Monday, June 27, 2016

കരുണ ചെയ്യണേ ക്രിസ്തുനാഥാ

നിരാമയംനിന്റെ മുന്നിൽ നിൽക്കുവാൻ
കൃപാവരം നീ ചൊരിയേണമീശ്വരാ
ദുരിതരഹിതമായ്  ജഗത്തിൽ വാഴുവാൻ
കരുണ ചെയ്യണേ ക്രിസ്തുനാഥാ നീ

Wednesday, June 15, 2016

മിഥുനം














ഇടതടവില്ലാതിടവത്തിൽ
പെയ്തൊരുമഴയുടെ മേളത്തിൽ
ഒഴുകും പുഴയുടെ താളത്തിൽ
തഴുകി വരൂ നീ കുളിർകാറ്റേ

കർക്കിടകത്തിൻ കാര്ക്കശ്യം
എത്തും മുൻപൊരു സാന്ത്വനമായ്
പാത്തും പതുങ്ങിയുമെത്തുന്നു
നേർത്തൊരു വെയിലിൻ തിരനോട്ടം

മിഥുനം വന്നിണചേർന്നപ്പോൾ
വെയിലും മഴയും ഒന്നായി
തനുവും മനവും തളിർചൂടും
മാദകമന്മഥ രാവുകളായ്...

Monday, June 13, 2016

ദിവ്യകാരുണ്യം



അപ്പവും വീഞ്ഞുമൊരു സ്വത്വമായതിൽ
നിത്യവും കുടികൊള്ളും ക്രിസ്തുനാഥാ
നിസ്തുലമാം നിൻ സ്നേഹത്തിൻ നാന്ദിയോ
അത്ഭുതമാകുമീ രൂപാന്തരം
ചിരകാലം മനുജനോടൊത്തു കഴിയുവാൻ
പരിപാവനമായോരീ സക്രാരിയിൽ
തിരുവോസ്തി രൂപനായ് മാറുവാൻ നീ
തിരുവുള്ളമായി നിൻ സ്നേഹവായ്പാൽ
ദിവ്യകാരുണ്യമായ്, നിറസാന്നിധ്യമായ്
നീ വന്നിടൂ നാഥാ എൻ ഹൃദയാന്തരേ
എന്റെ ബലഹീനതയൊക്കെയും മാറ്റി
എനിക്കാത്മധൈര്യം പകർന്നീടില്ലേ ?
അപ്പവും വീഞ്ഞുമൊരു സ്വത്വമായതിൽ
നിത്യവും കുടികൊള്ളും ക്രിസ്തുനാഥാ
നിസ്തുലമാം നിൻ സ്നേഹത്തിൻ നാന്ദിയോ
അത്ഭുതമാകുമീ രൂപാന്തരം .