Friday, March 18, 2016

ശംബൂകൻ







സുചരിതരാം പ്രജകൾക്ക് ധർമ്മപരിപാലകൻ
രഘുവംശനൃപശ്രേഷ്ഠൻ രാമൻ,നരോത്തമൻ
രാഗ,ദ്വേഷരഹിത,ദയാശീല,ഭരണാധിപരാജ -
രാജനയയോദ്ധ്യവാഴും നാളിലുണ്ടായിപോൽ
വൃദ്ധനൊരു വിപ്രൻതന്നോമനപ്പൈതലിനെ
മൃത്യു,അകാലത്തിൽ കൊണ്ടുപോയതും ,കഷ്ടം!

"പിതൃകർമ്മം ചെയ്യേണ്ടവനെൻ ശിശുവിന്നപമൃത്യു
സുകൃതം പുലരുമീരാജ്യത്തിലുണ്ടാകാമോ,
ഏവമൊരു സംശയം വൃദ്ധബ്രാഹ്മണനുണർത്തുന്നു
ഹേതുവെന്ത്,ചൊല്ലൂ, ധർമ്മപാലകശിരോമണീ ?
പുത്രനെ പുനർജീവിപ്പിച്ചു നല്കിത്താൻ നീയെന്നുടെ
പുത്രവിയോഗദുഃഖം മാറ്റിടാൻ കനിയേണം"

ബ്രാഹ്മണോക്തികേട്ടു, മനോദുഃഖത്തിലാണ്ട നൃപൻ
ബ്രാഹ്മണശാപം നീക്കാൻ പോം വഴിതേടിയല്ലോ
രാജസദസ്സ്യരൊന്നായ് തന്നെ ചിന്തിച്ചു കൂലങ്കഷം
നാരദമുനിയപ്പോൾ ചൊല്ലിനാൻ കാരണങ്ങൾ

"ശൂദ്രജന്മത്തെ മാറ്റാൻ, താപസകർമ്മിയാകാൻ
ശംബൂകൻ,നീചകുലജാതനാം ശൂദ്രപ്പയൽ
തലകീഴായ് കിടന്നവൻ.തകിടം മറിക്കുന്നൂ 
തല മുറകളായ് പാലിക്കും ധർമ്മമീമാംസകളെ
അവനുടെയഹമ്മതി തീർത്തെങ്കിൽ മാത്രമല്ലോ
അയോദ്ധ്യദേശത്തിനി,ധർമ്മങ്ങൾ പുലർന്നീടൂ .."

മാമുനി ധരിപ്പിച്ച വാർത്തകൾ ശ്രവിച്ചപ്പോൾ
കോപിഷ്ഠനായ്ത്തീർന്ന രാമനോ വിറകൊണ്ടൂ
തത്ക്ഷണം തന്നെ രാജൻ കിങ്കരന്മാരോടൊത്തു
ധിക്കാരി,ശംഭൂകനെത്തേടിത്താൻ പുറപ്പെട്ടു.

കാനനമദ്ധ്യേയൊരു മരത്തിൽ "വവ്വാലിനെ"പ്പോൽ
കാണുമാറായ്തലകീഴായ്മേവിടും ശംഭൂകനെ
താഴെയോ അഗ്നിയാളിപ്പടരും കൊടും ചൂടിൽ
താപസനായവൻ വേദമന്ത്രങ്ങൾ ചൊല്ലീടുന്നു

കാരണമൊന്നും തന്നെ ചൊല്ലാതെ ശ്രീരാമനാ-
കാനനവാസിയെ വേഗം കാലനൂർക്കയച്ചല്ലോ
നിഗ്രഹം ശ്രീരാമനാൽ നിവർത്തിയായതിനാൽ
നിശ്ചയം,നിൻ പാപജന്മം പവിത്രമായിത്തീരാം
ശാപ ഗ്രസ്തയഹല്യ,ശിലയായിരുന്നോളെ
രാമസ്പർശനം ,സ്ത്രീരത്നമായ് മാറ്റിയില്ലേ ?