല്‍ തുവര  മുളയ്ക്കുമോ ?

 എന്ന പഴഞ്ചൊല്ലിൽ പറയുന്ന ഞവര എന്താണെന്ന് അറിയാമോ ?

എന്താണീ ഞവര

"അതൊരു കടൽ മീനല്ലേ? "എന്നൊരാൾ ചോദിക്കുന്നു.

അല്ലേ ,അല്ല അതൊരു നെല്ലിനമാണ് എന്ന് മറ്റൊരാൾ തറപ്പിച്ചു പറയുന്നു

അതൊരു കാര്ഷികോപകരണമാണല്ലോ  എന്ന് ഇനി ഒരുവനും സംശയം

ആകെ അങ്കലാപ്പായല്ലോ ?

ഏതായാലും സംശയ നിവൃത്തി വരുത്തിയിട്ട് തന്നെ കാര്യം.

ഇക്കാര്യത്തിൽ  എതോരന്വേഷണ കുതുകിക്കും കിട്ടുന്ന ഉത്തരം ഏതാണ്ട് താഴെ കൊടുത്തിരിക്കുന്നത് പോലെയാണ്

ഞവര

ഒരു ഔഷധസസ്യം

ഒരു നെല്ലിനം

ഒരു കടല്‍മത്സ്യം

ഒരു കൃഷിയായുധം, (ഊര്‍ച്ചപ്പലക)

 ഞവര എന്ന നെല്ലിനത്തെക്കുറിച്ചു നമുക്ക് അധികമൊന്നും അറിവുണ്ടാകില്ല.  നാണ്യ വിളകൾക്കുള്ള പ്രാമുഖ്യം  കൊണ്ട് നെല്കൃഷി പോലും പാടെ കുറഞ്ഞു വരുന്ന ഈ കാലത്ത് നെല്കൃഷിയിലേർപ്പെടുന്നവരിൽ എല്ലാവരും തന്നെ അത്യുല്പാദന ശേഷിയുള്ള നെൽവിത്തിനങ്ങളുടെ പിന്നലെയാണല്ലോ ?

മനുഷ്യൻ, കൃഷി  ജീവനോപാധിയായി സ്വീകരിച്ച ചരി­ത്രാ­തീത കാലംതൊട്ട്   ഭക്ഷ്യധാന്യമായി കൃഷി ചെയ്തു തുടങ്ങിയ ഒരു വിളയാണ് നെല്ല്‌.

ഇന്ന്‌ ലോകജനതയുടെ ഏറിയ പങ്കും പ്രധാന ഭഷ്യധാന്യ­മാ­യി നെല്ലരിയും  തജ്ജന്യ . ഭഷ്യവസ്തുക്കളും ഉപയോഗിക്കുന്നു.

ലക്ഷോപലക്ഷം ജനതതിയുടെ ജീവൻ നില­നിർത്തുന്നു എന്നത്‌ മാത്ര­മല്ല നെല്ലിന്   നമ്മുടെ  സാംസ്കാ­രിക പൈതൃ­കവുമായി അഭേദ്യമായ ബന്ധമാണുള്ളത്.

ലോക­ത്തെ­മ്പാടും വിള­യുന്ന നെല്ലിന്റെ അഞ്ചിൽ നാലും ഉത്പാ­ദി­പ്പി­ക്കുന്നത്‌ ചെറു­കിട കർഷ­ക­രാ­ണ്‌. അത്‌ പ്രാദേ­ശി­ക­മാ­യി­ത്തന്നെ ഉപ­യോ­ഗി­ക്ക­പ്പെടു­കയും ചെയ്യു­ന്നു. ഏഷ്യ­യി­ലേയും ആഫ്രി­ക്ക­യി­ലേയും ബഹുഭൂരിഭാഗം ജനതതിയുടെ, അവരുടെ  കുടും­ബ­ങ്ങ­ളുടെ ജീവനോപാധിയാണ് നെൽകൃഷി.

ഭാരതത്തിൽ, വിശിഷ്യ കേരളത്തിൽ ,നെല്ല്  വ്യാപകമായ തോതിൽ കൃഷി ചെയ്തിരുന്നു. നമ്മുടെ പ്രധാന ഭക്ഷണം നെല്ലരിയും  അനുബന്ധ ഭക്ഷ്യ പദാർത്ഥങ്ങളും ആണല്ലോ?

നമുക്ക് ഇനി ഈ ഞവര എന്ന നെല്ലിനത്തെക്കുറിച്ചു കൂടുതൽ അറിയാൻ ശ്രമിക്കാം.

നാം പരമ്പാഗതമായ രീതിയിൽ കൃഷിചെയ്തു വന്നിരുന്നതും   ഔഷധഗുണമുള്ളതുമായ കേരളത്തിന്റെ തനത് നെല്‍വിത്തിനങ്ങളിൽ വളരെ പ്രാധാന്യമുള്ള ഒരിനമാണ്‌ ഞവര ( നവര ) നെല്ല്

ആദ്യ കാലങ്ങളിലും ഇപ്പോഴും ഒരേരീതിയില്‍ മറ്റു രാസവളം ഉപയോഗിക്കാതെ കൃഷി ചെയ്യുന്ന തനതു നെൽകൃഷിയാണ് ഞവരക്കൃഷി 

ഭക്ഷണാവശ്യത്തിന് പുറമെ ഈ നെല്ല് ഔഷധഗുണമുള്ളതായതിനാലാണ് അത് ഇപ്പോഴും പരമ്പരാഗത രീതിയിൽ തന്നെ കൃഷി ചെയ്തുണ്ടാക്കുന്നത്

നാട്ടുവൈദ്യത്തിലും ആയുർവേദത്തിലും വളരെ പ്രാധാന്യത്തോടെ ഉപയോഗിച്ചുവരുന്ന ഈ നെല്ലിനം, ഞവര, നവിര, ഞവിര, നമര, നകര, നകരപുഞ്ച എന്നിങ്ങനെ പ്രാദേശികമായ വ്യത്യാസങ്ങളോടെ പല പേരുകളിലും അറിയപ്പെടുന്നു.

ആയുര്‍ വേദത്തില്‍ ഞവരക്ക് വിശിഷ്ട സ്ഥാനമാണ് നല്കിയിട്ടുള്ളത്. രക്ത, ദഹന, നാഡി, ശ്വാസചംക്രമണവ്യവസ്ഥകള്‍ക്ക് ഞവര വളരെ ഗുണം ചെയ്യുന്നു.

ധാതുബലം വര്‍ധിപ്പിക്കുന്നതിനും ഞവര ഉത്തമമാണ്. നാഡീ-പേശി സംബന്ധമായ എല്ലാ ന്യൂനതകള്‍ക്കും ഉത്തമ  പ്രതിവിധിയാണിതുപയോഗിച്ചുള്ള ചികില്‍സ

 പഞ്ചകര്‍മ്മ ചികില്‍സയില്‍ ഞവരക്കിഴിക്കും ഉഴിച്ചിലിനും ഏറെ പ്രാധാന്യമുണ്ട്. വമനം, വിരേചനം, നസ്യം, സ്നേഹവസ്തി, കഷായ വസ്തി എന്നീ അഞ്ചുകാര്യങ്ങള്‍ ചേരുന്നതാണ് സുഖ ചികിത്സ അഥവാ പഞ്ചകര്‍മ്മ ചികിത്സ.
സുഖചികിത്സയില്‍ ഓരോ ആഴ്ചയും യഥാക്രമം അഭ്യംഗം, ഉഴിച്ചില്‍, ഞവരക്കിഴി എന്നിവയാണ് നല്കുന്നത്.
പച്ചനെല്ല് കുത്തിയെടുക്കുന്ന അരിയാണ് ഞവരക്കിഴിക്ക് ഉപയോഗിക്കുന്നത്.


ഞവരക്കിഴി സാധ്യമാവാത്ത വളരെ ക്ഷീണമുള്ള രോഗികളില്‍, ഞവരച്ചോറു തേച്ചുള്ള ‘ഷാഷ്ഠികാന്നലേപന’ മെന്ന ചികിത്സാ രീതിയും വളരെ ഫലപ്രദമാണത്രേ! , ശരീര സ്തംഭനം, തരിപ്പ്, തളര്‍ച്ച, ചുട്ടുനീറ്റം, എല്ലുകള്‍ക്ക് ഒടിവ്, രക്തവാതം, കൈകാല്‍കടച്ചിൽ, ശോഷിപ്പ്  എന്നിവക്കും ഈ ലേപനം ഗുണകരമാണ്.

 പല രോഗങ്ങളും മാറ്റാന്‍ ഞവര  നെല്ലരി ഉപയോഗിക്കുന്നു

നേരത്തെ സൂചിപ്പിച്ചതു പോലെ വാതത്തിന് നവരക്കിഴിയാണ് കൈകൊണ്ട ആയുർവേദ ഔഷധ ചികിത്സ.
 കര്‍ക്കിടക മാസത്തിലെ പ്രധാന ആകര്‍ഷണമാണ് ഞവര. യൌവ്വനം നിലനിര്‍ത്തുന്നതിനായി യവനമുനി ഉപദേശിച്ച അപൂര്‍വ ധാന്യമാണ് ഞവര എന്നു കരുതപ്പെടുന്നു. .

നവരക്കിഴിയുഴിച്ചിൽ  
"കിഴിയിൽ പിഴച്ചാൽ കുഴിയിൽ" എന്ന പഴമൊഴി സൂചിപ്പിക്കുന്നത് പോലെ വളരെ ശ്രദ്ധയോടെ രോഗിയും വൈദ്യനും അനുഷ്ടിക്കേണ്ട ഒരു ചികിത്സാ വിധിയാണ് നവരക്കിഴിയുഴിച്ചിൽ.
നവര അരി നന്നായി വേവിച്ചു തുണികൊണ്ടുള്ള കിഴിയിലാക്കി, വാതമുള്ള ഭാഗത്ത് ഉഴിയുന്നത് മൂലം ആശ്വാസം പകരുന്നു.

പ്രസവ രക്ഷ മുതല്‍ എല്ലാ ലേഹ്യങ്ങളിലും ധാന്യങ്ങളായ  നവര, ഗോതമ്പ്, തിന , ചോളം  എന്നിവ ചേര്‍ക്കുന്നുണ്ട്

നാട്ടുവൈദ്യത്തില്‍ പ്രായഭേദമെന്യേ ആർക്കും ഞവരക്കഞ്ഞി ഉത്തമാഹാരമാണ്. ക്ഷീണം, ബലക്ഷയം, ഉദരരോഗം, പനി എന്നിവയ്ക്ക് പ്രതിവിധിയുമാണ്. സന്ധിബന്ധങ്ങള്‍ക്ക് ഉറപ്പും പ്രസരിപ്പും പ്രദാനം ചെയ്യും. ആറുമാസം പ്രായമായ കുട്ടികള്‍ക്ക് ഞവരയുടെ ഉമി പൊടിച്ചുവറുത്തതും ഏലക്കാപ്പൊടിയും നേന്ത്ര വാഴക്കയുടെ പൊടിയും ചേര്‍ത്തുണ്ടാക്കുന്ന കുറുക്ക് വിശിഷ്ടമായ ഭക്ഷണമാണ് .

ഞവരയുടെ കഞ്ഞിവെള്ളം ധാരകോരുന്നത് മുടികൊഴിച്ചാല്‍ ശമിപ്പിക്കും. ഞവര ചക്കരയും നെയ്യും ചേര്‍ത്ത് പായസമാക്കി കഴിച്ചാല്‍ മുലപ്പാല്‍ വര്‍ധിക്കും.

ഞവര അരിയുടെ മലര്, വെള്ളത്തിലോ മോരിലോ ചേര്‍ത്ത് കഴിക്കുന്നത് വയറിളക്കത്തിന് ഫലപ്രദമാണ്.

ഞവരയരിച്ചോറും കറിവേപ്പിലയും പുളിച്ചമോരും ചേര്‍ത്ത് കഴിക്കുന്നത് മൂലക്കുരുവിന് ശമനം നല്‍കും.

ബീജവര്‍ധനക്കും ഞവരച്ചോറ്. ഉത്തമമെന്ന് കരുതപ്പെടുന്നു.

കാലിന് ബലക്ഷയമുള്ള കുട്ടികള്‍ക്ക്, ഞവരച്ചോറ് അരയ്ക്ക് കീഴ്പോട്ട് തേച്ചു പിടിപ്പിക്കുന്നത് ഫലം ചെയ്യും.

പാമ്പുകടിയേറ്റവര്‍ക്ക് കൊടുക്കാവുന്ന സുരക്ഷിത ഭക്ഷണമാണ് ഞവരച്ചോറ്.

കറുത്തതും സ്വർണ നിറത്തിലുള്ളതുമായ രണ്ടിനം ഞവര നെല്ല്‌ ഉണ്ട്‌. -

മൂപ്പ് കുറഞ്ഞ ഇള വിത്തുകളിൽപ്പെടുന്ന നവര നെല്ല്  90 ദിവസം കൊണ്ട് വിളഞ്ഞു കൊയ്യാൻ പാകമാകും.അതിനാൽ പണ്ട് പാട ശേഖരങ്ങളിൽ മൂപ്പ് കൂടിയ വിത്തിനങ്ങൾ വിതയ്ക്കുന്നതിനു മുന്പായി കളമായി തയ്യാറാക്കേണ്ട പാടശേഖരത്തിന്റെ ഉയര്ന്ന ഭാഗങ്ങളിൽ ഞവര വിത്താണ് വിതച്ചിരുന്നത്.

ഞവര നെല്ല്, പാലക്കാടന്‍ മട്ട തുടങ്ങിയവക്കെല്ലാം നമുക്ക്  ഭൗമ സൂചിക പദവി ലഭിച്ചവയാണ്.എങ്കിലും നമ്മുടെ ഞവര നെല്ലും മലബാര്‍ കുരുമുളകും തദ്ദേശീയ "ലേബലോടെ " ആഗോള വിപണിയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ നടന്നു വരുന്നു .
എന്നാൽ അതിനിടയ്ക്ക് ഞവര അരിയുടെ പേറ്റന്റ് നേടാനായി പല പ്രബല കുത്തക സംഘങ്ങളും ചില രാജ്യങ്ങളും നടത്തുന്ന ശ്രമങ്ങളെ പറ്റി ധാരാളം മാദ്ധ്യമ/ചർച്ചകൾ ഇതിനകം ജനശ്രദ്ധയാകര്ഷിച്ചിട്ടുള്ള കാര്യം ഓര്‍മ്മയില്ലേ?
നമ്മുടെ പൈതൃക സമ്പത്തുകൾ പലതും അന്യരാജ്യക്കാർ അവരുടേതാക്കി മാറ്റി ആഘോഷിക്കുമ്പോളാണല്ലോ നാം അവയെക്കുറിച്ച് ബോധവാന്മാരാകുക .

Tuesday, November 18, 2014

ഒരുമ



കുളിരലയുയരുമൊരു
കുളമതിലലയുന്നൊരു
കുറുമ്പനുറുമ്പു,മുറുമ്പിനു
രക്ഷകനായൊരു പ്രാവും
പ്രാവ് കൊത്തിയടർത്തി-
യോരിലയതിലഭയം തേടി
പ്രാണൻ നേടിയോരുറുമ്പും
ചേർന്നാലനുകമ്പയുടെ,
ഒരുമയുടെ,നിരുപമാ
മൊരുകഥയായ്,കഥയു-
ള്ളൊരുസത് കഥയായ്..

സത്യം! ശിവം

ധർമാർത്ഥ,കാമ മോക്ഷമിത്യാദി
 

സർവഗുണങ്ങൾക്കുമതീതനായവൻ
 

സത്വ, രജസ്,തമസെന്നുദ്ഘോഷിതം
 

ത്രിവർഗ്ഗഗുണകാര്യകാരകനായവൻ
 

സൃഷ്ടി,സ്ഥിതി,സംഹാരമിത്യാദികൾ
 

ഒട്ടുമേയേശിടാത്ത സ്വയംഭുവാം -
 

നിത്യചൈതന്യപ്രകൃതി -പൌരുഷ സംയോഗ
 

ശക്തിയാം ശിവം ശങ്കരം സ്തുതിയർപ്പിതം

കാവ്യദേവതയോട്

മറഞ്ഞുപോയി സൂര്യനാഴ്ന്നുസാഗരത്തി-
ലെങ്കിലും
നിറഞ്ഞ പുഞ്ചിരിയുമായ് തെളിഞ്ഞതില്ല,
പൌർണ്ണമി
വിരിഞ്ഞതില്ലയംബരത്തിന്നങ്കണത്തിൽ
താരകം
കരിഞ്ഞപൂക്കൾപോൽ കൊഴിഞ്ഞുവെന്നോ
താരകം?
കടുത്ത ശോക ഭാവമാർന്ന , കാർമേഘപാളി-
പോൽ
കെടുത്തിടാം നിന്റെ സഹജപ്രസന്ന ഭാവ-
മെങ്കിലും
ഇടയ്ക്കിടെ പ്രകാശിതം പൊൻ  പൌർണ്ണമി
പ്രകാശമായ്
വിടർത്തിനൽകെനിക്കു നീ നിൻ മന്ദഹാസ
മലരുകൾ
വരദമാം കടാക്ഷമേകിയനുഗ്രഹിക്ക,കാവ്യ
ദേവതേ!
അരുണകിരണബിന്ദുവാം തവ മന്ദഹാസ
മലരുകൾ
കൊരുത്തു ചേർത്തൊരുക്കിയൊരീ മാല നിൻ
കഴുത്തിൽ
ചാർത്തിടാനനുവദിച്ചനുഗ്രഹിക്ക!
ദേവി,നീ....

Monday, November 10, 2014

പള്ളത്തി















പള്ളത്ത്യെക്കാണുമ്പോൾ
വെള്ളത്തിൽച്ചാടുന്ന 
കുള്ളത്തിപ്പെണ്ണിനെ
കണ്ടോരുണ്ടോ ?
എന്ന നാടൻ വായ്ത്താരിപ്പാട്ടിലെ പള്ളത്തിയുടെ ചില വിശേഷങ്ങൾ ഞാൻ ഇന്ന് ഇവിടെ കുറിക്കട്ടെ
കേരളത്തിലെ ജലാശയങ്ങളിൽ കണ്ടു വരുന്നതും  നമ്മുടെ വിശ്വ പ്രസിദ്ധമായ  (Etroplus suratensis )എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന കരിമീനോട് ഏറെക്കുറെ രൂപ സാദൃശ്യവുമുള്ള (പരമാവധി വലുപ്പം 6 സെ.മീ )ഒരു ചെറു മത്സ്യമാണ് പള്ളത്തി (Orange_chromide)  മഞ്ഞ പള്ളത്തി, കറുത്ത പള്ളത്തി എന്നിങ്ങനെ രണ്ടു തരം പള്ളത്തികൾ കേരളത്തിൽ കണ്ടുവരുന്നു.സാധാരണക്കാരുടെ കരിമീൻ എന്ന് ഇവയെ വിശേഷിപ്പിക്കാം വറുത്തു ഉപയോഗിച്ചാൽ  വളരെ രുചികരമാണ് ഈ മീനും

Etroplus maculatus. എന്ന് ശാസ്ത്ര നാമമുള്ള ഈ ഉൾനാടൻശുദ്ധ ജല മത്സ്യം അവയുടെ നിലനിൽപ്പിനെതിരായുള്ള പ്രതികൂല സാഹചര്യങ്ങളോടു  വംശവർദ്ധനവിനുള്ള പ്രത്യേക സിദ്ധിയിലൂടെ അതിജീവിച്ചു അന്യം നിന്നു പോകാതെ അതിജീവിച്ചു മുന്നേറുന്നു.

ആയുർവേദ ചികിത്സയിൽ പഥ്യം പറയുമ്പോൾ പൊതുവേ മത്സ്യം വർജ്യമെന്നു പറയുമ്പോഴും വേണമെങ്കിൽ പള്ളത്തി, കൊഴുവ തുടങ്ങിയവ ഉപയോഗിക്കാമെന്ന് പറയാറുള്ളത് അവയിൽ കൊഴുപ്പിന്റെ അംശം വളരെ കുറവുള്ളത് കൊണ്ടാവാം
ധാരാളം ലഭിക്കുമ്പോൾ ഇവ ഉണക്കമീനായി ദീർഘകാലം കേടുകൂടാതെ സൂക്ഷിക്കാൻ പറ്റിയ മത്സ്യമാണ്.
ജീവനുള്ള പള്ളത്തികളെ കവുങ്ങിൻ പാള കൊണ്ടുണ്ടാക്കിയ കൂടിൽ ഇടുമ്പോൾ അവ കിടന്നു പിടയ്ക്കുമ്പോൾ ഒരുതരം ശബ്ദം ( chaattering noise ) കേൾക്കാം പണ്ടു മുത്തശിമാർ കൊച്ചു കുട്ടികൾ കലപിലയെന്നു സംസാരിക്കുമ്പോൾ പറയാറുള്ളത് "കുത്തോംപാളയിൽ പള്ളത്തിയെ ഇട്ടതു പോലെ ശബ്ദമുണ്ടാക്കാതിരിക്കിനെടാ പിള്ളേരെ" എന്നായിരുന്നു.