Friday, December 5, 2014

ഇനിയും കൊഴിയാത്ത ഇല


 

ഇലയൊന്നു കൂടിയുതിർന്നാൽ
മതി, എന്റെ  ജീവനൊടുങ്ങും
അത് വരെ ഞാനെന്തു ചെയ്യാൻ
ഇത് പോൽ ചില വരികളെഴുതാം

കഠിനമാം സന്നിപാതജ്വര-
ബാധിതനാണല്ലോ ഞാൻ
എൻ നെഞ്ചിന്നുള്ളിൽ നിറയെ
രോഗാണു നിറഞ്ഞേ പോയ്‌

ഓ. ഹെൻട്രി തന്നുടെ കഥ പോൽ
ഇലയൊന്നു കൊഴിഞ്ഞെന്നാകിൽ
ഇനിയൊന്നു കൂടിയുതിർന്നാൽ
മതി,എന്റെ  ജീവനൊടുങ്ങും

മരണത്തിൻ കാഹളമായി
വീശുന്നൊരു ശീതക്കാറ്റിൽ
പൊഴിയുന്നോരിലകൾ താഴെ
ശവതുല്യം  നിറയുന്നല്ലോ?

ഇലയില്ലാ മരങ്ങളാകെ
പ്രേതംപോൽ വിറകൊള്ളുന്നു
ശ്മശാനമൂകതയെങ്ങും
പ്രശാന്തി കളിയാടുന്നൂ

ഇനി നാളെ പുലരി വിടരും
ഇലയില്ലാമരമതു കാണാൻ
ഇമയൊന്നു  തുറന്നീടുവാൻ
കഴിയാതെ ഞാൻ മരവിക്കും

ഇലയൊന്നു കൂടിയുതിർന്നാൽ
ഇനിയൊന്നും കാണില്ല ഞാൻ
ഈ രാവിലൊരിക്കൽക്കൂടി
മധുരമാം സ്വപ്നവുമായ്
മതിമറന്നുറങ്ങീടട്ടെ, ഞാൻ

നേരം പുലർന്നു കഴിഞ്ഞു
ഭൂപാളം പാടീ കിളികൾ
മന്ദമായ് വീശുന്നനിലൻ
മൊട്ടിട്ടൂ പുതുമുകുളങ്ങൾ

ചിരി തൂകി നിൽപൂ പ്രകൃതി
പ്രകൃതിയോടൊപ്പം കഴിയാൻ
പ്രത്യാശാഭരിതം ഹൃദയം
പതിവു പോൽ മന്ത്രിക്കുന്നൂ
"ശിശിരം കൊഴിഞ്ഞുവല്ലോ
വാസന്തം വന്നു വിളിപ്പൂ "
മമ ഹൃദയം മന്ത്രിക്കുന്നു
മെല്ലെ ഞാൻ മിഴികൾ തുറന്നു .
ഇല്ല, കൊഴിഞ്ഞില്ലിന്നും, കൊഴി
യാൻ വിതുമ്പിയൊരിലയും .
ശിശിരം കൊഴിഞ്ഞുവല്ലോ
വാസന്തം വന്നു വിളിപ്പൂ ...

No comments: