Saturday, April 18, 2015

ഭ്രമാത്മക ഭ്രമര ചിന്തകൾ



ഈ രാവൊടുങ്ങും വേഗം 
വരുമുഷസുപ്രകാശം പരത്തും
പ്രാണ നാഥൻ,സൂര്യനാശ്ലേഷത്തി-
നായ്,തൻ കരതാരു നീട്ടിടും വേള-
യീക്കമലഹൃദയം താനേ തുറന്നീടു-
മെന്നൊരു മധുരംമാം പ്രതീക്ഷ-
യാർന്നളി പൂവിന്നകത്തു മേവി
മധുര സ്വപ്നം കണ്ടിരുന്നാൻ ....
വിധിയെന്നു ചൊല്ലി കരയുക വണ്ടേ,
വഴിയേപോയൊരു കരി കളിയാൽ
വെറുതേ പിഴുതാൻ കൂമ്പിയോരാ
താമരമൊട്ടു വേഗം തൻ തുമ്പിയാൽ...  

(രാത്രിര്‍ഗമിഷ്യതി ഭവിഷ്യതി സുപ്രഭാതം
ഭാസ്വാനുദേഷ്യതി ഹസിഷ്യതി പങ്കജശ്രീഃ ।
ഇത്ഥം വിചിന്തയതി കോശഗതേ ദ്വിരേഫേ
ഹാ ഹന്ത ഹന്ത നളിിനീം ഗജ ഉജ്ജഹാര)


Friday, April 17, 2015

നൊമ്പരപ്പൂവ്‌




















ഞാനുമൊരു കൊന്നപ്പൂ
ആരാരും കാണാതെ,
വേലിക്കരുകിലായ്, 
വേനലിൽ പുഷ്പിച്ചു
വാടിക്കൊഴിഞ്ഞീടാൻ
ദുര്യോഗമുള്ളവൾ !

കുലമൊന്നാണെങ്കിലും
വിലയില്ലാത്തോളല്ലോ
മലയാളികളാംനിങ്ങൾ
മഞ്ഞണിക്കൊന്നയെ
കണികണ്ടുണരുന്നൂ...

കാണാനൊരു സുന്ദരിയാം 
ഞാൻ  ശീമയാണത്രേ !
കണികാണാൻ കൊള്ളില്ല
അണിയാനും കൊള്ളില്ല

കാണാനൊരു സുന്ദരിയാം 
ഞാൻ  ശീമയാണത്രേ !
ആരാരിന്നറിയുന്നെ-
ന്നാത്മാവിൻ നൊമ്പരം .

Wednesday, April 15, 2015

വിഷുക്കൈനീട്ടം

വിഷമ,രഹിത,ഹരിത,ഭരിത
വിശുദ്ധിയാർന്ന കേരളം
വിഷുക്കണി കണ്ടുണരട്ടെ!
വിളനിലമൊരുക്കുക,
വിത്തുകൾ വിതയ്ക്കുക
വിഷമയശൂന്യഭക്ഷ്യവും
വിനയൊഴിഞ്ഞ വാസവും
വിഷുക്കൈനീട്ടമാവട്ടെ !

Saturday, April 11, 2015

വിഷുക്കണിത്താലം




 
കണിക്കാഴ്ചയല്ലേ ഞാൻ, വിഷുക്കാലമല്ലേ 
കനൽക്കാറ്റ് വീശിക്കരിഞ്ഞുവെന്നാലും
എനിക്കാവതില്ലയ്യോ പൂക്കാതിരിക്കാൻ
എനിക്കാവതില്ലല്ലോ പൂക്കാതിരിക്കാൻ
എൻ നാടിന്നൈശ്വര്യത്തൊങ്ങലുപോലെൻ
മനസിന്റെ നിർവൃതിയാണീ പൂക്കൾ !
വിഷുപ്പക്ഷി വന്നു വിളിക്കുന്ന കാലം
വിടരാതിരിക്കാനെനിക്കാവതില്ല,
പൂക്കാതിരിക്കാനെനിക്കാവതില്ല, ഞാൻ
കണിക്കാഴ്ചയല്ലേ ? ഇതു വിഷുക്കാലമല്ലേ ?
കാർവർണ്ണനുണ്ണി കനിഞ്ഞേകിയതിന്നാൽ 
കർണ്ണികാരം ഞാൻ സ്വർണ്ണ പ്രഭയിൽ
കാർവർണ്ണനൊപ്പം  കണിയായി ഞാനും
കണിത്താലം തന്നിൽ തെളിഞ്ഞിരിപ്പല്ലോ ?

(ആശയം കടപ്പാട് ശ്രീ അയ്യപ്പ പണിക്കർ )