Wednesday, December 2, 2015

ഇഷ്ടാനിഷ്ടങ്ങൾ


കണ്ണാടി തന്നില് പ്രതിച്ഛായ കാണ്‍കെ
കദനമിരമ്പിയെന്നുള്ളിന്റെള്ളിൽ
ആകെ മെലിഞ്ഞു, ഞാനിനിയാവതില്ല
ആലസ്യമില്ലാതെയോടി നടക്കാൻ
അനുദിനം വ്യായാമമേറെ ഞാൻ ചെയ്തു
അല്പവും മേദസ്സെൻ ദേഹത്തിലില്ല
മത്സ്യ മാംസാദികൾ വർജ്ജിച്ചു പാടെ
ലഹരി പദാർത്ഥങ്ങളെല്ലാം ത്യജിച്ചു
പച്ചക്കറിയും ശുദ്ധമാം പാലും
തുമ്പപ്പൂപോലുള്ള വെള്ളരിച്ചോറും
നിത്യം ഭുജിച്ചു കഴിഞ്ഞു ഞാൻ യോഗ്യൻ
നിത്യരോഗിയായ്ത്തീരാതിരിക്കാൻ!
എന്നിട്ടുമിന്നു ഞാൻ വൈദ്യരെ കണ്ടു
ടെസ്റ്റുകൾ പലതും ചെയ്യേണ്ടി വന്നു .
ടെസ്റ്റിൻ ഫലവുമായ് ഡോക്ടറെ കണ്ടു
"ബീപീയല്പം കൂടുതലാണതു
പാല്പിട്ടേഷനു കാരണമാകാം
ഫാസ്റ്റിംഗ് ഷുഗറത് നോർമലല്ലല്ലോ ?
പഞ്ചാരയധികം കഴിക്കായ്ക നിങ്ങൾ,
നല്ല കൊലോസ്ട്രോളും വേണ്ടത്രയില്ല
ചീത്ത കൊലോസ്ട്രോള് കണ്ട്രോള് ചെയ്യാൻ
ഇനിയും മെലിയേണം ഡയറ്റു ചെയ്യേണം
ഇഷ്ടഭോജ്യങ്ങൾ വർജ്ജിക്ക വേണം
പാലും പാലിൻ വക ഭേദമൊന്നും
മേലിൽ നിങ്ങൾ കഴിക്കല്ലേ കേട്ടോ"
ക്ളിഷ്ടമായ് ചൊല്ലിയാ ഭിഷഗ്വരൻ താൻ
കഷ്ടമേ,കഷ്ടമല്ലാതെന്തു ഞാൻ ചൊല്ലാൻ
കഷ്ടപ്പെട്ടിങ്ങനെ ജീവിക്ക തന്നെ
ഇഷ്ടജനങ്ങളോടൊത്തു കഴിയാൻ
ഇഷ്ടങ്ങൾ പലതും അനിഷ്ടമാക്കേണം..

No comments: