Saturday, September 9, 2017

അനുരാഗ പൂര്‍ണിമ


തിരുവാതിര നോമ്പും നോറ്റു
ധനുമാസക്കുളിരില്‍ മുങ്ങി,
തനുവാകെ നനഞ്ഞുവരുന്നോ -
രനുരാഗ ചന്ദ്രികപോലെ-
ന്നകതാരില്‍ മിന്നിവിളങ്ങാ-
നനുരാഗപൂര്‍ണിമയായി ,
വരൂ ,നീയെന്‍ പ്രിയകാമിനീ ,
മൃദുഭാഷിണി, മഞ്ജുള ഗാത്രി.

ഒരു നല്ല ഗാനം പാടാന്‍
വരൂ, നീയെന്‍ ചേതന തന്നില്‍,
നിറദീപം പോലെന്‍ ഹൃത്തില്‍
നിറയട്ടേ  നിന്‍റെ പ്രകാശം.
അനുരാഗപൂര്‍ണിമയായി,
അചിരേണ വന്നെന്‍ മനസ്സില്‍,
കമനീയശലഭങ്ങളാം
കവിതകളായ് നര്‍ത്തനമാടൂ...

നോക്കിന്‍ കടാക്ഷമലരായ്,
നീപൂക്കൂ, മമഭാവന തന്നില്‍
നറുമലരിന്‍ നവമുകുളത്താല്‍
നിറയുകയായ് മാനസവാടി.
വാക്കിന്‍ പ്രവാഹമായ്,നീ
ഒഴുകെട്ടെന്‍ തൂലികതന്നില്‍.

നിറമാര്‍ന്നോരെന്‍റെ കിനാക്കള്‍
നിറവേറും ദിനവും കാത്തു
ഇനിയെത്ര നാളുകളെണ്ണി,
കഴിയണമീയൂഷര ഭൂവില്‍.
അനുരാഗപൂര്‍ണിമയായി,
അണയൂ നീ കാവ്യാംഗനയാള്‍
വരൂ ,നീയെന്‍ പ്രിയകാമിനി,
മൃദുഭാഷിണി, മഞ്ജുള ഗാത്രി.