Saturday, May 28, 2016

സ്വർഗ്ഗ-നരക സങ്കേതങ്ങൾ







ദൈവത്തെ നമ്മളെന്നും ക്രൂരനായല്ലോകാണ്മൂ
ദൈവമൊരു സ്വാർത്ഥനാം രാജാധികാരിയോ ?
ദൈവത്തിന്നാദ്യസൃഷ്ടി മാലാഖമാരാണല്ലോ?
ദൈവത്തിൻസേവകരായവരെ നിയമിച്ചു..
സ്തുതിപാടിയവർ നിത്യം മടുത്തു,വെളിവായി
സ്മൃതിയിൽ ചില,ചിന്ത,സമന്മാരല്ലേ നമ്മൾ?
"സ്തുതിപാഠകരാവാൻ തങ്ങളാലാവില്ലല്ലോ
സ്തുതിക്കാനടിമത്വച്ചങ്ങല ധരിക്കുവാൻ,
സമത്വംകാംക്ഷിക്കുന്ന തങ്ങൾക്കു കഴിയില്ല".
നരകം ചൂണ്ടിക്കാട്ടി ദൈവ,മവരെ പേടിപ്പിച്ചു
സധൈര്യം തന്നെ ദൈവശാസനം നേരിട്ടവർ
ആദ്യവിപ്ലവമുദ്രാവാക്യങ്ങൾ മുഴക്കിയോ?
നേതാവു "ലൂസിഫരിൻ" വാക്കുകേട്ടവരൊക്കെ
നേരെപോയ്‌ ദൈവത്തോടെതിർക്കാൻ മടിച്ചില്ല
"സ്വർഗ്ഗത്തിലടിമയാകുന്നതിൽ ഭേദമല്ലേ ?
നരകത്തിൽ, ദുരിതത്തിൽ,സമന്മാരായീടുക
ദൈവമൊരേകാധിപരാജനായ് മാറിയത്രേ!
കൈവെടിഞ്ഞവരെയാ,നരകദുരിതത്തിൽ !
പാപകർമ്മികളെപ്പാടേ താഴേയ്ക്ക് തള്ളിയല്ലോ
ഭാവനാവിരചിതനരകം ,ഭയാനകം
കെടാത്ത തീയും തീയിൽ ചാകാത്ത പുഴുക്കളും
പുഴുക്കൾക്കൊപ്പം കൊടുംദുഷ്ടരാം മനുഷ്യരും
നരകം ചൂണ്ടിക്കാട്ടി മതങ്ങളെല്ലാം തന്നെ
മനുഷ്യർനമ്മെ,വൻഭീതിയിലാഴ്ത്തീടുന്നു
സാത്താനും "വീഴ്ത്തപ്പെട്ട മാലാഖമാരും" നമ്മേ
വീഴ്ത്തിടാമല്ലോ നിത്യദുരിതനരകത്തിൽ!
നരകമെന്നതൊരു മിഥ്യയാണതുപോലെ
സ്വർഗ്ഗമെന്നതും വെറും മനുജസങ്കൽപ്പമാം!
സ്നേഹമീഭൂമിയിലൊരുക്കും സ്വർഗ്ഗം നൂനം
സ്വാർഥത തുറന്നീടും നരകകവാടങ്ങൾ
പണ്ട് മഹാകവി ചൊല്ലിയതോർക്കൂ,നമ്മൾ
സ്വർഗ്ഗവും നരകവും തീർപ്പതീ ഭൂവിലല്ലോ
നമ്മുടെ കർമ്മത്താലേ തീർക്കുന്നു നമ്മളിന്നും
നന്മതിന്മയാം സ്വർഗ്ഗ- നരക സങ്കേതങ്ങൾ !

No comments: