Saturday, December 19, 2015

ക്രിസ്തുമസ് രാവുകൾ


                               
                             
"ബേത് ലഹേമേ നീ
യഹൂദിയാ തന്നിലെ
വെറുമൊരു ചെറിയ 
നഗരമെന്നാകിലും
നരകുല പാലകൻ
രാജാധിരാജനാം
യേശു പിറന്നിടും
നിൻ മടിത്തട്ടിലിൽ"
ഈ വചനം,തിരുവചനം
മൂർത്തമായി ഒരു 
ധനുമാസ രാവിൽ
ബേത് ലഹേമിൽ  
ഒരു ഗോശാലയിൽ
ഭൂജാതനായല്ലോ
ദൈവ പുത്രൻ!


ആ ദിവ്യശിശുവിന്
ആരാധനയേകാൻ
ആദ്യമായെത്തിയ
ആട്ടിടയർ ചേർന്ന്
ആമോദ ചിത്തരായ്
ആദ്യത്തെ കരോൾ
ഗാനങ്ങൾ  പാടി ..

ആട്ടിടയർക്കന്നു
വഴി കാട്ടിയായൊരു
ദിവ്യമാം  താരകം
വെളിവായി നിന്നൂ
വാന വീഥിയിൽ!

മാലാഖമാരുടെ
കാഹള ശബ്ദം
ആശംസാ ഗാനമായ്
ഒഴുകിയെത്തീ...
ഒരു കീർത്തനം
ദിവ്യ സങ്കീർത്തനം   
മുഖരിതമായീ
ഗഗന വീഥിയിൽ,

"അത്യുന്നതങ്ങളിൽ
ദൈവത്തിനു
സ്തുതി !
സന്മനസ്സുള്ള
മർത്യനു
ശാന്തി!
ആദ്യത്തെ ക്രിസ്തുമസ്
ആശംസാ ഗീതം
മാലാഖമാരന്നു
പാടീ നമുക്കായ് ...

അവതാരം ചെയ്തൊരു
രക്ഷകനേശുവിൻ
അപദാനങ്ങൾ
നമുക്കു വാഴ്ത്താം...

ക്രിസ്തുമസ് ഗാനങ്ങൾ
അവിരാമം പാടി
ആഘോഷമാക്കിടാം
ഈ പുണ്യ രാവുകൾ
കരുണാമയനാം
യേശുവിൻ ശാന്തി
തഴുകിയെത്തട്ടെയീ 
തരളിത രാത്രിയിൽ !



 





No comments: