Sunday, January 31, 2016

"മാ നിഷാദ"















"അരുതരുത്‌ കാട്ടാളാ"
ആദികവിതൻ മനസ്സിൽ
ദുഃഖമുണർത്തിയോരീ
അസ്വസ്ഥയുടെ ഗീതം
അനുരഞ്ജനത്തിൻ
അമര സംഗീതമായിനി
മുഴങ്ങട്ടെയീ മനോഹര
ഭാരതമാം ഭൂവിൽ!

ഇണചേരും കലികത്തെ
അമ്പെയ്തു കൊല്ലുവാൻ
അരുതരുതു കാട്ടാളർ
തുനിയാതിരിക്കട്ടെ !

മാ നിഷാദ" എന്നിനി
മുനിയുടെ ശാപമീ
മഹിതമാം ഭൂവിൽ
മുഴങ്ങാതിരിക്കട്ടെ !

കൊടിയേന്തി,കൊടിയ
കൊലചെയ്യാൻ മടിയാത്ത
കാട്ടാള ജന്മങ്ങൾ
ഇനിയുമീ നാട്ടിൽ
പിറക്കാതിരിക്കട്ടെ !

കലിയുടെ ദൃഷ്ടികൾ
കരിയിച്ചു കളയാത്ത
കലികകൾ വിടരട്ടീ
കമനീയമാം ഭൂവിൽ!

Monday, January 25, 2016

ദുഃഖസ്മൃതിയാർന്നോരോണം




കരിമുകിലുകൾ മാനത്തു നിന്നകന്നു
കരിമഷി കണ്‍കൾ നിറഞ്ഞു നില്പ്പൂ..
ഒരു നോക്ക് കാണുവാനെന്നു വരും
മറുനാട്ടിൽ പോയൊരെൻ മാരനവൻ
ഓണം വന്നെത്തുന്നതിനും മുൻപേ
ഓടിയെത്തുമെന്നോതിപ്പോയതല്ലേ ?
വാടിയ നെയ്താമ്പൽപ്പൂവ്പോലെ
വാടിയോരെൻ മുഖം കാണുന്നില്ലേ ?
കാടായ കാടൊക്കെ പൂത്തുലഞ്ഞൂ
നാടായ നാടൊക്കെ പൂവിളികൾ!
അത്തം കഴിഞ്ഞിത്ര നാളായിട്ടും
എത്താത്തതെന്തേ, നീ,യെത്തുകില്ലേ
ആദ്യത്തെ മാമുണ്ണാനാശയോടെ
ആദ്യത്തെ കണ്മണിപ്പൈതലൊപ്പം
പാർത്തിരിപ്പൂ, ഞാൻ നിന്നാഗമനം
ആർത്തിയോടെ, നീ വരാത്തതെന്തേ ?

Wednesday, January 6, 2016

ഋതുസംഗമം



കൂ.. കൂ..രവത്താൽ
സ്വാഗതം പാടുന്നു
കോകില ജാലങ്ങൾ
മാകന്ദ ശാഖിയിൽ !
തംബുരു മീട്ടുന്ന
കാറ്റിനോടൊപ്പം
മന്ദഹസിച്ചെത്തി
വാസന്ത റാണി !
സൌരഭ്യമോലുന്ന
പൂക്കൾ വിടർത്തി
സുസ്മേരവദനയായ്
വാസന്തി നില്പൂ..
നൃത്തവിലോലരായ്
ചിത്ര ശലഭങ്ങൾ
ചിത്രാങ്കിതമായ
ചിറകുകൾ വീശി!
ഋതുമതിയായൊരു .
ഭൂമിയാം ദേവി ..
ഋതുസംഗമത്തിന്റെ
ഗീതികൾ പാടി..
മനസ്സാം മാകന്ദ
ശാഖിയിൽ നിറയെ
തരളിത മോഹങ്ങൾ
തളിരണിയുന്നൂ ..