Thursday, December 25, 2014

ചങ്ങനാശ്ശേരിമാഹാത്മ്യം



 
തെക്കിൻകൂറുടയോരുടെ  തലസ്ഥാനനഗരിയായ്
അഷ്ടദിക്പാലകർക്കുമിഷ്ടമായി വിലസിയ
"അഞ്ചുവിളക്കിൻ" നാടെന്ന പേരിൽ കീര്ത്തിതമാം
ചങ്ങനാശ്ശേരിയാണെന്റെ പുണ്യമായ ജന്മനാട്   ..

നസ്രാണികളാം പ്രജകൾക്കു പള്ളിദീപം തെളിച്ചീടാൻ
"ചങ്ങഴിനാഴിയുരിയെണ്ണ"യേകാൻ  തിരുവുള്ളമാ-
യൊരുദയവർമ്മ കല്പ്പിച്ചതിന്നോർമ്മയാലേ
ചങ്ങനാശ്ശേരിയെന്ന നാമം പാരിൽ പ്രകീർത്തിതമായ് .....
 "ചങ്ങഴിനാഴിയുരി"യെന്നവാക്കുലോപിച്ചുളവായി, പിന്നെ  
ചങ്ങനാശ്ശേരിയെന്ന പേരിൽ പ്രസിദ്ധമായി .

ആദ്യവാണിഭവസ്തുവായിട്ടിഭത്തിനെ തന്നെ നല്കി "
വേലുത്തമ്പിദളവായാം ദാനശീല മന്ത്രിവര്യൻ 
സ്ഥാപിച്ചോരു ചങ്ങനാശ്ശേരിച്ചന്തയുടെ മാഹാത്മ്യം
കാലമേറെക്കഴിഞ്ഞിട്ടൊട്ടും കുറഞ്ഞിട്ടില്ലെന്നതുമല്ലാ, 
ആനയുള്ള കാലംവരെയാരുമോർമ്മിച്ചീടുമെന്നേ വരൂ

പുഴവാതു ക്ഷേത്രത്തിത്തിലെചിറപ്പുമഹോത്സവം,
പിന്നെ പ്രസിദ്ധമാം ചന്ദനക്കുടഘോഷയാത്രയും
ശാന്തിഗീതമാലപിക്കും ക്രിസ്തുമസ് ഗായകരുമൊത്തു 
നാട്‌ നീളെ  മത സൗഹാർദ്ദത്തിൻ ഗീതികൾ പാടും

മദ്ധ്യ കേരളത്തിൻ സാംസ്കാരിക നിലയമായ്  തിളങ്ങീടും
മത സൗഹാർദ്ദതയ്ക്കു വിളനിലമായ് വിലസും
മഹത്തായ ചങ്ങനാശ്ശേരി നാടിൻ പെരുമകളേറിടുമ്പോൾ
വർണ്ണിക്കാനായിരം നാവുള്ളോരനന്തനുമാവുകില്ല ,
പിന്നെ, അനന്തപുരിവാസിയാമീ പെരുന്നക്കാരനാവുമോ?

No comments: